നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്ഥിരം യാത്രക്കാർക്കായി കെഎസ്ആർടിസി രൂപം നല്കിയ ബോണ്ട് പദ്ധതിയുടെ മൂന്നാമത്തെ സര്‍വീസ് ആരംഭിച്ചു.
കഴിഞ്ഞ ജൂലൈ 20 നാണ് സംസ്ഥാനത്ത് ആദ്യമായി ബോണ്ട് സർവീസിന് നെയ്യാറ്റിൻകരയിൽ തുടക്കം കുറിച്ചത്. സ്ഥിരം യാത്രക്കാർക്കായി യാത്രാ കാർഡുകൾക്ക് പുറമേ, ബസിൽ സംഗീത വിരുന്നും ക്രമീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലേക്കുള്ള ഡിമാന്റ് പരിഗണിച്ച് കഴിഞ്ഞ നവംബറിൽ രണ്ടാമത്തെ ബോണ്ട് സര്‍വീസ് തുടങ്ങി. രണ്ട് ബോണ്ട് സര്‍വീസുകളിലും ടിക്കറ്റുകൾ പൂർത്തിയായതിനെ തുടർന്നാണ് കരമന, ജഗതി, വഴുതക്കാട്, മാനവീയം വീഥി, മ്യൂസിയം വഴി വികാസ് ഭവനിലേക്ക് രാവിലെ 8.50 ന് മൂന്നാമത്തെ ബോണ്ട് സര്‍വീസ് ആരംഭിച്ചത്.
പുതിയ ബോണ്ട് സർവീസിന്റെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ നിർവഹിച്ചു. എടിഒ മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് കൗൺസിലർ അമ്മിണി, ഡിപ്പോ എൻജിനിയർ സലിംകുമാർ, ബോണ്ട് സ്പെഷൽ ഓഫീസർ സുശീലൻ മണവാരി, ജനറൽ സിഐ സതീഷ് കുമാർ, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ ഡി.സാംകുട്ടി, സൂപ്രണ്ട് വാമദേവൻ ആശാരി, നൗഷാദ് ഖാൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എൻ.കെ.രഞ്ജിത്ത്, എസ്.ജി. രാജേഷ്, കെ.എസ്. ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു. പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, വനം വകുപ്പ് ആസ്ഥാനം, പബ്ലിക് ഓഫീസ്, കോർപ്പറേഷൻ ഓഫീസ്, മ്യൂസിയം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ബോണ്ട് മൂന്നില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.ഫോൺ: 9400978103,9995707131.