കോഴിക്കോട്: ഇന്ധന വിലവർധനവിനെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും വാഹന ഉടമാ സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത മോട്ടോർ വാഹന പണിമുടക്ക് ജില്ലയിൽ പൂർണം. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ചെറുതും വലുതുമായ ചരക്ക് കടത്ത് വാഹനങ്ങൾ ഓട്ടോ, ടാക്സി, ടെംപോ തുടങ്ങിയ വാഹനങ്ങൾ ഓടിയില്ല.
ഗതാഗത മേഖലയ്ക്കും ഗാർഹിക ഉപഭോക്താക്കൾക്കും താങ്ങാനാവാത്ത വിധം നിത്യേന പെട്രോൾ ഡീസൽ വിലയും പാചക വാതക വിലയും വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് പണിമുടക്കിലൂടെ പ്രകടിപ്പിച്ചത്. പണിമുടക്കിയ തൊഴിലാളികളും ഉടമകളും മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിന് മുമ്പിൽ മാർച്ചും ധർണയും നടത്തി.
സിഐടിയു ജില്ലാ സെക്രടറി സി.പി. സുലൈമാൻ സമരം ഉദ്ഘാടനം ചെയ്തു. വ്യവസായ സംരക്ഷണ സമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ. ഷാജി (ഐഎൻടിയുസി), പി.കെ. നാസർ (എഐടിയുസി), ശുഭലാൽ പാടക്കൽ (എച്ച്എംഎസ്), ഫിറോസ് (ജനതാ ലേബർ യൂണിയൻ ), എം. ബിജുലാൽ (സിഐടിയു), സി.പി. അബ്ദുറഹിമാൻ (എൻസിപി) എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്തു.
പേരാമ്പ്ര: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് പേരാമ്പ്രയില്‍ പൂര്‍ണം. വാഹനപണിമുടക്കിന് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് ഉണ്ടായത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തത് ജനങ്ങളെ വലച്ചു. ചുരുക്കം ചില ഹോട്ടലുകള്‍ തുറന്നെങ്കിലും തിരക്ക് കാരണം ഭക്ഷണ സാധനങ്ങള്‍ പെട്ടെന്ന് തീര്‍ന്നതോടെ രാവിലെ 10 ന് അടക്കേണ്ടി വന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങൾ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നടത്തുന്ന വാഹന പണിമുടക്കില്‍ ഒട്ടു മിക്ക പെട്രോള്‍ പമ്പുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുത്തു.
താമരശേരി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരേ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന വാഹന പണിമുടക്കിൽ താമരശേരിയില്‍ ഹര്‍ത്താലിന്റെ പ്രതീതി. കട കമ്പോളങ്ങള്‍ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങൾ, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി ബസ് തുടങ്ങിയവ നിരത്തിലിറങ്ങിയില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
പാല്, പത്രം, ആംബുലന്‍സ്, പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് പണിമുടക്ക് നടത്തിയത്.