Jeevithavijayam
9/15/2021
    
അനുകന്പയോടെ വീക്ഷിക്കുന്പോൾ
ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ കഴിയുന്ന കാലം. ഗുജറാത്തിൽനിന്നുള്ള ഒരു ബിസിനസുകാരനായ ദാദാ അബ്ദുള്ളാ സേട്ടിന്‍റെ ഒരു കേസ് നടത്തുന്നതിന് 1893ൽ ഇന്ത്യയിൽനിന്ന് എത്തിയതായിരുന്നു അദ്ദേഹം.

ഒരുദിവസം പതിവുപോലെ ഗാന്ധിജി നടക്കാൻ പോയി. ഗാന്ധിജി അന്നു നടന്നുപോയത് അക്കാലത്തെ ഭരണാധിപനായിരുന്ന പ്രസിഡന്‍റ് ക്രൂഗറുടെ വസതിയുടെ മുന്നിലൂടെയായിരുന്നു. യാത്രക്കാർക്കുള്ള നടപ്പാതയിലൂടെ ഗാന്ധിജി നടന്നുപോകുന്പോൾ ക്രൂഗറുടെ വീടിനുമുന്നിൽ കാവൽനിന്നിരുന്ന പാറാവുകാരൻ യാതൊരു മുന്നറിയിപ്പും കൂടാതെ ഗാന്ധിജിയെ ചവിട്ടി തെരുവിലേക്കു തള്ളിയിട്ടു.

ഗാന്ധിജി ആകപ്പാടെ ഭയന്നുപോയി. അദ്ദേഹം ദേഹത്തെ പൊടിയെല്ലാം തട്ടിക്കളഞ്ഞ് എഴുന്നേൽക്കുന്പോൾ അദ്ദേഹത്തിന്‍റെ സുഹൃത്തായ കോട്സ് എന്ന വെള്ളക്കാരൻ കുതിരപ്പുറത്ത് ആ വഴിയേ വന്നു.

ഗാന്ധിജിയുടെ അടുത്തെത്തിയ കോട്സ് പറഞ്ഞു: ന്ധന്ധഞാനെല്ലാം കണ്ടു. നിങ്ങൾ ഇത്ര ക്രൂരമായി കൈയേറ്റം ചെയ്യപ്പെട്ടതിൽ ഞാൻ ഖേദിക്കുന്നു. അയാൾക്കെതിരായി നിയമനടപടി എടുക്കുകയാണെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സാക്ഷിപറയാം.’’

ഗാന്ധിജി മറുപടിയായി പറഞ്ഞു: ന്ധന്ധനിങ്ങൾ വ്യസനിക്കേണ്ട. ഈ പാവത്തിന് എന്തറിയാം? വെള്ളക്കാരനല്ലാത്ത എല്ലാവരും അയാൾക്ക് ഒരുപോലെയാണ്. നീഗ്രോകളെ സാധാരണ ഇയാൾ കൈകാര്യം ചെയ്യുന്നതുപോലെയായിരിക്കണം എന്നെയും കൈകാര്യം ചെയ്തത്. ഏതായാലും ഇയാൾക്കെതിരായി നിയമനടപടി എടുക്കാൻ എനിക്ക് ഉദ്ദേശ്യമില്ല.’’

അപ്പോൾ ആ പാറാവുകാരനെ ഒരു പാഠം പഠിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കോട്സ് ഗാന്ധിജിയോടു പറഞ്ഞു. എന്നാൽ ആ പാറാവുകാരനെതിരേമാത്രം കേസ് കൊടുക്കുന്നതിൽ ഗാന്ധിജിക്കു താൽപര്യമില്ലായിരുന്നു. അക്കാലത്ത് സൗത്ത് ആഫ്രിക്കയിൽ നിലനിന്നിരുന്ന വർണവിവേചനം മൂലമാണ് തനിക്കിങ്ങനെ ഒരു അനുഭവമുണ്ടായതെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ത·ൂലം വർണവിവേചനത്തിനെതിരേ പോരാടണമെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം.

ഗാന്ധിജി നിയമനടപടിക്കു മുതിരുകയില്ലെന്നു കണ്ടപ്പോൾ കോട്സ് ആ പാറാവുകാരനെ ശാസിക്കുകയും ഗാന്ധിജിയോടു മാപ്പുപറയാൻ ആവശ്യപ്പെടുകയും ചെയ്തു. കോട്സും പാറാവുകാരനും സംസാരിച്ചതു ഡച്ച് ഭാഷയിലായിരുന്നതുകൊണ്ട് ഗാന്ധിജിക്ക് അവരുടെ സംഭാഷണം മനസിലായില്ല.

അവരുടെ സംഭാഷണം കഴിഞ്ഞയുടനേ പാറാവുകാരൻ ഗാന്ധിജിയുടെനേരേ തിരിഞ്ഞ് അദ്ദേഹത്തോടു മാപ്പുചോദിച്ചു. അപ്പോൾ ഗാന്ധിജിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അദ്ദേഹത്തിന്‍റെതന്നെ വാക്കുകളിൽ കുറിക്കട്ടെ: "അയാൾ മാപ്പുചോദിക്കേണ്ടതിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം, അയാൾ എന്നെ തെരുവിലേക്കു തള്ളിയിട്ടപ്പോൾത്തന്നെ ഞാൻ അയാൾക്കു മാപ്പുകൊടുത്തുകഴിഞ്ഞിരുന്നു.’’

