എടക്കര: വഴിക്കടവിൽ കാട്ടാന ശല്യം രൂക്ഷമായി, കർഷകർ കടുത്ത ദുരിതത്തിൽ. പഞ്ചായത്തിലെ തെക്കേപാലാട്, മുന്നൂറ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനക്കൂട്ടം വ്യാപകമായി കാർഷികവിളകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചാൾസ് പുതുപ്പള്ളിൽ, അബ്ദുള്ള വളവത്ത് പറന്പൻ, ബിജു വെട്ടുകാട്ടിൽ, ജോർജ് തെക്കേക്കൂറ്റ്, മുജീബ് കുരിക്കൾ, അഷ്റഫ് കെട്ടുങ്ങൽ, അബ്ദുൾ അസീസ് വേങ്ങര, അഷ്റഫ് പാറാഞ്ചേരി, ജാഫർ കോന്നാടൻ, പൗളിൻ തെക്കേക്കൂറ്റ്, ജോർജ് കളപ്പറന്പത്ത്, അലക്സ് വെട്ടുകാട്ടിൽ തുടങ്ങിയ നിരവധി കർഷകരുടെ തെങ്ങ്, കമുക് വാഴ തുടങ്ങിയ കാർഷിക വിളകളും, പ്ലാവടക്കമുള്ള ഫലവൃക്ഷങ്ങളുമാണ് അനകൾ നശിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി മൂന്ന് ആനകളടങ്ങിയ കൂട്ടം പ്രദേശത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ വനതിർത്തിയിൽ നിർമിച്ചിട്ടുളള കിടങ്ങും പ്രവർത്തന രഹിതമായ സൗരോജ വേലിയും മറികടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത്.
അശാസ്ത്രീയമായ രീതിയിലുള്ള കിടങ്ങ് നിർമ്മാണവും, വനതിർത്തി മുഴുവനായും സൗരോർജ വേലി നിർമിക്കാത്തതുമാണ് ആനകൾ കൂട്ടമായി കൃഷിയിടങ്ങളിൽ ഇറങ്ങാൻ കാരണം. സന്ധ്യയാകുന്നതോടെ വീട്ടുമുറ്റങ്ങളിൽ എത്തുന്ന കാട്ടാനകൾ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.
പലരുടെയും കമുക്, വാഴ തോട്ടങ്ങൾ കാട്ടാനകൾ പൂർണമായി നശിപ്പിച്ചിട്ടുണ്ട്. വിവരമറിയിച്ചതിനെത്തുടർന്ന് വഴിക്കടവ് നെല്ലിക്കുത്ത് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കൃഷിനാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചു.
ശനിയാഴ്ച രാത്രി മുതൽ പ്രദേശത്ത് പട്രോളിംഗ് നടത്താമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ കാലങ്ങളായി തുടരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് മേഖലയിലെ കർഷകർ. പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തംഗം മാനു കോന്നാടന്റെ നേതൃത്വത്തിൽ നാളെ കർഷകരുടെ യോഗം വിളിച്ചിട്ടുണ്ട്.