സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷം : മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം 21 ന് മലപ്പുറത്ത്
1560843
Monday, May 19, 2025 6:06 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം 21 ന് രാവിലെ 10 മണിക്ക് മലപ്പുറം നൂറാടി റോസ് ലോഞ്ച് കണ്വൻഷൻ സെന്ററിൽ നടക്കും.
വിവിധ സർക്കാർ സേവനങ്ങളുടെ ഗുണഭോക്തൃ പ്രതിനിധികൾ, മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജന, വിദ്യാർഥി പ്രതിനിധികൾ, കലാ, കായിക രംഗത്തെ പ്രതിഭകൾ, പ്രഫഷണുകൾ, വ്യാപാരി, വ്യവസായി, പ്രവാസി പ്രതിനിധികൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിക്കും.
രാവിലെ ഒന്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ,
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കളക്ടർ വി.ആർ. വിനോദ് തുടങ്ങിയവർ പങ്കെടുക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ നടത്തിയ എന്റെ കേരളം മെഗാ പ്രദർശന, വിപണനമേളയുടെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം നടക്കുന്നത്.
നേരത്തെ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന യോഗം നിപ കാരണം 21 ലേക്ക് മാറ്റുകയായിരുന്നു. വാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയുടെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള മേഖലാ അവലോകന യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എട്ടിന് പാലക്കാട്ട് സംഘടിപ്പിച്ചിരുന്നു.