കൂടരഞ്ഞി: തിരുവമ്പാടി നിയോജക മണ്ഡലം ജെഡിഎസ്, എൽജെഡി ലയന സമ്മേളനം കൂടരഞ്ഞിയിൽ നടന്നു. പ്രമുഖ സോഷ്യലിസ്റ്റ് ആയിരുന്ന പി.കെ. ജോർജിന്റെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ചു കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ സമ്മേളനവും നടത്തി. സമ്മേളനം എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി അനുസ്മരണ പ്രഭാഷണം നടത്തി.
സുനിൽ മുട്ടത്ത്കുന്നേൽ, ജമീല കീലത്ത്, ചാക്കോ വലുമ്മൽ, എ.പി. റുഫാസ് എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേർ പുതുതായി പാർട്ടിയിൽ ചേർന്നു. ലയന സമ്മേളനത്തിൽ സമൂഹ്യ, പാലിയേറ്റീവ് പ്രവർത്തകനായി വരിയാനിയിൽ വിം.എം. മാത്യു എന്ന വരിയാനി ജോസേട്ടനെയും കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്ഡബ്ല്യു ഒന്നാം റാങ്ക് കരസ്ഥമാക്കിയ മിന്നു ബെന്നിയെയും
ആദരിച്ചു.
കൂടരഞ്ഞിയിൽ നടന്ന ചടങ്ങിൽ എൽജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ വി.എം. മാത്യു വരിയാനിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരവും നൽകി. എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി മിന്നു ബെന്നിയ്ക്ക് ഉപഹാരം നൽകി.
ഒൻപത് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ഒരു ഏക്കർ 10 സെന്റ് സ്ഥലമാണ് വി.എം. മാത്യു നൽകിയത്. കൂമ്പാറ ഗാന്ധിഭവനു കെട്ടിടം പണിയുവാൻ 58 സെന്റ്, പ്രളയത്തിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ട് അഞ്ച് കുടുംബങ്ങൾ വീട് വയ്ക്കുവാൻ 20 സെന്റ് സ്ഥലം, ബഡ്സ് സ്കൂൾ നിർമിക്കാൻ പഞ്ചായത്തിന് 25.5 സെന്റ് സ്ഥലം, കൂടരഞ്ഞി അഭയ പാലിയേറ്റീവ് സെന്ററിന് ഓഫീസും പരിശീലന കേന്ദ്രവും നിർമിക്കാൻ മൂന്ന് സെന്റ് സ്ഥലം, കൂമ്പാറ വാട്ടർ ടാങ്ക് നിർമിക്കാൻ ഒരു സെന്റ് എന്നിങ്ങനെയാണ് സ്ഥലം നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഇനീഷേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിൽ 14 വർഷം വിവിധ ചുമതലകൾ വഹിച്ച് സേവനം ചെയ്തു. ഇപ്പോൾ പാലിയേറ്റീവ് കെയർ കേരള എന്ന സംഘടനയുടെ സെക്രട്ടറിമാരിൽ ഒരാളാണ്. വി.വി. ജോണ് അധ്യക്ഷത വഹിച്ചു. പി.എം. തോമസ്, പി.ടി. മാത്യു, വി.വി. ജോൺ, ഏബ്രഹാം മാനുവൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോസ് തോമസ് മാവറ, വിൽസൺ പുല്ലുവേലി,അന്നമ്മ മംഗര, ടാർസൺ ജോസ്, സുനിൽ മുട്ടത്തുകുന്നേൽ, ജമീല കീലത്ത്, അബ്ദുറഹ്മാൻ എന്നിവർ പ്രസംഗിച്ചു.