ശ്രീകാര്യം : കോവിഡ് വാക്സിൻ കുത്തിവയ്പ്പിനു ജില്ലയിൽ തുടക്കമായി. 11 കേന്ദ്രങ്ങളിലായി 763 പേർ ആദ്യ ദിനം വാക്സിൻ സ്വീകരിച്ചു. ഇന്ന് അവധിയായതിനാൽ കുത്തിവയ്പ്പ് ഇല്ല. നാളെ വാക്സിനേഷൻ നടപടികൾ പുനരാരംഭിക്കും. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.ജില്ലാ കേന്ദ്രമായ പാങ്ങപ്പാറ സമഗ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ്കുമാർ, ജില്ലാ കളക്ടർ നവജ്യോത് ഖോസ, കൗൺസിലർമാരായ സ്റ്റാൻലി ഡിക്രൂസ്, ചെമ്പഴന്തി ഉദയൻ,ജില്ലാ ഇമ്യൂണൈസേഷൻ നോഡൽ ഓഫീസർ ഡോ.ദിവ്യ, ഡി .എംഒ ഡോ.ഷിനു, സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ,പാങ്ങപ്പാറ കുടുംബാരോഗ്യകേന്ദ്രം അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഡോ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
പ്രത്യകം സജ്ജമാക്കിയ വേദിയിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ചടങ്ങ് ശ്രവിച്ച ശേഷമാണ് ജില്ലാ തല ചടങ്ങുകൾ ആരംഭിച്ചത്. കോവിഡ് വൈറസിന്റെ മാതൃകയിൽ തയാറാക്കിയ രൂപത്തിൽ പ്രതീകാത്മകമായി വാക്സിനേഷൻ ഇൻജക്ട് ചെയ്തുകൊണ്ടാണ് ജില്ലാതല വാക്സിനേഷൻ പ്രവർത്തങ്ങൾക്ക് മന്ത്രി തുടക്കം കുറിച്ചത്. ആദ്യം വാക്സിൻ സ്വീകരിച്ച് മാതൃകയായത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എ. റംലാ ബീവിയും, ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.എൽ. സരിതയുമാണ്. തിരുവനന്തപുരത്ത് 11 ഇടങ്ങളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കിയത്. ജില്ലയിൽ വാക്സിൻ എടുത്തവരിൽ ഒരിടത്തും ആർക്കും ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒന്നാം ഘട്ട വാക്സിനേഷനായി ആകെ 362 പേരുടെ ലിസ്റ്റാണ് തയാറാക്കിയിട്ടുള്ളത്.
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആരംഭിച്ച കോവിഡ് വാക്സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ നിർവഹിച്ചു.ആശുപത്രി ജീവനക്കാരായ അജിഷ് ഭാസ്, ബാലു പുഞ്ചപ്പാടം എന്നിവർ ആദ്യമായി വാക്സിനേഷൻ എടുത്തു.ആദ്യ ദിവസം 100ആരോഗ്യപ്രവർത്തകർക്കാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വാക്സിനേഷൻ നൽകിയത്.ആശുപത്രി സൂപ്രണ്ട് ഡോ. ശില്പ ബാബു തോമസ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി. ഹരികേശൻ നായർ, അജിത, വാർഡ് കൗൺസിലർ ആദിത്യ വിജയകുമാർ,നഴ്സിംഗ് സൂപ്രണ്ട് എസ്.സുജാത , പബ്ലിക് ഹെൻത്ത് നഴ്സ് കെ.ഒ. ലത എന്നിവർ പങ്കെടുത്തു.
ജില്ലയിൽ 377 പേര്‍ക്കു കൂടി കോവിഡ്
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 377 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 361 പേര് രോഗമുക്തരായി.
നിലവില്‍ 3,544 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 278 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു ആരോഗ്യപ്രവര്‍ത്തകരും ഉൾപ്പെടും.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,356 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,502 പേര് വീടുകളിലും 76 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,138 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.