മലപ്പുറം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക നിയമങ്ങൾ കർഷകരുടെ നിലനിൽപ്പിനെ വലിയ ഭീഷണി ഉയർത്തുന്നതുപോലെ തന്നെ ഭക്ഷ്യസുരക്ഷയേയും തകർക്കുമെന്ന് കേരള കോണ്ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അപു ജോണ് ജോസഫ് പറഞ്ഞു. കാർഷിക വിഭവ സമാഹരണം വൻ കുത്തകകൾക്ക് തീറെഴുതുന്ന പുതിയ നിയമങ്ങൾ യാഥാർഥ്യമാകുന്നതോടെ ന്യായമായ വില ലഭിക്കാതെ കർഷകർ കടക്കെണിയിലാവുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
അതോടൊപ്പം തന്നെ രാജ്യത്തിന്റെ ഭക്ഷ്യവസ്തു സംഭരണവും വിതരണവും കൈകാര്യ ചെയ്യുന്ന എഫ്സിഐയുടെ പ്രവർത്തനം താളം തെറ്റുകയും അത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ തകർക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. റബർ സബ്സിഡി ന്യായവില 250 രൂപയാക്കി ഉയർത്തണമെന്നും പിൻവാതിൽ നിയമനങ്ങൾ നടത്തിയ യുവജന വഞ്ചന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് റിപ്പബ്ലിക്ക് ദിനത്തിൽ കളക്ട്രേറ്റിലേക്ക് കേരള കോണ്ഗ്രസ് (ജോസഫ് വിഭാഗം) ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ആലിക്കുട്ടി ഏറക്കോട്ടിൽ, കെ.എ.ജോസഫ്, അഡ്വ.മോഹൻ ജോർജ്്, സതീഷ് വർഗീസ്, കെ.വി.ജോർജ്, എ.ജെ.ആന്റണി, കൂര്യൻ അബ്രഹാം, നൂസൈർ തെഞ്ചേരി, ബിനോയ് പാട്ടത്തിൽ, പാർത്ഥ സാരഥി, റഫീഖ് മങ്കട, ടി.ഡി.ജോയി, തോമസ് ടി.ജോർജ്, അസി ജോസ്, സിദ്ധാനന്ദൻ, ജോണ്കുട്ടി മഞ്ചേരി, ജമാൽ ഹാജി തിരൂർ, ഷക്കീർ തുവ്വൂർ, നിധിൻ ചാക്കോ എന്നിവർ തുടങ്ങിയവർ സംസാരിച്ചു.