കാളികാവ്: മാളിയേക്കൽക്കുന്ന് അഞ്ചച്ചവിടി മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു. വൈദ്യുതി പോസ്റ്റുകൾ നകർന്നു. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മാളിയേക്കൽക്കുന്ന്, അഞ്ചച്ചവിടി, കളപ്പാട്ടുമുണ്ട, പരിയങ്ങാട്, തുവ്വപ്പെറ്റ, പൂച്ചപ്പൊയിൽ ഭാഗങ്ങളിലാണ് കാറ്റ് വീശിയത്. കനത്ത മഴയിൽ തോടുകളും പുഴയും നിറഞ്ഞൊഴുകി.
റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തുവ്വപ്പെറ്റയിലെ നെടുങ്ങാടൻ യൂസുഫിന്റെ വീടിന്റെ അടുക്കള ഭാഗം തെങ്ങ് വീണു പൂർണമായും തകർന്നു. കളപ്പാട്ടുമുണ്ടയിലെ പൊട്ടേക്കൽ മുഹമ്മദ് എന്ന മാനു, കെ.ടി.ചേക്കുണ്ണി എന്നിവരുടെ അന്പതോളം റബ്ബർ മരങ്ങൾ വീണു. ആലുങ്ങൽ അബുവിന്റെ തെങ്ങ് കവുങ്ങ്, റബ്ബർ എന്നിവ മറിഞ്ഞുവീണു. പുലിവെട്ടി മജീദിന്റെ വീടിനു മുകളിൽ തേക്ക് വീണ് കേടുപാട് പറ്റി. കളപ്പാട്ടുമുണ്ടയിൽ വ്യാപകമായ തോതിലാണ് മരം വീണിട്ടുള്ളത്.
പണിക്കൊള്ളി അബ്ദുല്ലയുടെ വീടിനു മുകളിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. കളപ്പാട്ടു മുണ്ടയിൽ മൂന്നു സ്ഥലങ്ങളിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണിട്ടുണ്ട്. മാളിയേക്കൽക്കുന്നിൽ പരുത്തിക്കുന്നൻ ആയിഷയുടെ വീട് മരംവീണ് പൂർണമായി തകർന്നു. ടി.പി.ഷറഫുദ്ദീൻ, മാഞ്ചേരിക്കുരിക്കൾ ഹസൻ, പുളിയക്കുത്ത് മുനീറ, പി.എം.ഷറഫുദ്ദീൻ, മഞ്ഞപ്പെറ്റ കുഞ്ഞി, അണ്ടിക്കാടൻ ഹുസൈൻ, പരുത്തിക്കുന്നൻ അബ്ദുൽ സലാം എന്നിവരുടെ വീടുകളുടെ മുകളിലൂടെ മരം വീണു വീടുകൾക്ക് കേട് പാടുകൾ പറ്റി. പ്രദേശത്തെ നിരവധി ആളുകളുടെ റബ്ബർ മരങ്ങളും തേക്ക് പ്ലാവ് തുടങ്ങിയ മരങ്ങളും കടപുഴകി. സ്രാന്പിക്കല്ല് അങ്ങാടിയിൽ ഇന്നും വെള്ളം കയറി, സ്രാന്പിക്കല്ല് അംഗനവാടിയും റോഡും വെള്ളത്തിനടിയിലായി. പെരിങ്ങപ്പാറ മേഖലയിലും വെള്ളം കയറി, റോഡിലെ പാലം ഭീഷണിയിലാണ്.
കരുവാരകുണ്ട്: മലയോരമേഖലയിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കാർഷികവിളകൾ കുത്തൊഴുക്കിൽ ഒഴുകി പോവുകയും ചെയ്തു. ചേറുന്പ് , മഞ്ഞളാം ചോല, കുണ്ടോട , കണ്ണത്ത് മലവാരങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. നാട്ടുപ്രദേശങ്ങളിലേക്ക് പെയ്തതിനേക്കാൾ കൂടുതൽ മഴ ഉൾവനത്തിൽ ചെയ്യുകയും തുടർന്ന് ഒലിപ്പുഴയിലും കല്ലൻ പുഴയിലും ചോലകളിലും തോടുകളിലും കുത്തൊഴുക്കായി.
കൂടാതെ റോഡുകളിലും വെള്ളം കയറുകയും ചെയ്തു പുഴകൾ കരകവിഞ്ഞൊഴുകി അങ്ങാടികളിലും വെള്ളം നിറഞ്ഞു. ചിലയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണത്തിലും തടസങ്ങളുണ്ടായി. വീടുകളിൽ വെള്ളം കയറി വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. പിന്നീട് ബന്ധുക്കളെത്തി ചിലരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കൽക്കുണ്ട്,മാന്പറ്റ, കുണ്ടോട, ചിറക്കൽ, ചിറക്കൽപ്പടി, ഇരിങ്ങാട്ടിരി ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിലിൽ കൂടുതൽ നാശം നേരിട്ടത്.
കുണ്ടോടയിൽ ചെട്ടിയൻ തൊടിക ബഷീർ, ചെട്ടിയൻ തൊടിക ഷൗക്കത്ത്, മഠത്തിൽ ബഷീർ, കൈപ്പുള്ളി മമ്മത് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. മലയോര മേഖലയിൽ അപ്രതീക്ഷിത വെള്ളപ്പാച്ചിൽ സാധാരണമാണ്. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ മഞ്ചേരി പയ്യനാട് സ്വദേശിയായ പ്ലസ് വണ് വിദ്യാർഥി അകപ്പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. കേരളാം കുണ്ട്, സ്വപ്നക്കുണ്ട്, ബറോഡാ വെള്ളച്ചാട്ടങ്ങളിൽ ശക്തമായ കുത്തൊഴുക്ക് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.