മലപ്പുറം: ആദായ നികുതി പരിധി ഉയർത്തണമെന്നു കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) നാൽപതാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്തു വർഷം മുന്‍പു നിശ്ചയിച്ച സ്ലാബ് അടിസ്ഥാനമാക്കി ആദായ നികുതി ഈടാക്കുന്നതു കൊണ്ടു ശരാശരി വരുമാനക്കാർക്കും ആദായ നികുതി കൊടുക്കേണ്ടി വരുന്നു. സംസ്ഥാനങ്ങളുടെ സാന്പത്തികാവകാശങ്ങളെ പോലും ഇല്ലാതാക്കുന്ന കേന്ദ്ര നയം തിരുത്തണമെന്നും ഫെഡറൽ തത്വങ്ങൾ പാലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറത്തു നടന്ന സമ്മേളനം കായിക മന്ത്രി വി.അബ്ദുറഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ശ്രീഹരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. രാജു വരവു ചെലവു കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.സുധാകരൻ, എ.എസ്. സുമ, കുഞ്ഞി മമ്മു പറവത്ത്(സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ), പി. ഉണ്ണി, പ്രകാശ് പുത്തൻ മഠത്തിൽ (സംസ്ഥാന കമ്മറ്റി അംഗങ്ങൾ), എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ. വിജയകുമാർ, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രാജേഷ്, വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് വി. അരുണ്‍, ശ്യാം കൃഷ്ണൻ, എൻ. സിനു, ഇ.ടി ദിനേശൻ, വിനോദ് പാറക്കൽ, എം.സി നിഷിത്ത്, പ്രസാദ് എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള പ്രക്ഷോഭങ്ങളിൽ അണിചേരുക, നവകേരള നിർമിതിക്കായുള്ള പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി പങ്കാളികളാവുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്കു കരുത്തേകുക തുടങ്ങി 15 പ്രമേങ്ങൾ സമ്മേളനം അംഗീകരിച്ചു.
പുതിയ ഭാരവാഹികളായി എൻ. മുഹമ്മദ് അഷറഫ് (പ്രസിഡന്റ്), എം.കെ രജനി, ആർ.പി.സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റ്) എം. ശ്രീഹരി (സെക്രട്ടറി), എം.വി വിനയൻ, എച്ച് പി.അബ്ദുൾ മഹറൂഫ് (ജോയിന്റ് സെക്രട്ടറി), പി. മോഹൻദാസ് (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.