തിരുവന്തപുരം: രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്കു തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു മേള ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, വികസന കമ്മീഷണര്‍ വിനയ് ഘോയല്‍, സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഒരാഴ്ച നീളുന്ന പ്രദര്‍ശന നഗരിയില്‍ മുന്നൂറോളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ചോളം വകുപ്പുകള്‍ ഒരുക്കുന്ന 20 ഓളം സേവന സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദര്‍ശന സ്റ്റാളുകള്‍, ചെറുകിട സംരംഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന 150 ഓളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മേളയിലേക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ്. വൈകുന്നേരം ആറ് വരെയായിരിക്കും സേവന സ്റ്റാളുകളുടെ പ്രവര്‍ത്തനം. പ്രവേശനം സൗജന്യമാണ്. അലങ്കാര വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും സ്റ്റാളുകളിൽ എത്തിച്ചിട്ടുണ്ട്. മുള, ഈറ്റ, ചിരട്ട തുടങ്ങിയ ജൈവ വസ്തുക്കളാല്‍ നിര്‍മിച്ച കരകൗശല വസ്തുക്കളും പാചക സഹായ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ചെറുകിട സംരംഭകര്‍ തയ്യാറാക്കിയ ശുദ്ധമായ വെളിച്ചെണ്ണ, തേന്‍, കൂണ് വിഭവങ്ങള്‍, പലഹാരങ്ങള്‍ എന്നിവ വിപണി വിലയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍ക്കുന്നത്. ബാലരാമപുരം കൈത്തറി, ഖാദി വസ്ത്രങ്ങളുടെയും പ്രാദേശികമായി നിര്‍മ്മിച്ച വിവിധ ആഭരണങ്ങളുടെ വില്പനയും മേളയില്‍ ഉള്‍പ്പെടുന്നു.