Jeevithavijayam
8/6/2022
    
സ്‌ക്രിപ്റ്റില്‍നിന്നു വ്യതിചലിക്കാതിരുന്നാല്‍
പോളിഷ് സാഹിത്യകാരന്‍ ഹെന്റിക് സിയങ്കോവിച്ച് ജന്മം നല്‍കിയ അതിമനോഹരമായ ഒരു ചരിത്ര നോവലാണ് 'ക്വോ വാദിസ്.' 1895ല്‍ മൂന്നു പോളിഷ് ദിനപത്രങ്ങളില്‍ ഒരേ സമയം തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ പിറ്റേവര്‍ഷം പുസ്തക രൂപത്തില്‍ പുറത്തിറങ്ങി. മലയാളം ഉള്‍പ്പെടെ അമ്പതിലേറെ ഭാഷകളിലേക്ക് ഇതിനകം വിവര്‍ ത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ നോവല്‍ 1905ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടുന്നതിനു സിയങ്കോവിച്ചിനെ ഏറെ സഹായിക്കുകയുണ്ടായി.

റോമന്‍ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ ഭരണകാലമാണ് ഈ നോവലിന്റെ പശ്ചാത്തലം. നീറോ ചക്രവര്‍ത്തിയുടെ കാലത്തു റോമില്‍ നടമാടിയ മതപീഡനം ഒരു ചരിത്രകാരന്റെ സൂക്ഷ്മതയോടെയാണ് സിയങ്കോവിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

സിയങ്കോവിച്ചിന് അന്താരാഷ്ട്ര പ്രസി ദ്ധി നേടിക്കൊടുത്ത ഈ നോവല്‍ സിനിമാ രൂപത്തില്‍ ഇതിനോടകം പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രസിദ്ധമായത് 1951ല്‍ ഹോളിവുഡില്‍ നിന്നു പുറത്തിറങ്ങിയ സിനിമയാണ്. 'ക്വോവാദിസ്' എന്ന പേരില്‍ത്തന്നെയുള്ള ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മെര്‍വിന്‍ ലീറോലിയും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നതു റോബര്‍ട്ട് ടെയ്‌ലര്‍, ഡെബോറ കെര്‍ എന്നിവരുമാണ്.

ലിജിയ എന്ന ക്രിസ്ത്യാനിപ്പെണ്‍കുട്ടിയും മാര്‍ക്കസ് എന്ന റോമന്‍ പ്രഭുവും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ അലറുന്ന സിംഹങ്ങള്‍ ലിജിയയെ കടിച്ചുകീറാന്‍ പാഞ്ഞടുക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞ അവസരത്തില്‍ ഒരു പത്ര റിപ്പോര്‍ട്ടര്‍ ഡെബോറയെ സമീപിച്ച് ചോദിച്ചു: ''സിംഹങ്ങള്‍ പാഞ്ഞുവരുന്നതു കണ്ടപ്പോള്‍ ഭയപ്പെട്ടുപോയില്ലേ?''

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ഡെ ബോറ പറഞ്ഞു:''എനിക്കല്പം പോലും ഭയം തോന്നിയില്ല. കാരണം, തിരക്കഥ ഞാന്‍ നന്നായി വായിച്ചിരുന്നു. അതില്‍ പറഞ്ഞിരുന്നതനുസരിച്ച്, സിംഹങ്ങളുടെ വായില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുവാനുള്ള സംവിധാനം നിര്‍മാതാക്കള്‍ ചെയ് തിട്ടുണ്ടായിരുന്നു.''

അഭിനയിക്കുമ്പോഴാണെങ്കിലും സിംഹങ്ങള്‍ പാഞ്ഞുവരുന്നതു കാണുമ്പോള്‍ സാധാരണക്കാര്‍ ഭയപ്പെട്ടു പോവില്ലേ? എന്നാല്‍ ഡെബോറയ്ക്ക് അല്പം പോലും ഭയം തോന്നിയില്ല. കാരണം, സിംഹങ്ങള്‍ ആക്രമിക്കുന്നതിനു മുന്‍പ് അവയെ നിയന്ത്രിക്കുന്നവര്‍ തന്നെ രക്ഷപ്പെടുത്തുമെന്നു ഡെ ബോറയ്ക്ക് ഉറപ്പുണ്ടായിരുന്നു. അവരുടെ പ്രതീക്ഷ തെറ്റിയതുമില്ല. സിംഹങ്ങളുടെ പരിശീലകര്‍ നടിയെ അപകടം കൂടാതെ രക്ഷിച്ചു.

സിംഹങ്ങളല്ലെങ്കിലും സിംഹങ്ങളെപ്പോലെ നമ്മെ കടിച്ചുകീറുവാന്‍ വെമ്പല്‍ പൂണ്ടുനില്‍ക്കുന്ന മനുഷ്യരും സാഹചര്യങ്ങളുമായിരിക്കും ചിലപ്പോഴെങ്കിലും നമുക്കഭിമുഖീരിക്കേണ്ടിവരിക. അങ്ങനെയുള്ള അവസരങ്ങളില്‍ ഭയപ്പെടാതെയും പതറാതെയും നില്‍ക്കുവാന്‍ നമുക്കു സാധിക്കുമോ? നമ്മില്‍ അപൂര്‍ വം പേര്‍ക്കു മാത്രമേ അങ്ങനെ സാധിച്ചുവെന്നു വരൂ. സാധാരണഗതിയില്‍ നാം അപ്പോള്‍ ഭയന്നു വിറങ്ങലിച്ചു നില്‍ക്കുവാനാണു സാധ്യത.


