എടക്കര: വിദ്യാർഥികളുടെയും തൊഴിലാളികളുടെയും സ്നേഹ തണലിൽ ഒരുക്കിയ പുതിയ വീട്ടിൽ അനന്യക്കും അനന്തുവിനും ഇനി അന്തി ഉറങ്ങാം. കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ നെടിയകാലായിൽ വിനോയിയുടെ ഭാര്യ വിനിത, മക്കളായ അനന്യ, അനന്തു വിനോയിയുടെ മാതാവ് ഉഷ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് കേരള ആർട്ടിസാൻസ് യൂണിയനും, സംസ്ഥാന പാരലൽ കോളജ് അസോസിയേഷനും ചേർന്ന് ഉപ്പട പൊട്ടൻതരിപ്പയിൽ സ്നേഹവീട് നിർമ്മിച്ച് നൽകിയത്. നിർമാണ സാമഗ്രികൾക്ക് ആവശ്യമായ പണം പാരലൽ കോളേജ് അസോസിയേഷൻ നൽകി. നിർമ്മാണ പ്രവൃത്തികൾ ആർട്ടിസാനസ് യൂണിയന്റെ തൊഴിൽ സേനയും ഏറ്റെടുത്ത് നടത്തി.
നിർമ്മാണത്തിൽ വിദ്യാർഥികളും പങ്കാളികളായി. സ്പീക്കർ ശ്രിരാമകൃഷ്ണൻ വീഡിയോ കോഫറൻസിങ് വഴി കുടുംബാംഗങ്ങൾക്ക് വീട് കൈമാറി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എം.കെ. ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. പി.വി. അൻവർ എംഎൽഎ വീടിന്റെ താക്കോൽ ദാനം നടത്തി. പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. പ്രഭാകരൻ രേഖകളും കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ഫർണിച്ചറുകളും കൈമാറി. പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോണ്, പഞ്ചായത്ത് അംഗം റോയി പട്ടംതാനം, കെ.ആർ.അശോക് കുമാർ, അഡ്വ. ടോം കെ.തോമസ്, ടി. രവിന്ദ്രൻ, എം.മുഹമ്മദ്, വി.ടി. മൊയ്തീൻകുട്ടി, പി.മെഹ്സൂം, ഇ.പി.ഉമ്മർ, എം.മോഹൻദാസ്, തന്പി രാജ് എന്നിവർ പ്രസംഗിച്ചു. എസ്.ജയപ്രകാശ്, കെ.വൈ.റെജി, വി.ടി.ബാലകൃഷ്ണൻ, പി.ഷെഹീർ, യു.കുഞ്ഞിമോൻ എന്നിവരാണ് നിർമാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്.