Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
March 1, 2021
 
 
    
 
Print this page
 

ഉള്ളിന്റെയുള്ള് തനിത്തങ്കം

ബുദ്ധക്ഷേത്രങ്ങള്‍ ഏറെയുള്ള നഗരമാണ് തായ്‌ലന്‍ഡിലെ ബാങ്കോക്ക്. ബാങ്കോക്കിലെ ഒരു ചെറിയ ക്ഷേത്രത്തില്‍ പത്തരയടി ഉയരമുള്ള ഒരു ബുദ്ധപ്രതിമയുണ്ട്. രണ്ടരടണ്‍ ഭാരമുള്ള ഈ പ്രതിമ മുഴുവന്‍ സ്വര്‍ണമാണത്രേ! സ്വര്‍ണപ്രതിമയുടെ മുഖവില മുന്നൂറ്റിമുപ്പത്തിയാറു കോടി രൂപ വരുമെന്നു കണക്കാക്കപ്പെടുന്നു.

ഈ പ്രതിമയ്ക്കു പിന്നില്‍ രസാവഹമായൊരു കഥയുണ്ട്: 1957- നു മുമ്പ് ഈ പ്രതിമ വേറൊരു ക്ഷേത്രത്തിലായിരുന്നു സ്ഥാപിച്ചിരുന്നത്. അക്കാലത്ത് ഇതു സ്വര്‍ണപ്രതിമയായിരുന്നുവെന്ന് ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. സാധാരണ മണ്ണുകൊണ്ടു പൂശപ്പെട്ടിരുന്ന ഈ പ്രതിമ വെറും മണ്ണുതന്നെയായിരുന്നുവെന്നാണ് എല്ലാവരും കരുതിയിരുന്നത്.

1957-ല്‍, ബാങ്കോക്ക് നഗരത്തിലൂടെ കടന്നുപോകുന്ന ഒരു ഹൈവേ നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈ പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്ന ബുദ്ധക്ഷേത്രം പൊളിച്ചുമാറ്റേണ്ടിവന്നു. തദവസരത്തില്‍ പ്രതിമ മറ്റൊരു ക്ഷേത്രത്തിലേക്കു മാറ്റാന്‍ അധികാരികള്‍ തീരുമാനിച്ചു.

എന്നാല്‍, പ്രതിമ മാറ്റുവാന്‍ ശ്രമിച്ച അവസരത്തില്‍ ശക്തമായി മഴപെയ്തതുമൂലം പ്രതിമ നനഞ്ഞു. മോശമാകാതിരിക്കാന്‍ വേണ്ടി ഒരു ടാര്‍പോളിന്‍കൊണ്ടു മൂടി. പ്രതിമ മാറ്റിസ്ഥാപിക്കുന്ന പരിപാടി തത്കാലം മാറ്റിവയ്ക്കുകയും ചെയ്തു.

അന്നു വൈകിട്ടു ബുദ്ധസന്യാസികളിലൊരാള്‍ പ്രതിമയുടെ സ്ഥിതി എങ്ങനെയായി എന്നറിയാന്‍ ടാര്‍പോളിന്‍ പൊക്കി നോക്കി. ആ സന്യാസി ഉപയോഗിച്ച ഫ്‌ളാഷ് ലൈറ്റ് പ്രതിമയുടെ ഒരു ഭാഗത്തുനിന്ന് എന്തോ പ്രതിഫലിപ്പിക്കുന്നതായി തോന്നി. പ്രതിമ മാറ്റുന്നതിനിടയില്‍ അതിനു സംഭവിച്ച വിള്ളലിനിടയില്‍നിന്നാണ് പ്രകാശത്തിന്റെ പ്രതിഫലനമുണ്ടായത്.

അടുത്തുചെന്നു നോക്കിയപ്പോള്‍ ആ പ്രതിമയുടെ മണ്ണിനടിയില്‍ മറ്റെന്തോ ഉള്ളതുപോലെ തോന്നി. പിന്നീട് ആശ്രമത്തില്‍ ചെന്ന് ഉളിയും കൊട്ടുവടിയുമെടുത്തുകൊണ്ടുവന്ന് ആ സന്യാസി പ്രതിമയുടെ മുകള്‍ഭാഗത്തെ മണ്ണുമാറ്റുവാന്‍ തുടങ്ങി. അഭ്ഭുതം, ആ പ്രതിമ ഒരു സ്വര്‍ണപ്രതിമയായിരുന്നു! പ്രതിമയുടെ മുകളിലുള്ള മണ്ണുമുഴുവനും ഉടച്ചുകഴിഞ്ഞപ്പോള്‍ തനി സ്വര്‍ണത്തിലുള്ള പ്രതിമ കാണായി.

ഈ സ്വര്‍ണപ്രതിമയുടെ പിന്നില്‍ ചരിത്രം ഒളിഞ്ഞു കിടപ്പുണെ്ടന്നു ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. വളരെയേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ബര്‍മ, തായ്‌ലന്‍ഡിനെ ആക്രമിച്ച അവസരത്തില്‍ തങ്ങളുടെ സ്വര്‍ണപ്രതിമ നഷ്ടപ്പെടാതിരിക്കാന്‍ ബുദ്ധസന്യാസികള്‍ ആ പ്രതിമയ്ക്കു മണ്ണുകൊണ്ട് ഒരു ആവരണം നല്‍കിയതായിരിക്കണം എന്നു ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഒരുപക്ഷേ, അന്നുണ്ടായിരുന്ന എല്ലാ ബുദ്ധസന്യാസികളും ബര്‍മയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു പോയതുകൊണ്ടായിരിക്കണം ആ പ്രതിമയുടെ രഹസ്യം പിന്‍തലമുറ അറിയാതെ പോയത്.

