Jeevithavijayam
1/25/2023
    
കണ്ണുകളുടെ ശക്തി
പ്രസിദ്ധ സംഗീതജ്ഞനും 191920 കാലഘട്ടത്തില്‍ പോളണ്ടിലെ പ്രധാനമന്ത്രിയുമായിരുന്നു ഇഗ്‌നാസ് പാദരെവ്‌സ്‌കി (18601941). ഒരിക്കലദ്ദേഹം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തിലെത്തി. തെരുവിലൂടെ നടന്നുപോകുമ്പോള്‍ ഷൂ പോളീഷ് ചെയ്യുന്ന ഒരു പയ്യന്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടി.

''ഞാന്‍ താങ്കളുടെ ഷൂ പോളീഷ് ചെയ്തുതരട്ടെയോ?'' പയ്യന്‍ പാദരെവ്‌സ്‌കിയോടു ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''വേണ്ട. എന്നാല്‍, നീ പോയി നിന്റെ മുഖം കഴുകി വൃത്തിയാക്കിയിട്ടു വരികയാണെങ്കില്‍ ഞാന്‍ നിനക്ക് അല്പം ചില്ലറ തരാം.''

ഇതുകേട്ടയുടനേ പയ്യന്‍ പോയി അടുത്തകണ്ട ഒരു പൈപ്പില്‍നിന്നു വെള്ളമെടുത്തു മുഖം കഴുകി തിരിച്ചുവന്നു. അപ്പോള്‍ പാദരെവ്‌സ്‌കി ഒന്നുരണ്ടു ചില്ലറ നാണയങ്ങള്‍ അവന്റെനേരെ നീട്ടി. അവന്‍ അത് ആദരപൂര്‍വം വാങ്ങിയിട്ടു തിരികെ കൊടുത്തുകൊണ്ടുപറഞ്ഞു: ''സര്‍, താങ്കള്‍ ഈ പണം കൊണ്ടുപോയി നല്ല ഒരു ബാര്‍ബറെ കണ്ടുപിടിച്ചു താങ്കളുടെ മുടിവെട്ടി വൃത്തിയാക്കൂ.''

ഷൂ പോളീഷ് ചെയ്തു നടന്നിരുന്ന പയ്യന്റെ മുഖത്തു തീര്‍ച്ചയായും അഴുക്കു പുരണ്ടിട്ടുണ്ടായിരിക്കണം. അതുകൊണ്ടാണല്ലോ അതു കഴുകിക്കളയാന്‍ പാദരെവ്‌സ്‌കി ആവശ്യപ്പെട്ടത്. എന്നാല്‍, അങ്ങനെ ചെയ്തപ്പോള്‍ അമിതമായി വളര്‍ന്നു പാറിപ്പറന്നു കിടന്നിരുന്ന തന്റെ തലമുടിയെക്കുറിച്ച് അദ്ദേഹം ഓര്‍മിച്ചോ? ഇല്ല.

സ്വന്തം കണ്ണില്‍ തടി കിടന്നപ്പോള്‍ അന്യന്റെ കണ്ണിലെ കരട് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചയാളാണ് പാദരെവ്‌സ്‌കി. ഇതിനു നാം അദ്ദേഹത്തെ പഴിചാരിയേക്കാം. എന്നാല്‍ നമ്മുടെ സ്ഥിതി ഇതില്‍നിന്നു വിഭിന്നമാണോ?

ശരിയായ ശിക്ഷണവും പരിശീലനവും നല്‍കാന്‍വേണ്ടി മാതാപിതാക്കള്‍ മക്കളുടേയും അധ്യാപകര്‍ വിദ്യാര്‍ഥികളുടേയുമൊക്കെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും അവ തിരുത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യേണ്ടതാവശ്യമാണ്. എന്നാല്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍പോലും സ്വന്തം കണ്ണിലെ തടി എടുത്തുകളഞ്ഞിട്ടല്ലാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്തുമാറ്റാന്‍ സാധിക്കുകയില്ല എന്നത് ആരും മറക്കേണ്ട.

പുകവലിക്കുന്ന പിതാവിനു തന്റെ മക്കള്‍ പുകവലിക്കരുതെന്ന് എങ്ങനെ നിര്‍ബന്ധം പിടിക്കാനാകും?

അല്ലെങ്കില്‍, മദ്യപനായ മനുഷ്യനു തന്റെ മക്കള്‍ മദ്യപിക്കരുതെന്ന് എങ്ങനെ നിര്‍ദേശിക്കാനാവും?

