ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി
1560324
Saturday, May 17, 2025 5:27 AM IST
നിലന്പൂർ: ജില്ലയിലെ ജലവിനോദ കേന്ദ്രമായ ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് സമീപം വെള്ളത്തിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി. ആഢ്യൻപാറയിലെ ലൈഫ് ഗാർഡിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് 12കാരന് ജീവൻ തിരിച്ചു കിട്ടിയത്. ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം.
മലപ്പുറം ടൗണിനടുത്ത് നിന്ന് ട്രാവലറിലെത്തിയ അംഗങ്ങളുടെ കൂടെയുണ്ടായിരുന്ന ആദിൽ (12) എന്ന കുട്ടി വെള്ളച്ചാട്ടത്തിന് മുകളിലെ വലിയ വെള്ളക്കുഴിയിൽ വീഴുകയായിരുന്നു. സമീപത്ത് കുട്ടികൾ വെള്ളത്തിലിറങ്ങുന്നത് ശ്രദ്ധിച്ച് നിൽക്കുകയായിരുന്ന ടൂറിസം വകുപ്പിന്റെ ലൈഫ് ഗാർഡ് സുഹൈൽ മഠത്തിലിന്റെ ശ്രദ്ധയിൽ കുട്ടി വീഴുന്നത് കണ്ടതോടെ ഓടിവന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പത്തടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കാണ് കുട്ടി വീണത്. സുഹൈൽ വരുന്പോഴേക്കും കുട്ടി വെള്ളത്തിൽ ആണ്ടിറങ്ങിയിരുന്നു. കുട്ടിയുടെ ബനിയനിൽ പിടികിട്ടിയതോടെ വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. മറ്റു ലൈഫ് ഗാർഡുമാരായ കബീർ, വിജയൻ എന്നിവരും ഉടൻ സഹായത്തിനെത്തി.