കോഴിക്കോട്: ഉരുനിര്‍മാണത്തിന്റെ കരവിരുതിൽ ലോക പ്രശസ്തമായ ബേപ്പൂർ എന്നും ഇടതിനൊപ്പമായിരുന്നു. 1965-ല്‍ നിയോജകമണ്ഡലം രൂപീകരിച്ചശേഷം രണ്ട്തവണ കൈവിട്ടതൊഴിച്ചാല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത് വിജയം കൊയ്ത പാരമ്പര്യമാണ് ബേപ്പൂര്‍ നിയോജകമണ്ഡലത്തിനുള്ളത്. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര, ഫറൂഖ് എന്നീ മുനിസിപ്പാലിറ്റികൾ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെട്ടതാണ് ബേപ്പൂർ നിയമസഭാമണ്ഡലം.
1977ലും 1980ലും എൻ.പി. മൊയ്തീൻ കോൺഗ്രസിന് വേണ്ടി ജയിച്ചിട്ടുള്ളതൊഴിച്ചാൽ ഒരിക്കൽപോലും കോൺഗ്രസ് ഇവിടെ വിജയിച്ചിട്ടില്ല. നേരത്തെ ബേപ്പൂരിനൊപ്പാമായിരുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്ത് പുനര്‍നിര്‍ണയത്തില്‍ കുന്നമംഗലം നിയോജകമണ്ഡലത്തിലായി. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ അഞ്ച് വര്‍ഷം സര്‍ക്കാര്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാനമായും എല്‍ഡിഎഫ് ജനങ്ങളിലെത്തിക്കുക.
യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട സ്റ്റീല്‍കോംപ്ലക്സ് ഇന്ത്യയിലെ വന്‍കിട സ്ഥാപനമാക്കിയത്, ബേപ്പൂര്‍ ഹാര്‍ബര്‍-പോര്‍ട്ട് എന്നിവയുടെ വികസനം, നല്ലളത്തെ ബാംബൂ തറയോട് ഫാക്ടറി, രാമനാട്ടുകരയില്‍ നോളജ്പാര്‍ക്ക്, ബേപ്പൂര്‍ മറൈന്‍പാര്‍ക്ക്, മാറാട് സ്പര്‍ശം പദ്ധതി, ഉരു പൈതൃകപഠനകേന്ദ്രം, ബേപ്പൂരില്‍ ഗവ. ഐടിഐ തുറന്നത്, ചാലിയത്തെ കപ്പല്‍ രൂപകല്‍പ്പന ഗവേഷണകേന്ദ്രം തുടങ്ങി വികസനങ്ങളുടെ നീണ്ട പട്ടികതന്നെ മുന്നണിക്ക് നിരത്താനുണ്ട്.
മണ്ഡലത്തില്‍ 1,91,152 വോട്ടർമാരാണുള്ളത്. (പുതിയകണക്കിൽ വ്യത്യാസം ഉണ്ടാകും). നിലവിൽ എൽഡിഎഫിന്റെ വി.കെ.സി. മമ്മദ് കോയയാണ് മണ്ഡലത്തിന്റെ പ്രതിനിധി. പ്രശസ്ത നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള ബിജെപി സ്ഥാനാര്‍ഥിയായി ഇവിടെ മത്സരിച്ച ചരിത്രവുമുണ്ട്. രാഷ്ട്രീയ കേരളത്തിൽ കോൺഗ്രസ്, ലീഗ്, ബിജെപി (കോലീബി) പരീക്ഷണ ഭൂമിയെന്നും അറിയപ്പെട്ട മണ്ഡലമാണ് ബേപ്പൂർ. 1991ലായിരുന്നു കോലീബി സംഖ്യം.
അന്ന് എൽഡിഎഫിലെ ടി.കെ. ഹംസക്കെതിരെ കോൺഗ്രസിന്റെയും ലീഗിന്റെയും ബിജെപിയുടെയും പിന്തുണയോടെ രംഗത്തുവന്ന കെ. മാധവൻകുട്ടി 6270 വോട്ടിന് പരാജയപ്പെടുകയായിരുന്നു. ജയിപ്പിച്ചവരെ വീണ്ടും വീണ്ടും ജയിപ്പിക്കുന്ന പാരമ്പര്യവും ബേപ്പൂരിനുണ്ട്. കെ. ചാത്തുണ്ണി, എൻ.പി. മൊയ്തീൻ, എളമരം കരീം, വി.കെ.സി. മമ്മദ് കോയ എന്നിവർ രണ്ടുവീതം തവണയും ടി.കെ. ഹംസ മൂന്നുതവണയുമാണ് ഇവിടെ നിന്ന് ജയിച്ചുകയറിയത്. 2001 തെരഞ്ഞെടുപ്പിൽ കോഴിക്കോട് മേയർ ആയിരുന്ന വി.കെ.സി. മമ്മദ്കോയയെ ഇറക്കിയാണ് എൽഡിഎഫ് അന്ന് ബേപ്പൂർ സീറ്റ് പിടിച്ചെടുത്തത്. 14,363 വോട്ടിന്റെ ഭൂരിപക്ഷമാണ് വികെസിക്ക് ലഭിച്ചത്. ജില്ലയിൽ ബിജെപി കൂടുതൽ ശ്രദ്ധിക്കുന്ന മണ്ഡലം കൂടിയാണിത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലം പരിധിയിലെ ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട് എന്നീ കോർപ്പറേഷൻ വാർഡുകൾ ബിജെപി പിടിച്ചെടുത്തിരുന്നുവെങ്കിലും കഴിഞ്ഞതവണ ഇവയെല്ലാം എൽഡിഎഫ് നേടി. രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിൽ ഇക്കുറി ലഭിച്ച വിജയമാണ് യുഡിഎഫിന്റെ കൈമുതൽ. ആഞ്ഞ് പിടിച്ചാൽ മണ്ഡലത്തിൽ വിജയം ഉറപ്പിക്കാമെന്നുള്ള കണക്ക് കൂട്ടലിലാണ് യുഡിഎഫ്. 2021 തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു തന്നെയായിരുന്നു മണ്ഡലത്തിൽ മേൽകൈ.
കടലുണ്ടി ഗ്രാമ പഞ്ചായത്തിലും കോർപ്പറേഷന്റെ അരീക്കാട് നോർത്ത്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂർ ഈസ്റ്റ്, ചെറുവണ്ണൂർ വെസ്റ്റ്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ ഡിവിഷനുകളിൽ എൽഡിഎഫിന്റെ തേരോട്ടമായപ്പോൾ. രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലും കോർപ്പറേഷന്റെ അരീക്കാട് ഡിവിഷനിലുമായി യുഡിഎഫിന്റെ വിജയം ഒതുങ്ങുകയായിരുന്നു.
എൽഡിഎഫിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, സിറ്റിംഗ് എംഎൽഎ വി.കെ.സി. മമ്മദ് കോയ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. യുഡിഎഫ് ചർച്ചകളിൽ കഴിഞ്ഞ തവണ മത്സരിച്ച എം.പി. ആദംമുൽസിയുടെ പേരാണുള്ളത്.