പെരിന്തൽമണ്ണ: ഹയർ സെക്കൻഡറി അക്കാഡമിക് മേഖലയിലെ ആശങ്കകൾ പങ്കുവച്ച് കേരളാ ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(കെഎച്ച്എസ്ടിയു) സംസ്ഥാന ദ്വിദിന എക്സിക്യൂട്ടീവ് ക്യാന്പ് സമീക്ഷ-2022ന് തുടക്കം.
പാഠ്യപദ്ധതി പരിഷ്കരണം വിദ്യാർഥികളുടെ സാമൂഹിക സാഹചര്യങ്ങളോട് സംവദിക്കുന്നതോടൊപ്പം എല്ലാ വിദ്യാർഥികളും നിശ്ചിത പഠന നേട്ടങ്ങൾ (മിനിമം ലെവൽ ഓഫ് ലേർണിംഗ്) കൈവരിച്ചുവെന്നതു ഉറപ്പു വരുത്തുന്നതുമായിരിക്കണം. ഓരോ ക്ലാസിലും നിഷ്കർഷിച്ചിട്ടുള്ള പഠന നേട്ടങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും പാഠ്യപദ്ധതിയിൽ ഉണ്ടാകണമെന്നും ക്യാന്പ് ആവശ്യപ്പെട്ടു.
പുലാമന്തോളിൽ നടക്കുന്ന ക്യാന്പ് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. നാടിന്റെ നിലനിൽപ്പിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന വർഗീയതയെയും വിദ്വേഷ പ്രചാരണങ്ങളെയും അരാജകത്വത്തെയും രാഷ്ട്രീയ പ്രബുദ്ധത കൊണ്ടു നേരിടാൻ അധ്യാപക സമൂഹം നേതൃത്വം നൽകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യദിനത്തിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളും ചർച്ചകളും നടന്നു. ദേശീയ വിദ്യാഭ്യാസനയം ചരിത്രം വർത്തമാനം വിഷയത്തിൽ എം.ജി യൂണിവേഴ്സിറ്റി അസോസിയറ്റ് പ്രഫസർ ഡോ. നൗഷാദും ദേശീയ പെൻഷൻ പദ്ധതിയും തൊഴിൽ മേഖലയിലെ ആശങ്കകളും വിഷയത്തിൽ എൻപിഎസ്ഇസികെ സംസ്ഥാന പ്രസിഡന്റ് ഷാഹിദ് റഫീഖും ക്ലാസെടുത്തു. സംസ്ഥാന പ്രസിഡന്റ് ഒ.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൾജലീൽ പാണക്കാട്, നിസാർ ചേലേരി, വിളക്കോട്ടൂർ മുഹമ്മദലി, സി.ടി.പി ഉണ്ണി മൊയ്തീൻ, വി.കെ അബ്ദുറഹിമാൻ, ഡോ. എസ്.സന്തോഷ്, കെ.കെ ആലിക്കുട്ടി, വി.സജിത, എ.കെ അജീബ്, ഷമീം അഹമ്മദ്, നുഹ്മാൻ ഷിബിലി, ബഷീർ നാദാപുരം, പി.സി സിറാജ്, ഇസ്മായിൽ പുഴാതി, എ.കെ അജീബ്, ലദീബ്കുമാർ എന്നിവർ പ്രസംഗിച്ചു.