മലപ്പുറം: ജില്ലയിൽ ഇന്നലെ 2259 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 33.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിതരിൽ ഒരു ആരോഗ്യപ്രവർത്തകനും ഉൾപ്പെടും. ആകെ 6828 സാന്പിളുകളാണ് പരിശോധിച്ചത്. 2179 പേർക്ക് നേരിട്ടുള്ള സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 39 കേസുകളുണ്ട്. 40 പേർക്കു യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്. ജില്ലാതല കണ്ട്രോൾ സെൽ നന്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻകരുതലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്നു ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു.
വിവാഹം, മരണാനന്തര ചടങ്ങുകൾ, എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ,സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ, ആരാധനാലയങ്ങളിലെ ഒത്തുകൂടൽ എന്നിവയിൽ പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണമെന്ന സർക്കാർ നിർദേശം പാലിക്കപ്പെടുന്നുണ്ടോയെന്നു ഉറപ്പുവരുത്താൻ കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. എല്ലാ സർക്കാർ, അർധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തണമെന്നു കളക്ടർ ഓർമിപ്പിച്ചു. ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കൂടിയ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടറുടെ മുന്നറിയിപ്പ്. ദുരന്തനിവാരണ നിയമം 26 (2), 30 (5), 34 എന്നിവ പ്രകാരമാണ് കളക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.