തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന എഴുത്തുകാരന്റെ ഗ്രന്ഥപ്പുരയിൽ നിന്ന് പുസ്തകങ്ങളും കൈയൊപ്പും തേടിയുള്ള യാത്ര പെരുമ്പടവം ശ്രീധരന്റെ വീട്ടിലെത്തി. പെരുമ്പടവത്തിന്റെ പുസ്തകശേഖരം പ്രിൻസിപ്പൽ റവ.ഡോ.സി.സി.ജോൺ ഏറ്റുവാങ്ങി.
ഹെഡ്മാസ്റ്റർ എബി ഏബ്രഹാം,ബിന്നി സാഹിതി,മനോജ് ഏബ്രഹാം ,സി. റീജ ,പ്രിൻസ് രാജ് , പെരുമ്പടവം ശ്രീധരന്റെ മകൾ അല്ലി എന്നിവർ പങ്കെടുത്തു.
പുസ്തകയാത്ര ഇന്ന് എഴുത്തച്ഛൻ പുരസ്കാര ജേതാവ് സഖറിയ, മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം, എഴുത്തുകാരി കെ.എ. ബീന, റോസ് മേരി , സുനിത ,ചലച്ചിത്ര സംവിധായകൻ മധുപാൽ, ഏറ്റവും പ്രായം കുറഞ്ഞ സഞ്ചാര സാഹിത്യകാരി സെറ മറിയം ബിന്നി എന്നിവരുടെ വീടുകളിൽ എത്തി സ്വന്തം പുസ്തകങ്ങളും കളക്ഷനും ഏറ്റുവാങ്ങും.
രാവിലെ ഒന്പതിന് കെ.എ. ബീനയുടെ വീട്ടിൽ നിന്നാരംഭിക്കുന്ന പുസ്തക യാത്ര സഖറിയുടെ വസതിയിൽ സമാപിക്കും. നാളെ വയലാർ പുരസ്കാര ജേതാവ് വി.ജെ. ജയിംസിന്റെ വീട്ടിൽ സാംസ്കാരിക കൂട്ടായ്മ ഒരുക്കിയാണ് പുസ്തകയാത്രയ്ക്ക് ഒരുങ്ങുന്നതെന്ന് കോ-ഒാർഡനേറ്റർ ബിന്നി സാഹിതി പറഞ്ഞു.
കഴിഞ്ഞ ദിവസം മുൻ ഡിപിഐയും വയലാർ അവാർഡ് ജേതാവുമായ കെ.വി. മോഹൻ കുമാർ ,ജേക്കബ് സാംസൺ ,കവി പ്രഫ. ദേശമംഗലം രാമകൃഷ്ണൻ, സാഹിത്യ നിരൂപകൻ ഡോ. എ. എം. ഉണ്ണി കൃഷ്ണൻ,ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ,പിആർഡി ഡപ്യൂട്ടി ഡയറക്ടർ സലിൻ മാങ്കുഴി എന്നിവരുടെ ഗ്രന്ഥപ്പുരയിൽ നിന്ന് എഴുത്തുകാരന്റെ മുഴുവൻ രചനകളുടേയും പ്രതികൾ സ്കൂൾ ലൈബ്രററിക്ക് സംഭാവന ചെയ്തിരുന്നു.