എന്നാല്‍, നമ്മെക്കുറിച്ചുള്ള 'സ്‌ക്രിപ്റ്റ്' നമുക്കു ശരിക്ക് അറിയാമെങ്കില്‍ ഏതു പേടിപ്പെടുത്തുന്ന സാഹചര്യത്തിലും നാം പതറിപ്പോവുകയില്ല. എന്താണു നമ്മെക്കുറിച്ചുള്ള സ്‌ക്രിപ്റ്റ്? ആരാണു നമ്മെക്കുറിച്ചുള്ള സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്?

നമ്മുടെ ജീവിതം ഏതുരീതിയില്‍ മുന്നോട്ടുള്ള പോകണമെന്നു നിര്‍ദേശിക്കുന്ന ഒരു സ്‌ക്രിപ്റ്റ് നാം ജനിക്കുന്നതിന് എത്രയോ മുന്‍പു തന്നെ തയാറാക്കപ്പെട്ടിട്ടുണ്ട്. ആ സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നതു മറ്റാരുമല്ല, ദൈവം തന്നെയാണ് എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം.

ദൈവമാണു നമ്മെക്കുറിച്ചുള്ള സ്‌ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നതെങ്കില്‍ നാം പേടിക്കേണ്ട കാര്യമില്ലെന്നതാണു വാസ്തവം. കാരണം, ദൈവം നമുക്കുവേണ്ടി തയാറാക്കുന്ന സ്‌ക്രിപ്റ്റ് ഏറ്റവും വിശിഷ്ടമായിരിക്കുമെന്നതില്‍ സംശയം വേണ്ട.

എന്നാല്‍, പ്രശ്‌നം അതല്ല. ദൈവം നമ്മെക്കുറിച്ച് എത്ര നല്ല സ്‌ക്രിപ്റ്റ് തയാറാക്കിയാലും നാം അതനുസരിച്ചു മുന്നോട്ടു പോകുവാന്‍ വിസമ്മതിക്കുന്നു എന്നതാണു പ്രശ്‌നം. ദൈവത്തിനു നമ്മെക്കുറിച്ചുള്ള പ്ലാനും പദ്ധതിയും ഏറ്റവും മെച്ചപ്പെട്ടതാണെങ്കിലും നാം അതിന്റെ മേന്മ അറിയാതെ പോകുന്നു. എന്നു മാത്രമല്ല, ദൈവം പറയുന്ന വഴി യേ എന്നതിനെക്കാള്‍ സ്വയം തോന്നുന്ന വഴിയേ പോകുവാന്‍ നാം ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ നാം സ്വന്തം വഴി യേ പോകുമ്പോഴാണു നമ്മുടെ ജീവിതം പരാജയത്തിലേക്കു കൂപ്പുകുത്തുന്നത്.

ദൈവം നമുക്കായി തയാറാക്കിയിരിക്കുന്ന സ്‌ക്രിപ്റ്റനുസരിച്ച് നമ്മുടെ ജീവിതത്തില്‍ ക്ലേശങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും സ്ഥാനമില്ലെന്നു കരുതേണ്ട. ദൈവത്തിന്റെ സ്‌ക്രിപ്റ്റില്‍ നമുക്കായി തീര്‍ച്ചയായും വേദനകളും കഷ്ടപ്പാടുകളും ഉണ്ടാകും. എന്നാല്‍, അവയൊന്നും നമ്മുടെ ജീവിതത്തെ തകര്‍ക്കുവാന്‍ ദൈവം അനുവദിക്കുകയില്ലെന്നതാണു വസ്തുത. എന്നു മാത്രമല്ല, നാം പതറിപ്പോകാതിരിക്കുവാന്‍ അവിടുന്നു നമ്മെ സഹായിക്കുകയും ചെയ്യും.

ദൈവത്തിന്റെ സ്‌ക്രിപ്റ്റനുസരിച്ചു മുന്നോട്ടു പോകുവാനുള്ള സന്നദ്ധത നമുക്കുണ്ടായാല്‍ നമ്മുടെ ജീവിതം പരിപൂര്‍ണമായി വിജയിക്കുകതന്നെ ചെയ്യും.

നമ്മുടെ ജീവിതത്തില്‍ പലപ്പോഴും പരാജയങ്ങളും തിരിച്ചടികളും അനുഭവപ്പെട്ടെന്നിരിക്കും. പക്ഷേ, അതുകൊണെ്ടാന്നും നാം ഭയപ്പെടരുത്. ആ പരാജയങ്ങളും തിരിച്ചടികളും പോലും നമ്മു ടെ നന്മയ്ക്കായി മാറ്റുവാന്‍ ദൈവത്തിനു സാധിക്കും. നാം ശരിക്കും ഭയപ്പെടേണ്ടത് നമുക്കുണ്ടാകുന്ന പരാജയങ്ങളെയും തിരിച്ചടികളെയുമല്ല; പ്രത്യുത, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന സ്‌ക്രിപ്റ്റില്‍ നിന്നു വ്യതിചലിക്കുവാനുള്ള നമ്മുടെ വ്യഗ്രതയെയാണ്.

ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന സ്‌ക്രിപ്റ്റനുസരിച്ചു മുന്നോട്ടു പോകുവാന്‍ നമുക്കു ശ്രമിക്കാം. അപ്പോള്‍ ഒന്നിനെക്കുറിച്ചും നമുക്കു ഭയപ്പെടേണ്ടിവരില്ല; എല്ലാ കാര്യങ്ങളും നമ്മുടെ നന്മയ്ക്കായി ഭവിക്കകയും ചെയ്യും.
    
To send your comments, please clickhere