മഞ്ചേരി: ജില്ലാ കോടതിയുടെ രണ്ടാംഘട്ട കെട്ടിട നിർമാണ പ്രവൃത്തികൾക്കു സർക്കാർ 3.56 കോടി രൂപ അനുവദിച്ച് ഉത്തരവായി. അഞ്ചു വർഷം മുന്പു തുടങ്ങിയ നിർമാണ പ്രവൃത്തികൾ ഫണ്ട് ലഭ്യമാകാത്തതിനെ തുടർന്നു മുടങ്ങിയിരുന്നു.
2016ൽ 2.90 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു സമർപ്പിച്ചിരുന്നത്. പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് 3.56 കോടി അനുവദിച്ചത്. 14 കോടി രൂപ വിനിയോഗിച്ചാണ് സമുച്ചയത്തിന്റെ നിർമാണം.
ഇതിൽ 2.5 കോടിയും വൈദ്യുതീകരണ പ്രവൃത്തികൾക്കും ലിഫ്റ്റ് നിർമാണത്തിനുമാണ്. ആറുനില നിലകളിലായാണ് കെട്ടിടം പണികഴിപ്പിക്കുന്നത്. ചുറ്റുമതിൽ നിർമാണം, പെയ്ന്റിംഗ് പ്രവൃത്തികൾ, പ്രവേശന കവാടം, നിലം ടൈലുകൾ വിരിക്കൽ, മുറ്റം ഒരുക്കൽ, അവസാനഘട്ട മിനുക്കുപണികൾ തുടങ്ങിയ പ്രവൃത്തികളാണ് ബാക്കിയുള്ളത്. ഫണ്ട് ലഭ്യമായതോടെ നടപടികൾ വേഗത്തിലാകും.
സുരക്ഷയുടെ ഭാഗമായി കെട്ടിടത്തിൽ ഒരുക്കേണ്ടതായ അഗ്നിരക്ഷാ മാർഗങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളൊന്നും സജ്ജമാക്കും. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും.
മൂന്നാം അതിവേഗ കോടതി, ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, തൊണ്ടി മുതലുകൾ സൂക്ഷിക്കാനുള്ള സ്ഥലം, പാർക്കിംഗ് ഷെഡ് എന്നീ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം പണിയുന്നത്. സമുച്ചയം പൂർത്തിയാകുന്നതോടെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന്, രണ്ട് കോടതികൾ, എസ്.സി എസ്.ടി സ്പെഷൽ കോടതി, അഡീഷണൽ ജെ.എഫ്.സി.എം കോടതി, അഡീഷണൽ ജില്ലാ സെഷൻസ് കോടതി, ലീഗൽ സർവീസസ് അഥോറിറ്റി ഓഫീസ്, റിക്കാർഡ് റൂമുകൾ, ലൈബ്രറി, ബാർ അസോസിയേഷൻ ഹാൾ, കോണ്ഫറൻസ് ഹാൾ, വനിതാ അഭിഭാഷകർക്കുള്ള ഹാൾ, വക്കീൽ ഗുമസ്തൻമാരുടെ ഹാൾ എന്നിവയെല്ലാം ഒരു മേൽക്കൂരക്ക് കീഴിലാകും.