കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ആദ്യ ഫുഡ്ടെക്, ഹോട്ടല്‍ടെക് പ്രദര്‍ശനത്തിന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ തുടക്കമായി. ത്രിദിന പ്രദര്‍ശനത്തില്‍ 52 സ്ഥാപനങ്ങള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നു. പ്രദര്‍ശനം നാളെ വൈകീട്ട് സമാപിക്കും.
കൊച്ചിയില്‍ കഴിഞ്ഞ 12 വര്‍ഷമായി നടക്കുന്ന ഫുഡ്ടെകിന്റേയും ഒന്‍പത് വര്‍ഷമായി നടക്കുന്ന ഹോട്ടല്ടെക്കിന്റേയും ആദ്യത്തെ വടക്കന്‍ കേരള പതിപ്പാണ് കോഴിക്കോട്ട് ആരംഭിച്ചത്. അപ്രതീക്ഷിതമായി കോരിച്ചൊരിഞ്ഞ മഴയത്തും ആദ്യദിനം തന്നെ ഒട്ടേറെ ബിസിനസ് സന്ദര്‍ശകര്‍ മേള കാണാനെത്തി. പ്രദര്‍ശനത്തില്‍ ഭക്ഷ്യസംസ്കരണ മെഷീനറികള്‍ ,പാക്കേജിംഗ് ഉപകരണങ്ങള്‍,ഹോട്ടല്‍-ബേക്കറി ഉപകരണങ്ങള്‍ , ലിനന്‍, ഫര്‍ണിഷിംഗ്സ്, ഹോട്ടല്‍വെയര്‍,അടുക്കള ഉപകണങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, മറ്റു അനുബന്ധ ഉല്‍പ്പന്നങ്ങള്‍ , സേവനങ്ങള്‍, ഭക്ഷ്യച്ചേരുവ നിര്‍മാണം എന്നീ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രദര്‍ശനസമയം.കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് (കെ-ബിപ്), കോഫി ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്, ടൂറിസം വകുപ്പ്, മലബാര്‍ ടൂറിസം സൊസൈറ്റി, ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യാ ട്രേഡേഴ്സ്-കേരളാ ചാപ്റ്റര്‍ (സിഎഐടി) എന്നീ സ്ഥാപനങ്ങളുടെ പിന്തുണയും അംഗീകാരവും പ്രദര്‍ശനത്തിനുണ്ട്.