തിരുവമ്പാടി: കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുങ്ങുന്നു. 2018-19 വർഷത്തെ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ജോര്‍ജ് എം. തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് പ്രവൃത്തിക്ക് ആവശ്യമായ തുക അനുവദിച്ചത്.
നിലവിലുള്ള പ്രധാന കെട്ടിടം നിലനിർത്തി മറ്റു സൗകര്യങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി മൂന്നു നിലയുള്ള ഒറ്റകെട്ടിടം, നിരീക്ഷണ മുറി, നഴ്സിംഗ് സ്റ്റേഷൻ, സ്റ്റാഫ് റൂം, കാർപോർച്ച്, കാഷ്വാലിറ്റി, ഫാർമസി, ലാബ്, കോൺഫറൻസ് റൂം, ഓഡിറ്റോറിയം, എച്ച്ഐ, ജെപിഎച്ച്എൻ എന്നിവർക്ക് പ്രത്യേക മുറികൾ, ഓഫീസ് റൂം, മൂന്ന് പരിശോധന മുറികൾ, പെയിൻ ആൻഡ് പാലിയേറ്റീവ് സംവിധാനം, കൗൺസിലിംഗ് സെന്റർ, ജെറിയാട്രിക് ഗാർഡൻ, കാന്റീൻ, വയോജനങ്ങൾക്കുള്ള വിശ്രമകേന്ദ്രം, എല്ലാ നിലയിലും ടോയ് ലറ്റ് എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ട പ്രവർത്തനത്തിനാണ് ഇപ്പോൾ തുക അനുവദിച്ചത്.
ആശുപത്രിക്ക് നിലവിലുള്ള ഒരേക്കർ സ്ഥലം പ്രകൃതി സൗഹൃദ രീതിയിൽ ക്രമീകരിച്ചാണ് കെട്ടിടം നിർമ്മിക്കുക. സാങ്കേതികാനുമതിക്കു ശേഷം ടെൻഡർ ചെയ്തു പ്രവൃത്തി നടപ്പിലാക്കും.