എടക്കര: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. പുഴകളും തോടുകളും നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിൽ. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു ആളുകളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിത്തുടങ്ങി.
ചാലിയാർ, പുന്നപ്പുഴ, ഇഴുവാത്തോട്, കരിന്പുഴ എന്നിവ നിറഞ്ഞൊഴുകുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മഴ കൂടുതൽ ശക്തമായത്. പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുമുണ്ട്. എടക്കര, വഴിക്കടവ് പ്രദേശങ്ങളിൽ മഴയെത്തുടർന്ന് വൻ നാശനഷ്ടമുണ്ടായി. മൂന്നു വീടുകൾ ഭാഗികമായി തകർന്നു. പുന്നപ്പുഴ, കാരക്കോടൻപുഴ എന്നിവിടങ്ങളിലുണ്ടായ മലവെളളപ്പാച്ചിലിൽ നിരവധി വീടുകളിലും മുപ്പിനി പാലത്തിലും എടക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലും വെളളം കയറി. കാരക്കോട്, മുക്കം, ഇല്ലിക്കാട് കോളനിയിലുളള 34 കുടുംബങ്ങളെ എടക്കര
ഗവണ്മെന്റ് ഹൈസ്കൂളിലെ താത്കാലിക ക്യാന്പിലേക്ക് മാറ്റി. പാലത്തിനു മുകളിൽ വെളളം കയറിയതോടെ മുപ്പിനി, വരക്കോട് ഭാഗങ്ങളിലേക്കുളള ഗതാഗതം തടസപ്പെട്ടു.
ഇരുപതോളം വൈദ്യുത തൂണുകളും തകർന്നു. കൗക്കാട് പരി സബ്ന, കുന്നത്ത്പറന്പിൽ മൊയ്തീൻകുട്ടി, കാക്കപ്പരത കൃഷ്ണൻ മുതലായവരുടെ വീടുകളാണ് തകർന്നത്. കാറ്റാടി, പാലത്തിങ്കൽ എന്നിവിടങ്ങളിലെ കൈനിക്കോടൻ അബ്ദുൾ സലാം, പൊന്നേത്ത് അബുബക്കർ, കോയിശേരി ഹംസ, നെടുങ്കണ്ടത്തിൽ ബാബു, ബെന്നി, മർസൂക്കിന്റെ ക്വാർട്ടേഴ്സ്, ചാലിയത്തൊടി കോയ, സലിം കാരാടൻ, കുഞ്ഞാപ്പുട്ടി, സജ്ന, മിനി, പൊട്ടൻപിലാക്കൽ ജമീല, അബു കൊളക്കാടൻ മുതലായ 50 ഓളം ആളുകളുടെ വീടുകളിലാണ് ബുധനാഴ്ച രാത്രി വെളളം കയറിയത്.
ഇവരെല്ലാം ബന്ധു വീടുകളിലേക്കു താമസം മാറി. വീടുകളിലെ സാധന സാമഗ്രികൾ ഉയർന്ന പ്രദേശങ്ങളിലേക്കോ വീടിന്റെ രണ്ടാം നിലയിലേക്കോ മാറ്റിയ ശേഷമാണ് വിട് ഒഴിഞ്ഞത്. പോത്തുകല്ലിൽ മുണ്ടേരിയിലെ ഇരുട്ടുകുത്തി തൂക്കുപാലം ബുധനാഴ്ച ഒലിച്ചു പോയിരുന്നു. ഇതോടെ ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുന്പളപ്പാറ എന്നീ ആദിവസി കോളനികൾ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. പുഴയോരങ്ങളിലും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറാനുള്ള റവന്യൂ വകുപ്പിന്റെ നിർദേശം പലരും ഉൾക്കൊണ്ടിട്ടില്ല. ചാലിയാർ പുഴയുടെ മുക്കം, കുനിപ്പാല ഭാഗങ്ങളിൽ ഉള്ളവരാണ് നിർദേശം പാലിക്കാൻ തയാറാകാത്തത്. വെളുന്പിയംപാടത്ത് ദുരിതാശ്വാസ ക്യാന്പ് തുറന്നെങ്കിലും ആരുംതന്നെ ക്യാന്പിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളും ക്യാന്പുകളും പി.വി അൻവർ എംഎൽഎ, തൃപ്പൂണിത്തുറ എംഎൽഎ എം. സ്വരാജ്, പി.വി അബ്ദുൾ വഹാബ് എംപി എന്നിവർ സന്ദർശനം നടത്തി വേണ്ട നിരദേശങ്ങൾ നൽകിയിട്ടുണ്ട്. കേരള-തമിഴ്നാട് അതിർത്തി വനങ്ങളിലുള്ള അതിശക്തമായ മഴപെയ്ത്തും മേഖലയിലെ പുഴകളിൽ ജലവിതാനം ഉയർത്താൻ കാരണമാക്കിയിട്ടുണ്ട്. റവന്യൂ വിഭാഗം, പോലീസ് സോനംഗങ്ങൾ, ട്രോമ കെയർ വോളണ്ടിയർമാർ, പഞ്ചായത്ത് അംഗങ്ങൾ മുതലായവർ രംഗത്തുണ്ട്.