മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍
Saturday, January 15, 2022 11:20 PM IST
കോ​ഴി​ക്കോ​ട്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍.

തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​പ​ക​ട ഗ്രൂ​പ്പ് ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി അ​ദാ​ല​ത്തും ആ​നു​കൂ​ല്യ വി​ത​ര​ണ​വും വ​ര​ക്ക​ല്‍ ബീ​ച്ചി​നു സ​മീ​പ​മു​ള്ള സ​മു​ദ്ര ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2007 മു​ത​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന പ​രാ​തി​ക​ള്‍ ഓ​രോ​ന്നും പ​രി​ഹ​രി​ച്ചു വ​രി​ക​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ച് 10-15 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത നി​ര​വ​ധി കേ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പ് അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ അ​പേ​ക്ഷ​യും ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ തീ​ര്‍​പ്പാ​ക്കും. സം​സ്ഥാ​ന​ത്തുട​നീ​ള​മു​ള്ള ഇ​ത്ത​രം കേ​സു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ദാ​ല​ത്ത് ന​ട​ത്തി​യി​രു​ന്നു. അ​ദാ​ല​ത്തി​ല്‍ 145 അ​പ​ക​ട മ​ര​ണ ഇ​ന്‍​ഷ്വറ​ന്‍​സ് കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ക​യും 89 എ​ണ്ണം തീ​ര്‍​പ്പാ​ക്കു​ക​യും ചെ​യ്തു.

8.5 കോ​ടി രൂ​പ​യു​ടെ ആ​നു​കൂ​ല്യ വി​ത​ര​ണ​മാ​ണ് അ​ന്ന് ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തു​ട​ര്‍ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 203 അ​പേ​ക്ഷ​ക​ളും ആ​നു​കൂ​ല്യ​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 64 പ​രാ​തി​ക​ളു​മാ​ണ് ഇ​പ്പോ​ള്‍ വ​കു​പ്പി​നു മു​ന്നി​ലു​ള്ള​ത്. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച് ഉ​ട​നെ ന​ട​ത്തു​ന്ന അ​ദാ​ല​ത്തി​ല്‍ എ​ല്ലാ പ​രാ​തി​ക​ളും പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന​ത്തെ ധ​ന​സ​ഹാ​യ വി​ത​ര​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ ആ​ശ്രി​ത​ര്‍​ക്ക് ആ​റു മാ​സ​ത്തി​ന​കം ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലേ​ക്ക് വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​റ്റു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നി​ര്‍​ദ്ദി​ഷ്ട സ​മ​യ​പ​രി​ധി​യി​ല്‍ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തിയിട്ടുണ്ട്.