യാതൊരു പ്രകോപനവും കൂടാതെ ഒരാളുടെ ചവിട്ടേറ്റു നിലംപതിച്ചപ്പോൾ, തന്നെ ദ്രോഹിച്ചവനോട് ആ നിമിഷംതന്നെ ക്ഷമിച്ച ഗാന്ധിജി എവിടെ? ആരെങ്കിലും അവർ അറിയാതെയാണെങ്കിൽപ്പോലും നമ്മെ വേദനിപ്പിക്കാനിടയായാൽ അയാളോടു വിദ്വേഷം വച്ചുപുലർത്തുന്ന നമ്മളെവിടെ?

മറ്റുള്ളവരുടെ തെറ്റുകൾ മറക്കുന്നവരും പൊറുക്കുന്നവരുമാണ് നമ്മളെന്നു പലപ്പോഴും നാം അവകാശപ്പെട്ടേക്കാം. എന്നാൽ മറ്റുള്ളവരുടെ തെറ്റുകൾ അവരോടു ക്ഷമിക്കുന്ന കാര്യത്തിൽ നമ്മിൽ ഭൂരിഭാഗംപേരും ഏറെ പിന്നിലാണെന്നതല്ലേ വസ്തുത? നമ്മുടെ അനുദിനജീവിതത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങൾ വിശകലനം ചെയ്താൽ മറ്റുള്ളവരോട് അവരുടെ തെറ്റുകൾ ക്ഷമിക്കുന്ന കാര്യത്തിൽ നാം അത്ര ഉദാരമനസ്കരല്ല എന്നു നമുക്കു ബോധ്യമാകും.

ആരെങ്കിലും ഒരു തെറ്റു ചെയ്താൽ അതിനു പ്രതികാരം ചെയ്യുമെന്ന വാശിയുമായി നടക്കുന്നവർ എത്രയോ അധികമാണ് നമ്മുടെയിടയിൽ. അതുപോലെതന്നെ തെറ്റു ചെയ്ത ആൾ ക്ഷമചോദിക്കാൻ തയാറായാൽപ്പോലും അയാളോട് ക്ഷമിക്കാൻ വിസമ്മതിക്കുന്നവരും നമ്മുടെയിടയിലില്ലേ?

നമ്മോടു തെറ്റു ചെയ്യുന്നവരോടു ക്ഷമിക്കുവാനുള്ള കടമ നമുക്കുണ്ട് എന്നു നമുക്കറിയാം. അതുപോലെതന്നെ നമ്മെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനും നാം കടപ്പെട്ടവരാണ് എന്ന് ദൈവപുത്രനായ യേശുവിൽനിന്ന് നാം പഠിച്ചിട്ടുമുണ്ട്. എന്നിരുന്നാലും ആരോടെങ്കിലും അവരുടെ തെറ്റുകൾ ക്ഷമിക്കേണ്ട കാര്യംവരുന്പോൾ ക്ഷമിക്കാനുള്ള നമ്മുടെ ധാർമിക കടമയൊക്കെ നാം വിസ്മരിക്കുകയല്ലേ പതിവ്?

തന്നെ ഉപദ്രവിച്ചവരോട് ഗാന്ധിജി ഒന്നും രണ്ടും തവണയല്ല ക്ഷമിച്ചത്. ഗാന്ധിജിയുടെ സുദീർഘമായ പൊതുപ്രവർത്തന ഘട്ടത്തിൽ ഒട്ടേറെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മറ്റുള്ളവരിൽനിന്ന് അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അവരെ അനുകന്പയോടെ വീക്ഷിക്കാനും അവരോടു ക്ഷമിക്കാനുമാണ് ഗാന്ധിജി പരിശ്രമിച്ചിട്ടുള്ളത്.

തന്നെ ദ്രോഹിക്കുന്നവരോട് ഗാന്ധിജിക്ക് എപ്പോഴും അനുകന്പയായിരുന്നു. കാരണം, അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല എന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. തന്നെ ചവിട്ടി തെരുവിലേക്കു തള്ളിയിട്ട പാറാവുകാരൻ അങ്ങനെ ചെയ്യാൻ കാരണം അയാളുടെ അജ്ഞതയും അയാൾ വളർന്നുവരാനിടയായ സാംസ്കാരിക പശ്ചാത്തലവുമായിരുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചു. ത·ൂലം അയാളോട് എളുപ്പം ക്ഷമിക്കാൻ ഗാന്ധിജിക്കു സാധിച്ചു.

ഗാന്ധിജി അയാളോടു ക്ഷമിച്ചതുകൊണ്ട് അയാൾ ചെയ്തതിനെക്കുറിച്ച് ഗാന്ധിജി പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നു കരുതേണ്ട. ഗാന്ധിജിയുടെ പ്രതിഷേധം അയാളോടായിരുന്നില്ല; പ്രത്യുത അയാൾ അങ്ങനെ ചെയ്യുന്നതു പ്രോത്സാഹിപ്പിച്ച രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളോടായിരുന്നു.

യേശു പഠിപ്പിച്ചതുപോലെ, തന്നെ ദ്രോഹിച്ചവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് അവരോട് ക്ഷമിക്കാൻ ഗാന്ധിജി തയാറായി. നാമും ചെയ്യേണ്ടത് ഇതുപോലെയാണ്. നമ്മെ ദ്രോഹിക്കുന്നവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് അവരോട് ക്ഷമിക്കാൻ ശ്രമിക്കുക. അതുവഴിയായി നമ്മുടെ ഹൃദയം സമാധാനംകൊണ്ടു നിറയും.
    
To send your comments, please clickhere