Jeevithavijayam
10/30/2020
    
മറുകരയിലേക്കു നീന്തുമ്പോള്‍
ഫ്‌ളോറന്‍സ് ചാഡ്‌വിക്. ഇരുകരകളിലും നിന്ന് ഇംഗ്ലീഷ് ചാനലിന്റെ മറുകര നീന്തിയെത്തി റിക്കാര്‍ഡ് സൃഷ്ടിച്ച അമേരിക്കന്‍ നീന്തല്‍താരം. 1950 ഓഗസ്റ്റ് എട്ടിനായിരുന്നു ഫ്രാന്‍സിന്റെ തീരത്തുനിന്ന് അവര്‍ മറുകരയ്ക്കു നീന്തിയത്. അന്നത്തെ സാഹസം പൂര്‍ത്തിയാക്കാന്‍ പതിമ്മൂന്നു മണിക്കൂര്‍ ഇരുപതുമിനിറ്റ് അവര്‍ക്കു വേണ്ടിവന്നു.

പിന്നീട് 1951 സെപ്റ്റംബര്‍ പതിനൊന്നിന് ഇംഗ്ലണ്ടിന്റെ തീരത്തുനിന്ന് ഫ്രാന്‍സിലേക്ക് അവര്‍ നീന്തി. അന്നു പതിനാറു മണിക്കൂറും പത്തൊമ്പതുമിനിറ്റും വേണ്ടിവന്നു അവര്‍ക്കു മറുകര നീന്തിയെത്താന്‍.

ഇംഗ്ലീഷ് ചാനലിന്റെ ഇരുകരകളിലുംനിന്നു മറുകര നീന്തിയെത്തിയ ആദ്യത്തെ വനിത എന്ന ബഹുമതിക്കര്‍ഹയായ ഫ്‌ളോറന്‍സ് വീണ്ടും ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിന്റെ തീരത്തുനിന്നു ഫ്രാന്‍സിലേക്കു നീന്തി. 1955 ഒക്‌ടോബര്‍ പന്ത്രണ്ടിനു പതിമ്മൂന്നുമണിക്കൂര്‍ അമ്പത്തഞ്ചു മിനിറ്റുകൊണ്ട് അവര്‍ ആ നീന്തല്‍ പൂര്‍ത്തിയാക്കി ലോകറിക്കാര്‍ഡിന്റെ ഉടമയായി.

എന്നാല്‍, ഇതിനിടയില്‍ 1952 ജൂലൈ നാലിനു അമേരിക്കയുടെ പടിഞ്ഞാറന്‍തീരത്തുള്ള കാറ്റലീന ദ്വീപില്‍നിന്നു കാലിഫോര്‍ണിയയുടെ തീരത്തേക്കു നീന്താന്‍ ഫ്‌ളോറന്‍സ് ഒരു ശ്രമം നടത്തി. അന്നവര്‍ക്കു മുപ്പത്തിനാലു വയസ് പ്രായം. വലിയ പ്രതീക്ഷയോടെയായിരുന്നു അവര്‍ അന്നു നീന്താന്‍ ഇറങ്ങിയത്. തുടക്കം ഗംഭീരമായിരുന്നു. പക്ഷേ, കുറെക്കഴിഞ്ഞപ്പോള്‍ വമ്പന്‍സ്രാവുകള്‍ അവരെ വട്ടമിടാന്‍ തുടങ്ങി. ഫ്‌ളോറന്‍സിനെ അനുഗമിച്ചിരുന്ന ബോട്ടുകളിലുള്ളവര്‍ വെടിവച്ച് അവയെ നിരന്തരം ഓടിച്ചിരുന്നതുകൊണ്ടു സ്രാവുകളില്‍നിന്നു ഫ്‌ളോറന്‍സ് രക്ഷപ്പെട്ടു.

എങ്കിലും ഫ്‌ളോറന്‍സിന്റെ നീന്തല്‍ അത്ര സുഗമമായിട്ടല്ല മുന്നോട്ടുപോയത്. മൂടല്‍മഞ്ഞിന്റെ ശല്യം നീന്തലിനെ ഏറെ ദോഷകരമായി ബാധിച്ചു. ഫ്‌ളോറന്‍സിനെ അനുഗമിച്ചിരുന്ന ബോട്ടില്‍നിന്നുകൊണ്ട് അവരുടെ അമ്മയും പരിശീലകനും നിരന്തരമായി പ്രോത്സാഹിപ്പിച്ചതുകൊണ്ട് ഏറെദൂരം ഫ്‌ളോറന്‍സ് മുന്നോട്ടുപോയി.

