എടക്കര: രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡാർഡ് (എൻക്യുഎഎസ്) പരിശോധനയിൽ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം മികച്ച മാർക്ക് നേടി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിർണയങ്ങളിലൂടെയാണ് ആശുപത്രികളെ എൻക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.
എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന മലപ്പുറം ജില്ലയിലെ ഏഴാമത്തെ ആരോഗ്യകേന്ദ്രമാണ് വഴിക്കടവ് . ചോക്കാട് കുടുംബാരോഗ്യകേന്ദ്രം, എഫ്എച്ച്സി. തിരുനാവായ, പിഎച്ച്സി ചാലിയാർ, പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം, അമരന്പലം കുടുംബാരോഗ്യകേന്ദ്രം, കോട്ടക്കൽ കുടുംബാരോഗ്യകേന്ദ്രം എന്നിവ എൻക്യുഎഎസ് ലഭിച്ച മറ്റു സ്ഥാപനങ്ങളാണ്. ആവശ്യത്തിനു ലാബ് ടെക്നിഷൻ, ഫാർമസിസ്റ്റ് ജീവനക്കാരുടെ സേവനവും മരുന്നുകളുടെയും ലാബ് ടെസ്റ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തി ലബോറട്ടറിയുടെയും ഫാർമസിയുടെയും പ്രവർത്തനം കാര്യക്ഷമാക്കി. കണ്സൾട്ടേഷൻ, ഒബ്സർവേഷൻ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും കുത്തിവയ്പ്പിനും മൈനർ സർജറിക്കും കൗണ്സിലിംഗിനുമുള്ള മുറികൾ, മുലയൂട്ടുന്നതിനുള്ള മുറികൾ, വിവിധ തരത്തിലുള്ള ആശുപത്രി മാലിന്യ സംസ്കരണം, ആശുപത്രി ജീവനക്കാർക്ക് വിവിധതരം പരിശീലന പരിപാടികൾ, അണുനശീകരണ സംവിധാനങ്ങൾ, കൗമാരാരോഗ്യ ക്ലീനിക്കുകൾ എന്നിവ തയാറാക്കി.
ഒപി വിഭാഗം, പൊതുജനാരോഗ്യവിഭാഗം എന്നിവയുടെ പ്രവർത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങൾ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിർവഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവർത്തനമാണ് അംഗീകാരം ലഭിക്കാൻ കാരണമായത്. ഗുണനിലവാരം നിലനിർത്തുന്നതിനു മൂന്നുവർഷം കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കും.
സർവീസ് പ്രൊവിഷൻ, പേഷന്റ് റൈറ്റ്, ഇൻപുട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫക്ഷൻ കണ്ട്രോൾ, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം, എന്നീ എട്ടുവിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻക്യുഎഎസ് അംഗീകാരം നൽകുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനയ്ക്കുശേഷം എൻഎച്ച്എസ്ആർസി നിയമിക്കുന്ന ദേശീയതല പരിശോധകർ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്ക് ഭാരത സർക്കാർ എൻക്യുഎഎസ് അംഗീകാരം നൽകുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാനും എൻഎച്ച്എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുകൾ വിനിയോഗിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ. ഷിബുലാൽ, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ.എം അമീൻ ഫൈസൽ, ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. ലാൽ പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആശുപത്രി ജീവനക്കാരുടെയും പിആർഒയുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനമാണ് ഈ ആശുപത്രിക്ക് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാൻ സഹായകമായത്. എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലകളിലും ക്വാളിറ്റി അഷ്വറൻസ് യൂണിറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്.