വെള്ളറട: തെക്കൻ കുരിശുമലയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ പുതിയ ചാക്രികലേഖനമായ ഫ്രത്തേലി തൂത്തി (ഏവരും സോദരർ) അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു. തെക്കൻ കുരിശുമല തീർഥാടനകേന്ദ്രവും സമന്വയ വിഷനും നേതൃത്വം നൽകി. തീർഥാടനകേന്ദ്രം ഡയറക്ടർ മോണ്.ഡോ.വിൻസെന്റ് കെ.പീറ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഏവരും സോദരർ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനം ആധുനിക സമൂഹത്തെ നന്മയുടെ പൂർണതയിലേക്ക് നയിക്കാൻ സഹായിക്കുന്ന വിപ്ലവാത്മകമായ ലേഖനമാണെന്ന് അദ്ദേഹം പറഞ്ഞു.
ആലുവ കർമലഗിരി സെമിനാരി പ്രഫ. ഡോ.ഗ്രിഗറി ആർബി പ്രഭാഷണം നടത്തി. വിശ്വസാഹോദര്യത്തിലേയ്ക്കും, സാമൂഹിക സൗഹൃദത്തിലേയ്ക്കും, വിശ്വശാന്തിയിലേയ്ക്കുമുള്ള സാമൂഹിക പ്രബോധനം നിറഞ്ഞുനിൽക്കുന്ന അമൂല്യഗ്രസ്ഥമാണ് ഫ്രത്തേലി തൂത്തി യെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതലാളിത്യവും, സന്തോഷവും, സ്നേഹവും നൽകിയ പ്രചോദനവും, മാർട്ടിൻ ലൂഥർ കിംഗ്, ഡെസ്മണ്ട് ടുട്ടു, മഹാത്മാഗാന്ധി എന്നിവരുടെ ജീവിതശൈലിയും ലേഖന രചനയ്ക്ക് സ്വാധീനം ചെലുത്തിയ ഘടകങ്ങൾ ആണ്.
പൊതുനന്മ ആഗ്രഹിക്കാത്ത രാഷ്ട്രീയം, വിഭാഗീയതയുടെ വിടവുകൾ, പ്രകൃതിയ്ക്കെതിരെയുള്ള ആക്രമണം, ഗർഭച്ഛിദ്രം, വാർധക്യത്തിൽ എത്തിയവരെയും ദരിദ്രരേയും, അംഗപരിമിതരേയും ഒഴിവാക്കുന്നതിനുള്ള പ്രവണത എന്നിവ വർധിച്ചു വരുന്നു. ഇരുളും, കരിനിഴലും, വീണ് കിടക്കുന്ന സാമൂഹിക അവസ്ഥയാണ് ഇന്ന് കാണുന്നത്. അപ്പോഴും കരുണാമയനായ ദൈവം നൻമയുടെ നല്ലവിത്തുകൾ സമൂഹത്തിൽ വിതറുന്നു. ആ വിത്തുക്കൾ മുളപ്പിച്ച് വളർത്താൻ ദൈവസൃഷ്ടിയായ മനുഷ്യർക്ക് കടമയുണ്ട്. നല്ല സമറിയക്കാരന്റെ നല്ലമനോഭാവത്തിൽ ഏവരും വളരണം, ഉണർന്ന് പ്രവർത്തിക്കുണം. അപ്പോഴാണ് ഏവരും സോദരരാകുന്നത്. മാർപാപ്പയുടെ ചാക്രികലേഖനം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട തുരുത്തുകൾ പോലെ ആകാതെ ഏവരും തുറവിയിലേയ്ക്ക് വളരണം. എല്ലാ രാജ്യവും തങ്ങൾക്ക് ലഭ്യമായ വിഭവങ്ങൾ മറ്റുള്ളവർക്കായി പങ്കിടണം. മനുഷ്യാവകാശങ്ങൾ അതിർത്തികൾ വിട്ട് ഏവരിലും പകരപ്പെടണം. അഭയാർഥികളോട് മാനുഷികവും, നീതിപൂർവകവുമായ സമീപനം സ്വീകരിക്കണം. പ്രാദേശികതയുടെ ഇടുങ്ങിയതലങ്ങളിൽ നിന്നും ഏവരും പൂർണമായും പുറത്ത് വരണം. യുദ്ധവും, യുദ്ധഭീഷണിയും ഒഴിവാക്കപ്പെടണം. മതങ്ങൾ തമ്മിൽ സാർവത്രിക സാഹോദര്യം ഉയർത്തിപ്പിടിക്കണം. പരസ്പരസംവാദത്തിലൂടെ സൗഹൃദവും, സ്വരചേർച്ചയും വളർത്തിയെടുക്കണം. ഫ്രാൻസീസ് മാർപ്പാപ്പയുടെ ഫ്രത്തേലി തൂത്തി ചാക്രികലേഖനം അതാണ് ഊന്നൽ നൽകുന്നതെന്നും ഡോ.ഗ്രിഗറി ആർബി പറഞ്ഞു. തുടർന്ന് ഫാ.ഷാജ്കുമാറിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.