നിലന്പൂർ: നിലന്പൂർ നഗരസഭയിലെ സിപിഎം സീറ്റുകളായിരുന്ന കോവിലത്തുമുറി, തെക്കുപാടം ഡിവിഷനുകളിലെ പരാജയം സംബന്ധിച്ച് സിപിഎം നടപടി തുടങ്ങി. കോവിലകത്തുമുറി ഡിവിഷനിലെ ടി.കെ. ഗോപാലകൃഷ്ണൻ, കെ.പി. രാമചന്ദ്രൻ, ടി.പി. ഹരിദാസൻ, പ്രീതി മുരളി, പ്രിയാ ഗോപാലകൃഷ്ണൻ, തെക്കുംപാടം ഡിവിഷനിലെ അഷറഫ് പരുത്തിക്കുന്നൻ, ആർ.പി. ദേവദാസ്, സന്തോഷ്, രാജൻ, ഹംസ എന്നിവർക്കാണ് കഴിഞ്ഞ 16 ന് സിപിഎം നിലന്പൂർ ലോക്കൽ സെക്രട്ടറി ടി. ഹരിദാസൻ ഈ മാസം 20 ന് മുന്‍പു മറുപടി ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിനിടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ പ്രിയാ ഗോപാലകൃഷ്ണൻ യുഡിഎഫ് പിന്തുണയോടെ ചെറുവത്ത്കുന്ന് ഡിവിഷനിലെ എഡിഎസ് സെക്രട്ടറിയായി വിജയിച്ചത് സിപിഎമ്മിനു ക്ഷീണമായി. കഴിഞ്ഞ തവണ എൽഡിഎഫ്് പിന്തുണയോടെ ഇവർ എഡിഎസ് ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോവിലകത്തുമുറി ഡിവിഷനിലെ പരാജയവുമായി ബന്ധപ്പെട്ടു തങ്ങൾക്കു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചുവെന്നു നോട്ടീസ് ലഭിച്ചവർ പറഞ്ഞു. എന്നാൽ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നു തെക്കുംപാടത്തെ അഷ്റഫ് പരുത്തിക്കുന്നൻ പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നു സിപിഎം നിലന്പൂർ ലോക്കൽ സെക്രട്ടറി ടി. ഹരിദാസൻ പറഞ്ഞു. മിനുട്സ് വലിച്ചെറിഞ്ഞു, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയില്ല എന്ന കാരണങ്ങളാണ് ചിലർക്കെതിരെ നേതൃത്വം കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്.
2020 ഡിസംബർ 14ന് നടന്ന നഗരസഭാ തെഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റുകളായ കോവിലകത്തുമുറിയിലും തെക്കുംപാടത്തും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുകയും കോവിലകത്തുമുറിയിൽ ബിജെപി വിജയിച്ചതും സിപിഎമ്മിനു കനത്ത പ്രഹരം ഏൽപിച്ചിരുന്നു.
2015 ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ 33 ഡിവിഷനുകളിൽ അഞ്ചു സീറ്റിൽ മാത്രമാണ് സിപിഎം വിജയിച്ചത്. ഇതിൽ ഉൾപ്പെട്ട രണ്ടു ഡിവിഷനുകൾ എൽഡിഎഫിനു തിളക്കമാർന്ന വിജയം ഉണ്ടായപ്പോൾ നഷ്ടപ്പെട്ടത് പാർട്ടിയെ ഞെട്ടിച്ചിരുന്നു. തുടർന്ന്, 2021 ജൂണ്‍ രണ്ടിനു ഇവർക്കു വിശദീകരണം തേടി കത്തു നൽകിയിരുന്നു. സിപിഎം ഏരിയാ സെന്റർ അംഗമായിരുന്ന പി.ടി. ഉമ്മർ, ശിവാത്മജൻ, രാധാകൃഷ്ണൻ, രവീന്ദ്രൻ എന്നിവരടങ്ങിയ അന്വേഷ കമ്മീഷനെ നിയമിച്ചു. ആരോപണ വിധേയരായവരിൽ നിന്നു ഇവർ തെളിവെടുപ്പ് നടത്തി. കോവിലകത്തുമുറിയിൽ കെ.പി. രാമചന്ദ്രൻ, ടി.പി. ഹരിദാസൻ, അനിൽ എന്നിവരുടെ പേരുകളാണ് ബ്രാഞ്ചിൽ നിന്നു നൽകിയതെന്നും ഇതു മറികടന്ന് പടവെട്ടി ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കിയതാണ് പരാജയ കാരണമെന്നും തങ്ങൾ പാർട്ടി നിർദേശ പ്രകാരം സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇവർ അന്വേഷണ കമ്മീഷനു മറുപടി നൽകി.
സിപിഎം സിറ്റിംഗ്് സീറ്റായ തെക്കുംപാടം ഘടകകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിനു നൽകിയത് സിപിഎമ്മിൽ വലിയ വിവാദമായിരുന്നു. ഇവിടെ ഏഴു വോട്ടുകൾക്കാണ് എൽഡിഎഫ് പരാജയപ്പെട്ടത്.