നമ്മുടെ അധികാര പരിധിയില്‍ വരുന്നവരുടെ തെറ്റുകളും കുറ്റങ്ങളും തിരുത്താനുള്ള കടമ നമുക്കുണ്ട് എന്നതു ശരിതന്നെ. എന്നാല്‍ നാം അങ്ങനെ ചെയ്യാന്‍ മുതിരുമ്പോള്‍ അതിനുള്ള ധാര്‍മിക ശക്തി നമുക്കുണെ്ടന്ന് ഉറപ്പുവരുത്തിയേ മതിയാകൂ. അല്ലെങ്കില്‍, കാപട്യത്തിന്റെ മുഖംമൂടി അണിയേണ്ട ദുഃസ്ഥിതി നമുക്കുവന്നുചേരും. അപ്പോള്‍, ഒരുപക്ഷേ നമ്മുടെ കാപട്യമാകും നാം തിരുത്താന്‍ ശ്രമിക്കുന്ന കുറ്റത്തേക്കാള്‍ ഹീനവും അപഹാസ്യവുമായിട്ടുള്ളത്.


മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കാണുന്നതിനുള്ള ഒരു പ്രത്യേക ശക്തി നമ്മുടെ കണ്ണുകള്‍ക്കുണെ്ടന്നതു ശരിതന്നെ. എന്നാല്‍, ഈ ശക്തിയുടെ ഉപയോഗത്തില്‍ നാം വേണ്ടവിധം ശ്രദ്ധിച്ചേ മതിയാകൂ. ഒരുപക്ഷേ, കണ്ണുകളുടെ ഈ പ്രത്യേക ശക്തി നമ്മുടെ സ്വന്തം കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നതാവും ഏറെ നല്ലത്.

മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കാണുന്നതിനുള്ള പ്രത്യേക ശക്തി കണ്ണുകള്‍ക്കുള്ളതുകൊണ്ട് പലപ്പോഴും നമ്മുടെ സംഭാഷണ വിഷയങ്ങള്‍പോലും മറ്റുള്ളവരുടെ കുറ്റങ്ങളിലും കുറവുകളിലും കേന്ദ്രീകരിക്കാനിടയാകുന്നു. പക്ഷേ, ഈ പ്രവൃത്തിവഴി നമുക്കോ മറ്റാര്‍ക്കെങ്കിലുമോ എന്തെങ്കിലും നേട്ടമുണ്ടാകുന്നുണേ്ടാ? നേരെ മറിച്ച് ഇതുവഴി നമുക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന നഷ്ടം അതിഭീമമല്ലേ?

തെറ്റുകള്‍ കണ്ടാല്‍ അതിനെതിരായി നാം ശബ്ദമുയര്‍ത്തണം. അതുപോലെ ധര്‍മത്തിനും നീതിക്കും വേണ്ടി സുധീരം അടരാടുകയും വേണം. എന്നാല്‍ എന്തിനും ഏതിനും കുറ്റം പറയുകയും പഴിചാരുകയും മാത്രം ചെയ്തുകൊണ്ട് എന്തു നേടാനാണ്?

തെറ്റുകള്‍ക്കെതിരേ നാം ശബ്ദമുയര്‍ത്തുന്നെങ്കില്‍ അതു തെറ്റുതിരുത്തപ്പെടാന്‍വേണ്ടിയുള്ള ആത്മാര്‍ഥമായ ആഗ്രഹത്തില്‍നിന്ന് ഉടലെടുക്കുന്നതാകട്ടെ. അതുപോലെ, സത്യത്തിനും നീതിക്കുംവേണ്ടി പടവെട്ടുന്നെങ്കില്‍ അതു സത്യവും നീതിയും ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാകട്ടെ. സ്വന്തം താത്പര്യങ്ങള്‍ക്കുവേണ്ടിയാണ് 'സത്യവും നീതി'യുമൊക്കെ നാം ഉപയോഗിക്കുന്നതെങ്കില്‍ നമ്മുടെ സ്ഥിതി ഏറെ ദയനീയമെന്നേ പറയേണ്ടൂ.

മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ കാണുന്നതിന് അമിതമായ ശക്തി നമ്മുടെ കണ്ണുകള്‍ക്കുണെ്ടങ്കില്‍ അവ മറ്റുള്ളവരുടെ നന്മകള്‍ കാണുന്നതിനുവേണ്ടി നമുക്കു മാറ്റി ഉപയോഗിക്കാം. അതാണു നമുക്കും മറ്റുള്ളവര്‍ക്കും ഏറെ നല്ലത്. പ്രത്യേകിച്ചും നമുക്ക്.
    
To send your comments, please clickhere