മഞ്ചേരി: കോഴിക്കോട് പാലക്കാട് ഗ്രീൻ ഫീൽഡ് പാതയുമായി ബന്ധപ്പെട്ടു പൊതുജനങ്ങളുടെ പരാതികൾ പരിഗണിക്കുന്നതിനുള്ള ഹിയറിംഗ് ആരംഭിച്ചു. ദേശീയപാതഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.പത്മചന്ദ്ര കുറുപ്പ്, തഹസിൽദാർമാരായ സി.കെ നജീബ്, പി.എം സമീറ, ഷീല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹിയറിംഗ്. ആദ്യദിനം 265 പേരുടെ പരാതികൾ കേട്ടു. പതിനഞ്ചു വില്ലേജുകളിൽ നിന്നായി ജില്ലയിൽ നിന്നും 2503 പരാതിക്കാരാണുള്ളത്. ഇന്നലെ ആരംഭിച്ച ആദ്യഘട്ട ഹിയറിംഗ് ഏഴിന് അവസാനിക്കും. 11 മുതൽ 15 വരെ രണ്ടാംഘട്ട ഹിയറിംഗ് നടക്കും. നേരത്തെ രേഖാമൂലം പരാതി നൽകിയ ആളുകളുടെ വാദമാണ് കേൾക്കുന്നത്. വാഴയൂർ, അരീക്കോട്, മുതുവല്ലൂർ, വാഴക്കാട്, ചീക്കോട് വില്ലേജുകൾ ഒരു യൂണിറ്റും എളങ്കൂർ, കാരക്കുന്ന്, പെരകമണ്ണ, കാവനൂർ രണ്ടാമത്തെ യൂണിറ്റും ചെന്പ്രശേരി, വെട്ടിക്കാട്ടിരി, കരുവാരക്കുണ്ട്, തുവൂർ, പോരൂർ, എടപ്പറ്റ വില്ലേജുകൾ മൂന്നാമത്തെ യൂണിറ്റുമാക്കി തിരിച്ചാണ് പരാതിക്കാരുടെ വാദം കേൾക്കുന്നത്.
അലൈമെന്റിൽ മാറ്റംവരുത്തണമെന്ന ആവശ്യമാണ് പരാതിക്കാർ ഹിയറിംഗിൽ ഉയർത്തിയത്. ഏറ്റെടുക്കുകയാണെങ്കിൽ ഒന്നിനും ഉപകാരപ്പെടാത്ത രീതിയിൽ ഭൂമി മുറിക്കരുതെന്നും പൂർണമായി ഏറ്റെടുക്കണമെന്നും പറയുന്നു. പത്തു സെന്റ് ഭൂമിയിൽ നിന്നു ഏഴ് സെന്റ് ഏറ്റെടുത്താൽ ബാക്കി വരുന്ന ഭൂമി ഉപയോഗിക്കാനും വിൽപ്പന നടത്താനും സാധിക്കില്ലെന്നു ഉടമകൾ അധികൃതരെ അറിയിച്ചു. ഗ്രീൻഫീൽഡ് പാതയ്ക്കായി മലപ്പുറം ജില്ലയിൽ നിന്നു 304.59 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 121 കിലോമീറ്റർ ദൂരമാണ് പാത. ഇതിൽ 52.96 കിലോമീറ്റർ ദൂരമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. നിലന്പൂർ, ഏറനാട്, പെരിന്തൽമണ്ണ, കൊണ്ടോട്ടി താലൂക്കുകളിൽ ഉൾപ്പെട്ട ഭൂമിയാണ് ഏറ്റെടുക്കുന്നത്.