കൽപ്പറ്റ: നഗരസഭയിലെ ഭൂരഹിത തോട്ടം തൊഴിലാളികൾക്കായി ഭവനസമുച്ചയം നിർമിക്കുമെന്നു എൽഡിഎഫ്. ഇടതുമുന്നണി മുനിസിപ്പൽ തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ പ്രകടനപത്രികയിലാണ് ഈ വാഗ്ദാനം. എസ്റ്റേറ്റ് ലയങ്ങൾ വാസയോഗ്യമാക്കുന്നതിനു തോട്ടം മാനേജ്മെന്റുകളിൽ സമ്മർദം ചെലുത്തുമെന്നും പത്രികയിലുണ്ട്.
നഗരത്തെ ആധുനികമാക്കുന്നതിനു 20 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ, ഗൂഡലായ്ക്കുന്നിൽ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, വെള്ളാരംകുന്നിൽ മൾട്ടിപ്ലക്സ് തിയറ്റർ, എല്ലാ ഡിവിഷനിലും കളിസ്ഥലവും ജോഗിംഗ് ട്രാക്കും, നഗരം മുഴുവൻ സൗജന്യ വൈഫൈ, തലയ്ക്കൽ ചന്തു സാംസ്കാരിക നിലയത്തിനു ഭൂമി,
ഐഎഎസ് കോച്ചിംഗ് സെന്ററിനു സ്ഥലസൗകര്യം, സ്ത്രീകൾക്കു മാത്രമായി ലോഡ്ജ്, എല്ലാ ഡിവിഷനിലും വയോജന വിശ്രമകേന്ദ്രം, വെള്ളാരംകുന്ന്-പുഴമുടി റോഡ് നവീകരണം, സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഉത്പന്നച്ചന്ത, കുരങ്ങുശല്യം പരിഹരിക്കുന്നതിനു ഇടപെടൽ,
ഗവ.ആശുപത്രിയിൽ ട്രോമ കെയർ സൗകര്യം, എംഎസ്എംഇ യൂണിറ്റുകൾക്കായി ഇൻഡസ്ട്രിയൽ പാർക്ക്, ഓണ്‍ലൈൻ പരാതി പരിഹാര സെൽ, മുഴുവൻ വിദ്യാർഥികൾക്കും ഹെൽത്ത് കാർഡ്, അങ്കണവാടികളുടെ ആധുനികവത്കരണം, പടപുരം, മണിയങ്കോട് ആദിവാസി മേഖലകളിൽ പ്രത്യേക വികസന പദ്ധതികൾ,
അഞ്ചു വർഷത്തിനകം എല്ലാ വീടുകളിലും ശുദ്ധജലം, മാലിന്യ സംസ്കരണ പ്ലാന്റ് ആധുനികവത്കരണം, ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ വാട്ടർ കണക്ഷൻ, ബഡ്സ് സ്കൂൾ ആധുനികവത്കരണം, ജലസ്രോതസുകൾ മാലിന്യമുക്തമാക്കൽ, ഹരിതകർമസേന ശക്തീകരണം തുടങ്ങിയവയും പത്രികയിലെ വാഗ്ദാനങ്ങളാണ്.
നഗരത്തിന്റെയും മുനിസിപ്പാലിറ്റിയിലെ ഗ്രാമപ്രദേശങ്ങൾക്കു സമാനമായ പ്രദേശങ്ങളുടെയും വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു എൽഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ സി.കെ. നൗഷാദ്, കണ്‍വീനർ വി. ഹാരിസ്, ട്രഷറർ വി. ദിനേശ്, സ്ഥാനാർഥികളായ സി.കെ. ശിവരാമൻ, ഡി. രാജൻ, ടി. മണി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.