മലപ്പുറം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ തൊഴിലാളി സംഘടനകൾ നടത്തിയ 24 മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണം. ജില്ലയിൽ ചിലയിടങ്ങളിൽ കടകൾ തുറന്നൊഴിച്ചാൽ പണിമുടക്ക് പൂർണമായിരുന്നു. പൊതുവാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യവാഹനങ്ങളിൽ ചിലതെല്ലാം ഓടി. ദേശീയ പണിമുടക്ക് നാടിന്റെ പൊതുവികാരവും താക്കീതുമായി മാറിയതായി എസ്ടിയു ദേശീയ പ്രസിഡന്റ് .എം.റഹ്മത്തുള്ള പ്രസ്താവിച്ചു. പൊതുമേഖലയുടെ വിൽപന നിർത്തുക,
തൊഴിലാളി കർഷകദ്രോഹ നിയമങ്ങളും കോഡുകളും പിൻവലിക്കുക, കോവിഡാനാന്തരം തൊഴിൽ നഷ്ടപ്പെടുകയും പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന ഓരോ കുടുംബത്തിനും പ്രതിമാസം 7500 രൂപ സാന്പത്തിക സഹായം നൽകുക, തൊഴിൽ സമയം 12 മണിക്കൂറാക്കി വർധിപ്പിച്ച നടപടി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി വ്യാപിക്കുകയും കൂലി വർധിപ്പിക്കുകയും ചെയ്യുക, ആവശ്യക്കാർക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുക തുടങ്ങിയ ഏഴു ആവശ്യങ്ങളാണ് പണിമുടക്കിൽ ഉന്നയിച്ചത്. ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളിലും പണിമുടക്ക് വൻ വിജയമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. കൃഷിക്കാർ ഈ സമരത്തിനു ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു രംഗത്തു വന്നതും ശ്രദ്ധേയമായ മുന്നേറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറത്ത് പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും ദൂരദർശൻ കേന്ദ്രത്തിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രധാനപ്പെട്ട മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പിന്തുണ ഈ പണിമുടക്കിനു നേടാനായത് മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഏകാധിപത്യ നടപടികൾക്കെതിരായും ജനദ്രോഹ നയങ്ങൾക്കെതിരായും നടക്കുന്ന തൊഴിലാളി കർഷക മുന്നേറ്റങ്ങൾക്കു കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. പി.വിജയരാഘവൻ (എഐടിയുസി) അധ്യക്ഷത വഹിച്ചു. സി.എച്ച് ജമീല, സി.എച്ച് യൂസുഫ്, ഒ.പി.ഹുസൈൻ, ഈസ്റ്റേണ്‍ സലീം, ജബ്ബാർ (എസ്ടിയു), വി.പി.അനിൽ, ജിതേന്ദ്രൻ (സിഐടിയു), പി.കെ.ബഷീർ (ഐഎൻടിയുസി) തുടങ്ങിയവർ സംസാരിച്ചു.
നിലന്പൂർ: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പണിമുടക്കനുകൂലികൾ നിലന്പൂർ ടൗണിൽ പ്രകടനം നടത്തി. പ്രകടനം ടൗണ്‍ ചുറ്റി ആശുപത്രി റോഡ് ജംങ്ഷനിൽ സമാപിച്ചു. പുതിയ കർഷക ബിൽ പിൻവലിക്കുക, തൊഴിൽ നിയമങ്ങൾ മാറ്റി ഉണ്ടാക്കുന്ന തൊഴിലാളി ദ്രോഹ നിയമം ഉപേക്ഷിക്കുക, പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം 7500 രൂപ നൽകുക, എല്ലാ കുടുംബങ്ങൾക്കും ആറു മാസം സൗജന്യ ഭക്ഷ്യ ധാന്യം നൽകുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന നിർത്തുക, കോർപ്പറേറ്റ് വത്കരണം അവസാനിപ്പിക്കുക
തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രകടനം നടത്തിയത്. തുടർന്ന് നടന്ന യോഗത്തിൽ ഡി.വെങ്കിടേശ്വരൻ, റസിയ, ചോലയിൽ റഹീം, രാജഗോപാലൻ നിലന്പൂർ, ഉമേഷ്, വ്യാസൻ, വി.എം.കേശവദാസ്, ഷൗക്കത്ത്, ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ടൗണിൽ വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല. തൊഴിലാളികൾ പണിമുടക്കിലായിരുന്നതിനാൽ ബസ്, ടാക്സികൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയും ഓടിയില്ല.