പെരിന്തൽമണ്ണ:പോക്സോ കേസുകളുടെയും ലൈംഗിക പീഡന കേസുകളുടെയും അതിവേഗ വിചാരണയ്ക്കായുള്ള ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.മണികുമാറും സംയുക്തമായി വിഡിയോ കോണ്‍ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ 17 അതിവേഗ സ്പെഷൽ കോടതികളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് നിർവഹിച്ചത്.
കോടതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു ജില്ലാ ജഡ്ജ് ടി.ജോണ്‍ നിർവഹിക്കുന്നതോടെ കോടതിയുടെ പ്രവർത്തനം ആരംഭിക്കും. പെരിന്തൽമണ്ണ അതിവേഗ സ്പെഷൽ കോടതി ജഡ്ജായി മഞ്ചേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റായ കെ.പി. അനിൽകുമാർ ചുമതലയേൽക്കും. പെരിന്തൽമണ്ണ, പാണ്ടിക്കാട്, വണ്ടൂർ, മേലാറ്റൂർ, മങ്കട, കൊളത്തൂർ തുടങ്ങി ആറു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസുകളാണ് പെരിന്തൽമണ്ണ അതിവേഗ സ്പെഷൽ കോടതിയിൽ തീർപ്പാക്കുക. പെരിന്തൽമണ്ണ കൂടാതെ മഞ്ചേരി, തിരൂർ അതിവേഗ സ്പെഷൽ കോടതികളും ഉടൻ പ്രവർത്തനം ആരംഭിക്കും.
പോക്സോ കേസുകളും ബലാത്സംഗ കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിനു 28 പ്രത്യേക കോടതികൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. അതിൽ 17 കോടതികളാണ് ഇപ്പോൾ തുടങ്ങുന്നത്. കേന്ദ്ര-സംസ്ഥാന ഫണ്ട് 60:40 ശതമാനം അനുപാതത്തിൽ ഉപയോഗിച്ചാണ് കോടതികൾ സ്ഥാപിക്കുന്നത്.
വീഡിയോ കോണ്‍ഫറൻസിലൂടെ നിയമമന്ത്രി എ.കെ. ബാലൻ, സാമൂഹ്യനീതി-ശിശു വികസന മന്ത്രി കെ.കെ. ശൈലജ, അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി അരവിന്ദ് ബാബു, ആഭ്യന്ത അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവരും പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ മുൻസിഫ് മജിസ്ട്രേറ്റ് കെ.നൗഷാദലി, ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഷെറിൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. അബദുൾ റഷീദ് ഉൗത്തക്കാടൻ, സെക്രട്ടറി കെ.സുനീഷ്, തുടങ്ങിയവരും പങ്കെടുത്തു.