മേലാറ്റൂർ: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനു സുരക്ഷ ഒരുക്കുന്നതോടൊപ്പം അഗ്നിശമന സേന ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.
വേദി ഒന്നിനു സമീപം ആർഎം എച്ച്എസ്എസ് വേദിയിലാണ് ജീവനക്കാർ പ്രദർശനം നടത്തുന്നത്്. വലിയ വാഹനങ്ങൾ അല്ലെങ്കിൽ ഭാരമുള്ള വസ്തുക്കൾ മറിഞ്ഞുണ്ടാകുന്ന അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള ന്യൂമാറ്റിക് എയർ ബാഗ്, വെള്ളത്തിൽ രക്ഷാപ്രർത്തനം നടത്തുന്ന സെൽഫ് കണ്ടെയ്നർ, അണ്ടർ വാട്ടർ ബ്രീത്തിഗ് അപ്പാരക്സ്, ഞൊടിയിടയിൽ തീയ്ക്കുള്ളിൽ നിന്നു ആളുകളെ രക്ഷിക്കുന്ന അലൂമിനിയം സ്യൂട്ട്, കെമിക്കൽ സ്യൂട്ട്, പ്രോക്സി മാറ്റിസ്യൂട്ട്, ഫയർമാൻ സ്യൂട്ട് തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
മഴക്കെടുതിയിൽ കവളപ്പാറയിലും പുത്തുമലയിലും നടത്തിയ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള പത്രവാർത്ത, ഫോട്ടോ പ്രദർശനം തുടങ്ങിയവയുമുണ്ട്. മേളയുടെ മുഴുവൻ ദിവസങ്ങളിലും പ്രദർശനം ഉണ്ടാകും.
പ്രദർശനോദ്ഘാടനം മേളയുടെ ജനറൽ കണ്‍വീനറും മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായ കെ.എസ്.കുസുമം നിർവഹിച്ചു. പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ ഹോം സ്റ്റേഷൻ ഓഫീസർ സി. ബാബുരാജ് പരിപാടികൾ വിശദീകരിച്ചു.
പ്രിൻസിപ്പൽ വി.വി.വിനോദ്, എച്ച്എം കെ.സുഗുണ പ്രകാശ്, പ്രോഗ്രാം കണ്‍വീനർ ടി.വി.രഘുനാഥ്, വെൽഫെയർ കണ്‍വീനർ ഹുസൈൻ പാറൽ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ.ടി.അശോകൻ, ലീഡിംഗ് ഫയർമാൻ വി.അബ്ദുൾ സലീം, എ.പി.അബ്ദുൾ അലി, വി.പി.അബ്ദുൾ മജീദ്, അശോകൻ, സി.അബ്ദുറസാഖ്, കെ.അബുൾ ഗഫൂർ, ടി.സലീം, ടിജോതോമസ്, കെ.ഗോപകുമാർ, ആബിദ് എന്നിവർ പങ്കെടുത്തു.