കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് നല്കി ജില്ലയില്‍ കോവിഡ് വാക്സിനേഷന് തുടക്കമായി. ഇന്ററാക്ടീവ് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിനേഷന് യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിനുശേഷം ഗവ. ജനറല്‍ ആശുപത്രിയില്‍ കോര്പ്പറേഷന് മേയര്‍ ഡോ. ബീന ഫിലിപ്പ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവന് എംപി, എ. പ്രദീപ് കുമാര്‍ എംഎല്‍എ എന്നിവര്‍ സൂം കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ, ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മൃദുലാല്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മോഹന്‍ദാസ്, ഡോ.ജി. രഞ്ജിത്ത്, സൂപ്രണ്ട് വി. ഉമ്മര്‍ ഫാറൂഖ്, ഡോ.കെ.എം. സച്ചിന്‍ബാബു, ആര്‍എംഓ ഡോ.സി.ബി. ശ്രീജിത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജനറല്‍ ആശുപത്രി ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിപിന്‍ വര്‍ക്കി ആദ്യ ഡോസ് സ്വീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഐഎംസിഎച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ എന്നിവരും സന്നിഹിതരാിയിരുന്നു.
ജില്ലയില്‍ 11 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് സംഘടിപ്പിക്കുന്നത്. ബീച്ച് ആശുപത്രി കൂടാതെ മെഡിക്കല്‍ കോളജ്, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര താലൂക്ക് ആശുപത്രികൾ, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, ഫറോക്ക് ഇഎസ്ഐ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ആസ്റ്റര്‍ മിംസ് എന്നിവടങ്ങളിലാണ് കോവിഡ് വാക്സിനേഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
മറ്റ് സെന്ററുകളില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ വാക്സിനേഷന് ആരംഭിച്ചു. ഒരു കേന്ദ്രത്തില്‍ 100 പേര് വീതം 11 കേന്ദ്രങ്ങളിലായി 1100 പേര്‍ക്കാണ് ഒരു ദിവസം വാക്സിന് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് വാക്സിനേഷനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വാക്സിനേറ്റർ, നാല് വാക്സിനേഷന് ഓഫീസര്‍മാര്‍ എന്നിവരാണ് ഓരോ വാക്സിനേഷന് കേന്ദ്രത്തിലുമുള്ളത്.
വാക്സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുളള ആംബുലന്‍സ് അടക്കമുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവ് ആയവര്‍ക്കും വാക്സിന് നല്‍കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടന്ന് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കല്‍ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരടങ്ങിയ സമിതി വിലയിരുത്തി. വാക്സിനേഷന്റെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.