മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 സ്കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കാവുന്നു. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്ലൈനായി നിർവഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാവും. ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും.
ഇതിന് സമാന്തരമായി ഉദ്ഘാടനം നടക്കുന്ന എല്ലാ സ്കൂളുകളിലും അതത് എംഎൽഎമാർ ശിലാഫലകം അനാച്ഛാദനം നിർവഹിക്കും. എംപിമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരും നേരിട്ട് പങ്കെടുക്കും.
കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ അനുവദിച്ച ജിജിഎച്ച്എസ്എസ് മലപ്പുറം, ജിഎച്ച്എസ്എസ് പെരുവള്ളൂർ, മൂന്ന് കോടി രൂപ അനുവദിച്ച എസ്എച്ച്എംജിവിഎച്ച്എസ്എസ് എടവണ്ണ, ജിഎച്ച്എസ്എസ് മൂത്തേടത്ത്, ജിഎച്ച്എസ്എസ് കൊട്ടപ്പുറം, ഒരു കോടി രൂപ വീതം അനുവദിച്ച ജിഎച്ച്എസ് വെറ്റിലപ്പാറ, ജിയുപിഎസ് മൂർക്കനാട്, ജിയുപിഎസ് ചെങ്ങര, ജിയുപിഎസ് ചീക്കോട്, ജിയുപിഎസ് കോട്ടക്കൽ കൂടാതെ ഒൻപത് സ്കൂളുകൾക്ക് 50 ലക്ഷം രൂപ മുതൽ 1.75 കോടി രൂപ വരെ അനുവദിച്ചതിന്റെ ഉദ്ഘാടനവും നടക്കും. നിലന്പൂർ മണ്ഡലത്തിലെ ചന്തകുന്ന് ഗവ. എൽപി സ്കൂൾ, പെരിന്തൽമണ്ണ മണ്ഡലത്തിലെ ചെമ്മാണിയോട് ഗവ.എൽപി സ്കൂൾ, തിരൂർ മണ്ഡലത്തിൽ ഐരാണി ഗവ.എൽപി സ്കൂൾ, കൊണ്ടോട്ടി മണ്ഡലത്തിൽ മങ്ങാട്ടുമുറി ഗവ.എൽ.പി.സ്കൂൾ, പൊന്നാനി മണ്ഡലത്തിൽ വെളിയങ്കോട് ഗവ.ഫിഷറീസ് എൽപി സ്കൂൾ, മലപ്പുറം മണ്ഡലം ഓൾഡ് പൂക്കോട്ടൂർ ഗവ. എൽപി സ്കൂൾ, മഞ്ചേരി മണ്ഡലത്തിലെ ഒടോന്പറ്റ ഗവ.എൽപി സ്കൂൾ, മറവഞ്ചേരി ഗവ.എൽ.പി സ്കൂൾ എന്നീ സ്കൂളുകളുടെ കെട്ടിടങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പെരിന്തൽമണ്ണ മണ്ഡലത്തിലെ എടപ്പറ്റ ഗവ.എൽപി സ്കൂളിലെ ഹൈടെക് കെട്ടിടങ്ങളുടെ ഉദ്ഘാടനം കായിക മന്ത്രി വി.അബ്ദുറഹ്മാൻ നേരിട്ട് നിർവഹിക്കും. ഇതോടെ കിഫ്ബി വഴി ജില്ലയിൽ അഞ്ച് കോടി രൂപ അനുവദിച്ച 16 സ്കൂളുകളും മൂന്ന് കോടി രൂപ അനുവദിച്ച 28 സ്കൂളുകളും ഒരു കോടി രൂപ അനുവദിച്ച അഞ്ച് സ്കൂളുകളും പൂർത്തിയായി. കിഫ്ബി ഒരു കോടി അനുവദിച്ച ബാക്കിയുള്ള 35 സ്കൂളുകളുടെ നിർമാണം ഉടൻ പൂർത്തിയാവുമെന്നും മൂന്ന് കോടി രൂപ അനുവദിച്ച 46 സ്കൂളുകളുടെ ടെൻഡർ ജൂലായിൽ നടക്കുമെന്നും വിദ്യാ കിരണം ജില്ലാ കോ-ഓഡിനേറ്റർ എം.മണി അറിയിച്ചു.