മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് 27.37 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Friday, October 22, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 27,36,57,684 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മാ​സ്റ്റ​ര്‍ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 717 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. അ​ടു​ത്തി​ടെ ര​ണ്ട് ഐ​സി​യു​ക​ളി​ലാ​യി 100 ഐ​സി​യു കി​ട​ക്ക​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.
എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പീ​ഡി​യാ​ടി​ക് കാ​ര്‍​ഡി​യാ​ക് സ​ര്‍​ജ​റി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ യൂ​ണി​റ്റ് സ​ജ്ജ​മാ​ക്കി. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് കു​ട്ടി​ക​ള്‍​ക്കു മാ​ത്ര​മാ​യി ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ​യു​ള്ള ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ തി​യ​റ്റ​ര്‍ സ്ഥാ​പി​ച്ച​ത്.
പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക് സ്ഥാ​പി​ക്കു​മെ​ന്നും ഇ​തി​നാ​യി ബ​ജ​റ്റി​ല്‍ 25 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് കൂ​ടാ​തെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്നും മ​ന്ത്രി പറഞ്ഞു.