മണ്ണുകൊണ്ട് ആവരണം ചെയ്യപ്പെട്ട ഒരു അപൂര്‍വ സ്വര്‍ണപ്രതിമ. ഒരു പക്ഷേ, ഈ പ്രതിമയുടെ കഥ നമ്മുടെയും കഥയല്ലെന്ന് ആര്‍ക്കു പറയാനാവും?

യഥാര്‍ഥത്തില്‍, ഉള്ളിന്റെയുള്ളില്‍ തനിത്തങ്കമല്ലേ നാമെല്ലാവരും? കൊച്ചുനാളില്‍ നാമെല്ലാവരും എത്ര നിര്‍മലരും നിഷ്‌കളങ്കരുമായിരുന്നു! നമ്മുടെ നിഷ്‌കളങ്കതയും നന്മയുമൊക്കെ വഴി അന്നൊക്കെ എത്രയോ പേര്‍ക്കു നാം സ്വര്‍ഗീയാനന്ദം നല്‍കിയിട്ടുണ്ടാവണം!

എന്നാല്‍, നാം വളര്‍ന്നതോടൊപ്പം നാം അറിയാതെയും അറിഞ്ഞും എത്രയോ ആവരണങ്ങള്‍ നമുക്കുണ്ടായി! നമ്മുടെ നിഷ്‌കളങ്കതയ്ക്കും നിര്‍മലതയ്ക്കും മുകളിലായി എത്രയോ ദുര്‍ഗുണങ്ങളാല്‍ നാം ആവരണം ചെയ്യപ്പെട്ടുപോയി! ഇന്നു നാം നമ്മെത്തന്നെ പരിശോധിക്കുമ്പോള്‍ കാണുന്നതു നമ്മുടെ ഉള്ളിന്റെയുള്ളിലുള്ള തനിത്തങ്കമാണോ? ഒരു പക്ഷേ, ഒട്ടേറെ തിന്മകളാല്‍ നാം ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുകൊണ്ടു നമ്മുടെ ഉള്ളിന്റെയുള്ളില്‍ തനിത്തങ്കമുണെ്ടന്ന വസ്തുത പോലും നമുക്ക് അറിയില്ലായിരിക്കും.

സംശയം വേണ്ട, ദൈവം നമ്മെ സൃഷ്ടിച്ചപ്പോള്‍ നമ്മുടെ ഉള്ളിന്റെയുള്ളു തനിത്തങ്കമായിരുന്നു. എന്നാല്‍, നമ്മുടെ വളര്‍ച്ചയുടെ വഴിയില്‍ ഒട്ടേറെ മണ്ണും ചെളിയും നമ്മില്‍ അടിഞ്ഞുകൂടാന്‍ നാം ഇടയാക്കി.

ബുദ്ധപ്രതിമയുടെ വിള്ളലിനുള്ളില്‍ നിന്നു പ്രകാശം പ്രതിഫലിച്ചപ്പോള്‍ ആ ബുദ്ധസന്യാസി പ്രതിമയെ ആവരണം ചെയ്തിരുന്ന മണ്ണു മുഴുവനും അടര്‍ത്തിക്കളഞ്ഞു. അപ്പോഴാണു സ്വര്‍ണപ്രതിമ അതിന്റെ ശരിരൂപത്തില്‍ കാണാനിടയായത്.

ഇതുപോലെ നമ്മെ ആവരണം ചെയ്തിരിക്കുന്ന അഴുക്കും ചെളിയും നമ്മില്‍നിന്നു കഴുകിമാറ്റാന്‍ സാധിച്ചാല്‍ നമ്മിലെ തനിത്തങ്കം നമ്മില്‍നിന്നു പ്രകാശിക്കുമെന്നു തീര്‍ച്ചയാണ്.

സ്വശക്തിയാല്‍ നമ്മിലെ അഴുക്കും ചെളിയും നമുക്കു മാറ്റാന്‍ സാധിച്ചെന്നുവരില്ല. അപ്പോഴാണ് കരുണാനിധിയായ ദൈവത്തിന്റെ സഹായം നാം തേടേണ്ടത്. അവിടുത്തെ സഹായമുണെ്ടങ്കില്‍ നമ്മെ ആവരണം ചെയ്തിരിക്കുന്ന സകല അഴുക്കും ചെളിയും -ദുര്‍ഗുണങ്ങളും തിന്മകളും-നമ്മില്‍നിന്നു തുടച്ചുമാറ്റാന്‍ സാധിക്കുമെന്നു തീര്‍ച്ചയാണ്.

നാമെല്ലാവരും യഥാര്‍ഥത്തില്‍ തനിത്തങ്കം തന്നെ. എന്നാല്‍, വര്‍ഷങ്ങളായി നമ്മില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും ചെളിയും നമ്മുടെ കാന്തി മൂടിക്കളഞ്ഞു. നമുക്കു നമ്മുടെ കാന്തി വീണെ്ടടുക്കാം. നമുക്കു തനിത്തങ്കമായി വീണ്ടും പ്രകാശിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം എത്രയോ സൗഭാഗ്യപ്രദമാണെന്നു നാം അറിയും.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.