അപകടങ്ങൾക്കു വഴിയൊരുക്കി അ​ന​ധി​കൃ​ത ഡ്രൈ​വിം​ഗ് പ​ഠ​നം
Monday, October 14, 2019 12:07 AM IST
നാ​ദാ​പു​രം: വാ​ട​കക്കാ​റു​ക​ളി​ലെ അ​ന​ധി​കൃ​ത ഡ്രൈ​വിം​ഗ് പ​ഠ​നം അ​പ​ക​ടങ്ങൾക്കിടയാക്കുന്നു. അവധിദിനങ്ങളിൽ വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ന്ന കാ​റു​ക​ളി​ലാ​ണ് പ്രാ​യ പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍​ഥിക​ളുൾപ്പെടെ നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി ഡ്രൈ​വിം​ഗ് നടത്തുന്നത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ തി​ര​ക്കൊ​ഴി​ഞ്ഞ റോ​ഡു​ക​ളി​ലാ​ണ് കാ​ല്‍ ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും മറ്റു വാഹനങ്ങൾക്കും ഭീ​ഷ​ണി ഉ​യ​ര്‍​ത്തി വാ​ഹ​ന​ങ്ങ​ളോ​ടി​ക്കു​ന്ന​ത്.
ഇ​ത്ത​രം ഡ്രൈ​വിം​ഗ് പ​ഠ​ന​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് അ​ടു​ത്തി​ടെ സം​ഭ​വി​ച്ച​ത്. ഇ​വ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​ല്‍ പ​ല​തും അ​ധി​കൃ​ത​ര്‍ അ​റി​യു​ന്നില്ല. വ​ള​യം മേ​ഖ​ല​യി​ല്‍ കാ​യ​ലോ​ട്ട് താ​ഴെ, അ​ന്ത്യേ​രി, കു​റു​ന്തേ​രി റോ​ഡ്, പാ​റ​ക്ക​ട​വ് പു​ളി​യാ​വ് ക​ല്ലാ​ച്ചി റോ​ഡ്, കാ​ലി​ക്കൊ​ളു​മ്പ് പു​ഞ്ച പ​ച്ച​പ്പാ​ലം റോ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് നാദാപുരം മേ​ഖ​ല​യി​ല്‍ ഡ്രൈ​വിം​ഗ് പ​ഠ​ന​ത്തി​ന് പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച കാ​ലി​ക്കൊ​ളു​മ്പി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഡ്രൈ​വിം​ഗ് പ​ഠ​ന​ത്തി​നി​ടെ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. ര​ണ്ട് യു​വാ​ക്ക​ള്‍​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. പ​തി​നെ​ട്ട് വ​യ​സി​ല്‍ താ​ഴെ​യു​ള്ള എ​ട്ട് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കാ​ര്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത് മ​ല​യോ​ര​ത്ത് ഡ്രൈ​വിം​ഗ് പ​ഠ​ന​ത്തി​നെത്തിയ​ത്. മ​ല​മു​ക​ളി​ല്‍ വ​ച്ച് ചെ​റി​യ അ​പ​ക​ട​ങ്ങ​ളി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട കാ​ര്‍ കാ​ലി​ക്കൊ​ളു​മ്പി​ല്‍ വ​ച്ച് ക​യ്യാ​ല​യി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.