Jeevithavijayam
6/23/2022
    
അക്ബര്‍ പഠിച്ച പാഠം
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ ഉപദേശകനായ ബീര്‍ബലും കൂടി കാട്ടില്‍ നായാട്ടിനുപോയി. നായാട്ടിനിടയില്‍ അക്ബറിന്റെ ഒരു കൈവിരലിനു സാരമായ പരിക്കേറ്റു. വേദനകൊണ്ടു പുളഞ്ഞ അക്ബറിന്റെ കൈവിരലിലെ മുറിവ് ബീര്‍ബല്‍ പച്ചമരുന്നുകൊണ്ടു വച്ചുകെട്ടി.

മരുന്നു വച്ചുകെട്ടുന്നതിനിടയില്‍ ബീര്‍ബല്‍, ചക്രവര്‍ത്തിയുടെ മുഖത്തു നോക്കിക്കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു: ''തിരുമേനീ, നമുക്കു സംഭവിക്കുന്നതെല്ലാം നമ്മുടെ നന്മയ്ക്കാണെന്ന് നമുക്ക് അത്രവേഗം അറിയാനാവില്ല.

വേദനകൊണ്ടു വിഷമിച്ച അക്ബറിന് ബീര്‍ബലിന്റെ ഉപദേശം അത്ര രസിച്ചില്ല. എന്നുമാത്രമല്ല, അക്ബറിനു ബീര്‍ബലിനോടു കടുത്ത ദേഷ്യവും തോന്നി. ആ ദേഷ്യത്തിന്റെ ഫലമായി ബീര്‍ബലിനെ അടുത്തുകണ്ട ഒരു പൊട്ടക്കിണറ്റിലേക്ക് അക്ബര്‍ തള്ളിയിടുകയും ചെയ്തു.

അതിനുശേഷം അക്ബര്‍ തനിയെ കാട്ടിലൂടെ മുന്നോട്ടുപോയി. അധികം താമസിയാതെ ഒരുസംഘം കാട്ടുജാതിക്കാര്‍ അക്ബറിനെ തടവിലാക്കി അവരുടെ തലവന്റെ സന്നിധിയില്‍ ഹാജരാക്കി.

നരബലി നടത്തിയിരുന്ന കാട്ടുജാതിക്കാരായിരുന്നു അവര്‍. അക്ബറിനെ തങ്ങളുടെ സമീപമെത്തിച്ചതു തങ്ങളുടെ ദൈവംതന്നെയാണെന്നു കരുതി അവര്‍ അദ്ദേഹത്തെ വധിക്കാനൊരുങ്ങി. അക്ബറിനെ വധിച്ച് ബലിയര്‍പ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ പുരോഹിതന്‍ അദ്ദേഹത്തെ പരിശോധിച്ചു.

അപ്പോള്‍ അക്ബറിന്റെ കൈവിരലിലെ മുറിവു വച്ചുകെട്ടിയത് പുരോഹിതന്റെ ശ്രദ്ധയില്‍പ്പെട്ടു. കാട്ടുജാതിക്കാരുടെ നിയമമനുസരിച്ച് പൂര്‍ണ ആരോഗ്യവാനായ മനുഷ്യനെമാത്രമേ അവര്‍ നരബലിക്ക് തെരഞ്ഞെടുക്കുമായിരുന്നുള്ളൂ. തന്മൂലം അക്ബര്‍ നരബലിക്ക് പറ്റിയ ആളല്ലെന്നു മനസിലാക്കി അവര്‍ അദ്ദേഹത്തെ വെറുതേവിട്ടു.

കാട്ടുജാതിക്കാരുടെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ സാധിച്ചത് തന്റെ കൈവിരലിലെ മുറിവു മൂലമാണല്ലോ എന്ന് ഓര്‍മിച്ചപ്പോള്‍, ബീര്‍ബല്‍ മുമ്പു പറഞ്ഞത് എത്രയോ ശരിയാണെന്ന് അക്ബറിനു തോന്നി. താന്‍ ബീര്‍ബലിനോടു ചെയ്തത് വലിയ അപരാധമായിപ്പോയി എന്നദ്ദേഹം മനസിലാക്കി.

പശ്ചാത്താപമുള്ള ഹൃദയത്തോടെ അക്ബര്‍ ബീര്‍ബലിന്റെ അരികിലേക്ക് ഓടി. ബീര്‍ബല്‍ അപ്പോഴും പഴയ പൊട്ടക്കിണറ്റില്‍ത്തന്നെയായിരുന്നു. അക്ബര്‍ താന്‍ ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചുകൊണ്ട് ബീര്‍ബലിനെ പൊട്ടക്കിണറ്റില്‍നിന്നു രക്ഷപ്പെടുത്തി.

അപ്പോള്‍ ഒരു പുഞ്ചിരിയോടെ ബീര്‍ബല്‍ പറഞ്ഞു: ''തിരുമേനീ, അങ്ങ് എന്നോടു മാപ്പപേക്ഷിക്കേണ്ട ഒരു കാര്യവുമില്ല. എന്തെന്നാല്‍, അങ്ങ് എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. നേരേ മറിച്ച് അങ്ങ് എന്റെ ജീവന്‍ രക്ഷിക്കുകയാണു ചെയ്തത്.

