പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിൽ പരീക്ഷ എഴുതിയ മുഴുവൻ എസ്എസ്എൽസി വിദ്യർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്ന് കെഎടിഎഫ് പെരിന്തൽമണ്ണ ഉപജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുകയും ഏറ്റവും കൂടുതൽപേർ വിജയിക്കുകയും, ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എപ്ലസ് ലഭിക്കുകയും ചെയ്ത മലപ്പുറം ജില്ലയിൽ ഇരുപത്തി മൂവായിരത്തിലധികം സീറ്റുകൾ വേണ്ടിടത്ത്. പരിമിതമായ സീറ്റുകൾ മാത്രമേ ഉള്ളൂ.
മലബാർ മേഖലയിൽ ഈ വർഷം എസ്എസ്എൽസി പാസായവരുടെ എണ്ണം 254429 ഉം സീറ്റുകളുടെ എണ്ണം 199526 ഉം ആണ്. സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലയിലുള്ള ആകെ സീറ്റുകളുടെ എണ്ണമാണിത്.
57113 സീറ്റുകളുടെ എണ്ണം മേഖലയിൽ കുറവാണ്. അതേസമയം എറണാകുളം മുതൽ തെക്കോട്ടുള്ള മുഴുവൻ ജില്ലകളിലും സീറ്റുകളുടെ എണ്ണത്തേക്കാൾ കുറവാണ് പാസായവരുടെ എണ്ണം. പ്രാദേശികമായ ഈ വിവേചനവും അസന്തുലിതാവസ്ഥയും പരിഹരിക്കേണ്ടത് അനിവാര്യമാണ്.
ഈ സാഹചര്യത്തിൽ നിലവിലുള്ള എല്ലാ ഹൈസ്കൂളുകളിലും മൂന്നു ബാച്ചുകൾ കൂടി അനുവദിക്കണം, 25 ശതമാനം സീറ്റുകൾ വർധിപ്പിക്കുകയും ചെയ്ത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മലബാർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, പാഠപുസ്തകങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും, വിക്ടേഴ്സ് ചാനലിൽ അറബി, ഉർദു, സംസ്കൃതം ഭാഷകൾ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന സമിതി അംഗം ഹുസൈൻ പാറൽ ഉദ്ഘാടനം ചെയ്തു. മെന്പർഷിപ്പ് വിതരണോദ്ഘാടനം സബ്ജില്ലാ പ്രസിഡന്റ് റഹ്മാൻ ചെറുകര നിർവഹിച്ചു.
സബ് ജില്ലാ സെക്രട്ടറി സി.എച്ച്.അബ്ദുൽ ഷമീർ അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലർ ടി.ടി.മുഹമ്മദ് ഷഫീഖ്, വിദ്യാഭ്യാസജില്ലാ ഭാരവാഹികളായ മുസ്തഫ വളപുരം, മുസ്തഫ കുന്നക്കാവ്, ഫൈസൽ, ഷാനവാസ്, ഉപജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.പി.സക്കീർ ഹുസൈൻ, നൗഫൽ നസീർ, പി.മുഹ്സിൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.