ലഹരി വിരുദ്ധ കാന്പയിൻ: പെരിന്തൽമണ്ണയിൽ മാരത്തണും വാക്കത്തോണും 26ന്
1560846
Monday, May 19, 2025 6:06 AM IST
പെരിന്തൽമണ്ണ: ‘കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ്’ എന്ന മുദ്രാവാക്യവുമായി കായിക മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാന്പയിന്റെ ഭാഗമായി 26 ന് പെരിന്തൽമണ്ണയിൽ മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് പരിപാടി. പെരിന്തൽമണ്ണ ടൗണ്‍ സ്ക്വയറിൽ നിന്ന് രാവിലെ ആറിനാരംഭിച്ച് ഷിഫ കണ്വൻഷൻ സെന്റർ, ബൈപാസ് റോഡ്, ജൂബിലി ജംഗ്ഷൻ, പട്ടാന്പി റോഡ് വഴി തിരിച്ച് പെരിന്തൽമണ്ണ ടൗണ്‍ സ്ക്വയറിൽ സമാപിക്കുന്ന തരത്തിലാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ പുരുഷ, വനിതാ കായികതാരങ്ങൾക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10000, 7500 രൂപയും മറ്റു ഏഴ് സ്ഥാനക്കാർക്ക് 2000 രൂപ വീതവും കാഷ് പ്രൈസ് നൽകും. മാരത്തണിൽ പങ്കെടുക്കേണ്ടവർ 23 നകം https://forms.gle/peyCVAJUWifdKjy87 ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം കായികമന്ത്രി നേതൃത്വം നൽകുന്ന വാക്കത്തോണ്‍ പെരിന്തൽമണ്ണയിൽ നടക്കും.
26 ന് രാവിലെ ഏഴിന് പെരിന്തൽമണ്ണ ടൗണ്‍ സ്ക്വയറിൽ നിന്നാരംഭിച്ച് കെഎസ്ആർടിസി വഴി തിരിഞ്ഞ് ടൗണ്‍ സ്ക്വയർ വരെ നീണ്ടുനിൽക്കുന്ന വാക്കത്തോണിൽ മന്ത്രി പങ്കെടുക്കും. പങ്കെടുക്കുന്നവർക്ക് സൗജന്യമായി ജേഴ്സിയും റീഫ്രഷ്മെന്റും ഉണ്ടായിരിക്കും. താൽപര്യമുള്ളവർ 23 നകം https://forms.gle/QpPTD9i38rPuhDc89 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.