കൂടരഞ്ഞി: വിമുക്തിമിഷന്റെയും എക്സൈസ് വകുപ്പിന്റേയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പൂവാറന്‍ തോട് ഗവ.എല്‍പി സ്കൂളിന്റെ നേത്യത്വത്തില്‍ ലഹരിയ്ക്കെതിരെ തീവ്രയത്ന ബോധവത്ക്കരണ പരിപാടിയായ "ലഹരി മുക്ത പൂവാറന്‍ തോട്' പദ്ധതിക്ക് തുടക്കമായി. നാടിനെ ലഹരി മുക്തമാക്കാന്‍ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്. കല്ലം പുല്ല് , കാടോത്തിക്കുന്ന് ആദിവാസി കോളനികളുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കോഴിക്കോട് ശാന്തി ഭവനുമായി ചേര്‍ന്ന് സൗജന്യമായി വ്യക്തിഗത ബോധവത്കരണ ക്ലാസുകള്‍ നല്‍കും.ലഹരി വിരുദ്ധ റാലി,തെരുവ് നാടകങ്ങള്‍ , ബൈക്ക് റാലി, കൂട്ടയോട്ടം, ലഘുലേഖകള്‍ വിതരണം, ഹ്രസ്വചിത്ര പ്രദര്‍ശനം, മനു ഷ്യചങ്ങല ഇതിന്റെ ഭാഗമായി പൂവാറന്‍തോടിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കും. പദ്ധതി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകന് മുസ്തഫ പള്ളിയാലി, പിടിഎ.പ്രസിഡന്റ് ടെന്നീസ് ചോക്കാട്ട്, ഫാ.ജോവിയേല് വടക്കേല്‍ , കൃഷി അസിസ്റ്റന്റ് മിഷേല്‍ ജോര്‍ജജ്, എംപിടിഎ പ്രസിഡന്റ് രജിത ദിലീപ്, സ്കൂള്‍ ലീഡര്‍ അനുശ്രീ, രതില വി.വി., നിഷ വാവോലിക്കല്‍, ജിസ്ന അഗസ്ത്യന്, ഷില്‍ ന, ഷറീന, സാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.