താമരശേരി: സംയോജിത കൃഷിയുടെ ബാലപാഠം ഒറ്റനോട്ടത്തില്‍ പഠിച്ചെടുക്കാന്‍ വെറ്റിലപ്പാറയിലെ ഐസക് പാറക്കുളങ്ങരയുടെ വീട്ടുമുറ്റത്ത് നിന്ന് ചുറ്റുമൊന്ന് നോക്കിയാല്‍മതി. മുറ്റത്ത് ഒരുക്കിയ ഔഷധ ചെടികളുടെ മാതൃക തോട്ടത്തില്‍ നിന്ന് നോക്കിയാല്‍ പശു, ആട്, കോഴി, താറാവ്, മത്സ്യകൃഷി, മണ്ണിരകമ്പോസ്റ്റ്, തെങ്ങ്, കമുക്, റബര്‍, ജാതി, കൊക്കോ, കരുമുളക്, ഏത് സമയത്തും കായ്ക്കുന്ന പ്ലാവ്, മാവ്, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, വിവിധയിനം മരങ്ങള്‍ തുടങ്ങിയ കാണാം.
അഞ്ചര ഏക്കര്‍ വരുന്ന കൃഷിയിടത്തിലാണ് ഐസക് പൊന്നു വിളയിച്ച് മാതൃകയാകുന്നത്. കൃഷി ജൈവരീതിയില്‍ മാത്രം. അമ്മാവന് പുത്തന്‍പുരയ്ക്കല്‍ പാപ്പച്ചനാണ് കൃഷിയുടെ ബാലപാഠം പകര്‍ന്നു നല്‍കിയത്.
അന്നു മുതലേ വിഷം, മായം എന്നിവ പ്രയോഗിക്കുന്ന കാര്യം ചിന്തയിലേയില്ല. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മലപ്പുറം ആത്മ പദ്ധതിയുടെയും മഞ്ചേരി ഇന്റഗ്രേറ്റഡ് ഫാമിംഗ് സിസ്റ്റത്തിന്റേയും മാതൃകാ തോട്ടവും കൂടിയാണ് ഐസക്കിറ്റേത്.
കൃഷിയില്‍ മുന്നിട്ടു നില്‍ക്കുന്നത് ജാതിയാണ്. ചെരിഞ്ഞ കൃഷിടം തട്ടുതട്ടായി കൈയ്യാല കെട്ടിതിരിച്ചാണ് കൃഷിയിറക്കുന്നത്. ചാണകം, ആട്ടിന്‍ കാട്ടം, കോഴി വളം പിന്നെ പറമ്പിലെ ചപ്പുചവറുകള്‍ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റ് വളവും മണ്ണിര കമ്പോസുമാണ് വളമായി ഉപയോഗിക്കുന്നത്.കൃഷികള്ക്കിടയിലൂടെ ഔഷധച്ചെടികളും നട്ടുവളര്‍ത്തുന്നുണ്ട്. വീടിനടുത്ത് മണ്ണില്‍ കുഴിയെടുത്ത് വലിയ സില്പോളില് ഷീറ്റ് വിരിച്ച് വെള്ളം നിര്‍ത്തിയാണ് മത്സ്യ കൃഷി നടത്തുന്നത്. മീനിന് തീറ്റയ്ക്കായ് അസോളയും കൃഷിചെയ്യുന്നുണ്ട്.
1974ല്‍ 24-ാംവയസിലാണ് പാലായില്‍ നിന്നും അനിയന് തോമസിനൊപ്പം വെറ്റിലപ്പാറയിലെത്തി സ്ഥംലം വാങ്ങിയത്. അന്ന് മുതല്‍ ഇന്ന് വരെ ഐസക്കിന് കൃഷി വിജയം തന്നെയാണ്.
മണ്ണിനെയും കൃഷിയെ സ്നേഹിച്ചാല്‍ അത് പതിന്മടങ്ങ് പ്രതിഫലം തരും എന്നതാണ് ഈകൃഷി സ്നേഹിയുടെ അനുഭവ പാഠം.