മുക്കം: തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര,സാങ്കേതിക, വൈജ്ഞാനിക, വിദ്യാഭ്യാസ, പ്രദർശനത്തിന് ഇന്ന് തുടക്കമാവും. മൂന്നു ദിവസങ്ങളിലായാണ് മേള നടക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ്, എൻഐടി കോഴിക്കോട്, കേരള നിയമസഭ മ്യൂസിയം, സിഡബ്ല്യുആർഡിഎം, സ്പൈസസ് ബോർഡ്, ഗാന്ധി പീസ് ഫൗണ്ടേഷൻ, വനശ്രീ, പ്ലാനറ്റേറിയ ഫയർഫോഴ്സ്, പുരാവസ്തു ശേഖരം, സ്കൂളിന്റെ സ്റ്റാളുകൾ തുടങ്ങി മുപ്പതിൽപ്പരം സ്റ്റാളുകൾ മൂന്നു ദിവസങ്ങളിലും ഉണ്ടാവുമെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രദർശനം നടക്കുന്ന ദിവസങ്ങളിൽ സാംസ്കാരിക സമ്മേളനങ്ങൾ, വിവിധ കലാപരിപാടികൾ , ബോധവത്കരണ ക്ലാസുകൾ , മെഡിക്കൽ ക്യാമ്പുകൾ, കാർഷിക സെമിനാർ, പൂർവ വിദ്യാർഥി അധ്യാപക സംഗമം തുടങ്ങി നിരവധി പരിപാടികൾ നടക്കും. ഇന്ന് രാവിലെ 10ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പതാക ഉയർത്തുന്നതോടെയാണ് പ്രദർശനത്തിന് തുടക്കമാവുക. രണ്ടിന് കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാദർ ഡൊമിനിക് തൂങ്കുഴി അധ്യക്ഷത വഹിക്കും. ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ജോർജ് എം തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്നു സംഘാടകർ അറിയിച്ചു. മേളയിൽ നിന്ന് ലാഭമായി ലഭിക്കുന്ന തുക പൊതു കളിസ്ഥലത്തിനായി ഉപയോഗിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാനാധ്യാപകൻ തോമസ് മുണ്ടപ്ലാക്കൽ, പിടിഎ പ്രസിഡന്റ് സണ്ണി വെള്ളാഞ്ചിറ, പ്രിൻസിപ്പൽ ഇൻ ചാർജ് എൻ ഉമ്മർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .