മലപ്പുറം: മലബാർ സ്പെഷൽ പോലീസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോണ്‍ഫറൻസിലൂടെ നിർവഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബഹ്റ റിപ്പോർട്ട് അവതരിപ്പിക്കും. പി.ഉബൈദുള്ള എംഎൽഎ ചടങ്ങിൽ അധ്യക്ഷനാവും. എംഎസ്പി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച സെന്റിനറി ഗേറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ച് കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കമാകും. പോലീസ് ഓർഗസ്ട്ര തയാറാക്കിയ നൂറാം വാർഷിക ആഘോഷത്തിന്റെ തീം സോംഗും ചടങ്ങിൽ ആലപിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കോവിഡ് പ്രതിസന്ധികൾ മാറിയശേഷം വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ഡിഐജി പി.പ്രകാശ് പറഞ്ഞു.
കേരള പോലീസ് മ്യൂസിയം, ബയോ ഡൈവേഴ്സിറ്റി പാർക്ക്, മൊബൈൽ എക്സിബിഷൻ, തെരുവ് നാടകം, എംഎസ്പി സെന്റിനറി സ്റ്റാന്പ്, എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നടത്തുന്ന കേരള പൊലീസ് ബാൻഡ് ഷോ, എംഎസ്പി സെന്റിനറി ലോഗോ, എംഎസ്പി സ്കൂളിൽ ഓപ്പണ്‍ എയർ സ്റ്റേഡിയം, ഫുട്ബോൾ അക്കാദമി, എംഎസ്പി ആശുപത്രി പുതുക്കി പണിയൽ, ജില്ലയിലെ വിവിധ പോലീസ് യൂണിറ്റുകളിലെ സേനാംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന കൾച്ചറൽ പരിപാടികൾ തുടങ്ങി വിവിധ പരിപാടികളാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എംഎസ്പിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.
1921 സെപ്റ്റംബർ 30ന് മലപ്പുറം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട മലബാർ സ്പെഷൽ പൊലീസ് നാടിന് പൊതുവായും കേരള പോലീസ് സേനയ്ക്കും നൽകിയ സംഭാവനകൾ ഏറെയാണ്. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ ഇന്ത്യൻ ആർമിയോടൊപ്പം മലബാർ സ്പെഷ്യൽ പോലീസും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരള ആംഡ് പോലീസ് ബാറ്റലിയന്റെ ഭാഗമായി ലോ ആൻഡ് ഓർഡർ, വിഐപി സെക്യൂരിറ്റി, ട്രാഫിക് മാനേജ്മെന്റ്, പൊലീസ് ട്രെയിനിങ്, കമാൻഡോ ട്രെയിനിംഗ്, ശബരിമല തീർഥാടനം, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങി നിരവധി പൊലീസ് സേവനങ്ങൾ സുതാര്യമായി നിർവഹിക്കുന്നു എംഎസ്പിയുടെ ആരംഭ കാലഘട്ടത്തിൽ ജില്ലയിലെ നിലന്പൂർ, അരീക്കോട്, ക്ലാരി, പാണ്ടിക്കാട്, മേൽമുറി എന്നിവിടങ്ങളിൽ ഡിറ്റാച്ച്മെന്റ് ക്യാന്പുകൾ പ്രവർത്തിച്ചിരുന്നു.
നിലവിൽ മലപ്പുറം ഹെഡ് ക്വാർട്ടേസിന് പുറമെ നിലന്പൂർ, മേൽമുറി ഡിറ്റാച്ച്മെന്റ് ക്യാന്പുകളിലായാണ് മലബാർ സ്പെഷൽ പൊലീസ് പ്രവർത്തിക്കുന്നത്. കോവിഡ് കാലത്തും പ്രളയത്തിന്റെ സമയങ്ങളിലും എംഎസ്പി നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്. പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡിഐജി പി.പ്രകാശ്, ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം എന്നിവർ അറിയിച്ചു.