കൊളത്തൂർ: കൊളത്തൂർ പാലിയേറ്റീവ് കെട്ടിടോദ്ഘാടനം നാളെ നടക്കും. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക സംഘടനയുടെ (കെസ്കോ) കെട്ടിടത്തിലാണ് ഏഴു വർഷമായി വാടകയില്ലാതെ പാലിയേറ്റീവ് പ്രവർത്തനം നടത്തി വരുന്നത്. ഇപ്പോൾ കൊളത്തൂർ വാരിയം പരേതനായ കെ.എസ് ഉണ്ണിയുടെ കുടുംബം കുറുപ്പത്താലിന്റെ ഹൃദയ ഭാഗത്ത് സൗജന്യമായി നൽകിയ ആറു സെന്റ് സ്ഥലത്തു 22 ലക്ഷം രൂപ ചെലവിൽ നാട്ടുകാരുടെ സാന്പത്തിക സഹായം
കൊണ്ടു പാലിയേറ്റീവിന് സ്വന്തമായി കെട്ടിടം നിർമിച്ചിരിക്കുകയാണ്. കെ.എസ് ഉണ്ണിയുടെയും, ശാന്ത എസ്. ഉണ്ണിയുടെയും സ്മാരകമായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഡോ.എം.പി അബ്ദുസമദ് സമദാനി എംപി രാവിലെ പത്തിനു നിർവഹിക്കും. മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാർ ഉപകരണങ്ങൾ ഏറ്റുവാങ്ങും.
ജില്ലാ പഞ്ചായത്തംഗങ്ങളായ എ.പി.സബാഹ്, ടി.പി.ഹാരിസ്, മുൻ അംഗം സലീം കുരുവന്പലം, ബ്ലോക്ക് അംഗങ്ങളായ റഹ്മത്തുന്നിസ, പി. ഷറഫുദീൻ, കെ.വി ജുവൈരിയ, വാർഡ് മെംബർ ശ്രീകല മദനൻ, ടി.മുരളി, കെ.പി ഹംസ, ഇ.പി മുഹമ്മദ് ഷഫീഖ്, കല്ലിങ്ങൽ ഉണ്ണി, എംഐപി പ്രതിനിധി വി.പി.എം.സാലിഹ് വളാഞ്ചേരി, ലെൻസ്ഫെഡ് പെരിന്തൽമണ്ണ ഏരിയാ പ്രസിഡന്റ് പി. ഹാരിസ്, വ്യാപാരി പ്രതിനിധികളായ സൈനാസ് നാണി, സി. ഹംസഹാജി, മുൻ പ്രസിഡന്റ് എം.വിജയലക്ഷ്മി തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് സുനിൽ കെ. വാരിയം, പ്രോഗ്രാം കമ്മിറ്റി കണ്വീനറും വൈസ് പ്രസിഡന്റുമായ എൻ. മൊയ്തീൻ, ജനറൽ സെക്രട്ടറി കാരാട്ടിൽ യൂസഫ്, ട്രഷറർ കെ. അബ്ദുസലാം തുടങ്ങിയവർ പങ്കെടുക്കും.