കാട്ടാക്കട: കുറ്റിച്ചൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കന്നുകാലികളിൽ ശരീരത്തിൽ വൃണങ്ങളുണ്ടാകുന്ന രോഗം വ്യാപകം. രോഗം ബാധിച്ച പശുക്കളിൽ പാലുത്പാദനം കുറയുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കുറ്റിച്ചൽ, കോട്ടൂർ, കാപ്പുകാട് എന്നിവിടങ്ങളിലാണ് രോഗം വ്യാപകമാണ്. കാലികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ ഉണ്ടാകുന്നതാണ് ആദ്യഘട്ടം. പിന്നാലെ ഇവയെല്ലാം പഴുത്തു പൊട്ടും. വായ്ക്കുള്ളിലും നാക്കിലും വരെ വൃണമാകുന്നതോടെ ഇവ ആഹാരം എടുക്കുന്നത് നിർത്തും. തുടർന്ന് അവശരാവും.
അസുഖം കൂടുന്നതോടെ പാലുത്പാദനവും കുറയും. രോഗം മാറിയാലും പാൽ ഉത്പാദനം കുറയുകയാണ് പതിവെന്നും അവർ പറയുന്നു. ചെള്ള്, ഷഡ്പദങ്ങൾ എന്നിവ പരത്തുന്ന വൈറസ് രോഗമായ 'ലംപി സ്കിൻ ഡിസീസ്' ആണ് രോഗമെന്നും ആശങ്ക വേണ്ടെന്നും മൃഗാശുപത്രി അധികൃതർ പറയുന്നു. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന രോഗം ഗുരുതരമാകാറില്ലെന്നും അധികൃതർ പറഞ്ഞു.
എന്നാൽ, ആശുപത്രിയിൽ കന്നുകാലികളുടെ അസുഖവുമായി എത്തുന്നവരോട് ആശുപത്രിക്കുമുന്നിൽ രോഗ പ്രതിവിധിക്കുള്ള നിർദേശം പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നതല്ലാതെ കന്നുകാലികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ അധികൃതർ തയാറാകുന്നിലെന്ന് കർഷകർ ആരോപിക്കുന്നു. വെറ്റില, കുരുമുളക്, ഉപ്പ്, ശർക്കര എന്നിവയുടെ മിശ്രിതം പശുവിനെ തീറ്റാനാണ് ആശുപത്രിയ്ക്കുമുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ബോർഡ്. മറ്റൊരു ബോർഡിൽ ചെറിയ ഉള്ളി, വെളുത്തുള്ളി, കിരിയാത്ത്, വേപ്പില, കറുവ, മല്ലി, ജീരകം, മഞ്ഞൾ, തുളസിയില, വെറ്റില, കുരുമുളക്, ശർക്കര എന്നിവ അരച്ച് നൽകാനുള്ള നിർദേശമടങ്ങിയ ലിസ്റ്റും കർഷകർക്കു നൽകുന്നുണ്ട്. എന്നാൽ, ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ഫലപ്രദമായ നടപടി വേണമെന്നും അവർ ആവശ്യപ്പെടുന്നു.
യൂത്ത് കോണ്‍. ചാവടി യൂണിറ്റ്
വെള്ളറട: യൂത്ത് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മറ്റിയുടെ കീഴില്‍ ചാവടി വാര്‍ഡ് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റ് ബിജിന്, വൈസ് പ്രസിഡന്റ് അജിത്ത്, ജനറല്‍ സെക്രട്ടറി അനീഷ്, ട്രഷറര്‍ രതീഷ് കുമാര്‍ എന്നിവരെയും ശ്രീജിത്ത്, ജിനു, ഷാജി, ശ്രീജിത്ത് എന്നിവരെ കമ്മറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.