ബീര്‍ബലിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അക്ബര്‍ അന്തംവിട്ടു നിന്നു. അപ്പോള്‍ ബീര്‍ബല്‍ പറഞ്ഞു: ''അങ്ങ് എന്നെ പൊട്ടക്കിണറ്റില്‍ എറിയാതിരിക്കുകയും ഞാന്‍ അങ്ങയുടെ കൂടെ യാത്രചെയ്യുകയും ചെയ്തിരുന്നെങ്കില്‍ എന്നെ ആ കാട്ടുജാതിക്കാര്‍ നരബലിക്ക് തെരഞ്ഞെടുക്കുമായിരുന്നു. നോക്കൂ, ഞാന്‍ മുമ്പു പറഞ്ഞതു ശരിയല്ലേ? നമുക്കു സംഭവിക്കുന്നവയെല്ലാം നമ്മുടെ നന്മയ്ക്കാണോ നമ്മുടെ തിന്മയ്ക്കാണോ എന്ന് അത്രവേഗം നമുക്ക് അറിയാന്‍ സാധിക്കുന്നുണേ്ടാ?


നമ്മുടെ ജീവിതത്തില്‍ ദുഃഖങ്ങള്‍ കടന്നുവരുമ്പോള്‍ അതുനമ്മുടെ തിന്മയ്ക്കാണെന്നല്ലേ നാം സാധാരണയായി കരുതാറുള്ളത്? എന്നാല്‍, ബീര്‍ബല്‍ പറഞ്ഞതുപോലെ, നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നവയെല്ലാം നമ്മുടെ നന്മയ്ക്കാണോ തിന്മയ്ക്കാണോയെന്ന് അവ സംഭവിക്കുന്ന അവസരത്തില്‍ നമുക്കു തീര്‍ത്തുപറയുവാന്‍ സാധിക്കില്ല.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നവയെല്ലാം നമ്മുടെ നന്മയ്ക്കാണെന്നു പറഞ്ഞാല്‍ അത് ഏറെ ശരിയാകാനാണു സാധ്യത. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കും അവിടുത്തെ കല്പനകള്‍ പാലിക്കുന്നവര്‍ക്കും എല്ലാം നന്മയ്ക്കായിട്ടാണു സംഭവിക്കുന്നതെന്നല്ലേ ബൈബിള്‍ പഠിപ്പിക്കുന്നത്?

അക്ബറിന്റെ കൈവിരലിലെ മുറിവ് തിന്മയായിട്ടാണ് അക്ബര്‍ ആദ്യം കണ്ടത്. എന്നാല്‍, ആ മുറിവ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു.

നമ്മുടെ ജീവിതത്തിലുണ്ടായിട്ടുള്ള ചില ദുഃഖങ്ങളെങ്കിലും നമ്മുടെ നന്മയ്ക്കും നമ്മുടെ മൊത്തത്തിലുള്ള അഭിവൃദ്ധിക്കും വഴിതെളിച്ചിട്ടുള്ള അനുഭവങ്ങള്‍ നമുക്കു ചൂണ്ടിക്കാണിക്കാനാവില്ലേ?

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട് യേശുവിന്റെ പക്കല്‍ ഹാജരാക്കപ്പെട്ട പാപിനിയുടെ കഥ ബൈബിളില്‍ നാം വായിക്കുന്നുണ്ടല്ലോ. വ്യഭിചാരത്തിന് പിടിക്കപ്പെട്ടപ്പോള്‍ ആ സ്ത്രീ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് അതിയായി ദുഃഖിച്ചുകാണുകയില്ലേ? എന്നാല്‍, യേശുവിന്റെ കാരുണ്യത്തിന് അര്‍ഹയായി തന്റെ ജീവനും ആത്മാവും വീണ്ടുകിട്ടിയപ്പോള്‍ താന്‍ പിടിക്കപ്പെട്ടതു വലിയ ദൈവാനുഗ്രഹമായെന്ന് അവള്‍ അറിഞ്ഞു.

നമ്മുടെ ജീവിതത്തില്‍ എന്തുസംഭവിച്ചാലും അതു നമ്മുടെ നന്മയ്ക്കായി മാറ്റാന്‍ ദൈവത്തിനു സാധിക്കുമെന്നതു നാം ഒരിക്കലും മറക്കരുത്. ദൈവമാണ് ഈ ലോകം ഭരിക്കുന്നതും നയിക്കുന്നതും നിയന്ത്രിക്കുന്നതും. അവിടുത്തെ കരങ്ങളില്‍ നമ്മുടെ ലോകവും ജീവനുമൊക്കെ സുരക്ഷിതമാണെന്ന് അടിയുറച്ച് വിശ്വസിക്കാം. അതോടൊപ്പം നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന സകല ദുഃഖങ്ങളും നമ്മുടെ നന്മയ്ക്കായി ദൈവം വിനിയോഗിച്ചുകൊള്ളുമെന്നും നമുക്ക് ഉറച്ചു വിശ്വസിക്കാം.

ഇന്നത്തെ ദുഃഖങ്ങളും ദുരിതങ്ങളും തിന്മയാണെന്നു വിധിയെഴുതാന്‍ വരട്ടെ. ഇന്നു തിന്മയാണെന്നു നാം കരുതുന്ന കാര്യങ്ങള്‍ പലതും ദൈവത്തിന്റെ പരിപാലനയില്‍ നാളെ നന്മയായി വരാം. അക്ബര്‍ സ്വന്തം അനുഭവത്തിലൂടെ മനസിലാക്കിയ ഈ സത്യം എന്നും ഓര്‍മയിലുണ്ടാവട്ടെ.
    
To send your comments, please clickhere