കാലിഫോര്‍ണിയയുടെ തീരത്തെത്താന്‍ അധികദൂരം പിന്നെ ബാക്കിയില്ലായിരുന്നു. അക്കാര്യം ഫ്‌ളോറന്‍സിന്റെ അമ്മയും പരിശീലകനും ഫ്‌ളോറന്‍സിനെ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷേ, കനത്ത മൂടല്‍മഞ്ഞുകാരണം, അധികദൂരത്തിലല്ലാതിരുന്നിട്ടും കര കാണാന്‍ ഫ്‌ളോറന്‍സിനു കഴിഞ്ഞില്ല. ഇതിനകം പതിനാറുമണിക്കൂറോളം തുടര്‍ച്ചയായി നീന്തിയ അവര്‍ ആകെ ക്ഷീണിച്ചവശയായിരുന്നു. അവര്‍ സുല്ലിടാന്‍ തീരുമാനിച്ചു. തന്നെ വെള്ളത്തില്‍നിന്നു പൊക്കിയെടുക്കാന്‍ ഫ്‌ളോറന്‍സ് ആവശ്യപ്പെട്ടപ്പോള്‍ അമ്മയും പരിശീലകനും പറഞ്ഞു അല്പംകൂടി നീന്തിയാല്‍ കരയിലെത്തുമെന്ന്. പക്ഷേ, ഒരിഞ്ചുപോലും തനിക്കു മുന്നോട്ടുപോകാന്‍ വയ്യ എന്നു പറഞ്ഞ് ഫ്‌ളോറന്‍സ് നീന്തല്‍ അവസാനിപ്പിച്ചു.

അവര്‍ നീന്തല്‍ അവസാനിപ്പിക്കുമ്പോള്‍ വെറും അരമൈല്‍ദൂരംകൂടി മാത്രമേ കരയിലെത്താന്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇക്കാര്യം പിന്നീട് മനസിലാക്കാനിടയായ ഫ്‌ളോറന്‍സ് ഒരു റിപ്പോര്‍ട്ടറോടു പറഞ്ഞു: ''നോക്കൂ, ഞാന്‍ ഒഴികഴിവു പറയുകയല്ല. നീന്തിവന്ന അവസരത്തില്‍ അകലെ കര കാണാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കുമായിരുന്നു.''


പതിനാറു മണിക്കൂര്‍ തുടര്‍ച്ചയായി നീന്തിയ ഫ്‌ളോറന്‍സ് ക്ഷീണിച്ചവശയായിരുന്നു. അതുപോലെ വെള്ളത്തിന്റെ തണുപ്പും അവരെ ദോഷകരമായി ബാധിച്ചിരുന്നു. എങ്കിലും ക്ഷീണവും വെള്ളത്തിന്റെ കഠിനമായ തണുപ്പുമൊന്നുമല്ല അവരെ തോല്‍പ്പിച്ചത്.

മൂടല്‍മഞ്ഞുകാരണം തന്റെ ലക്ഷ്യമായ കര കാണാന്‍ സാധിക്കാതെ പോയതായിരുന്നു ഫ്‌ളോറന്‍സിന്റെ പരാജയത്തിന്റെ കാരണം.

ഇതു മനസിലാക്കിയ ഫ്‌ളോറന്‍സ് രണ്ടു മാസത്തിനുശേഷം വീണ്ടും കാറ്റലീന ദ്വീപില്‍നിന്നു കാലിഫോര്‍ണിയയുടെ തീരത്തേക്കു നീന്തി. ഇത്തവണയും കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു.

പക്ഷേ, ഇത്തവണ ഫ്‌ളോറന്‍സ് പരാജയപ്പെട്ടില്ല. നീന്തലിനിടയില്‍ കനത്ത മൂടല്‍മഞ്ഞിനെ അഭിമുഖീകരിച്ചപ്പോഴും ആ മൂടല്‍മഞ്ഞിന്റെ പിന്നിലുള്ള കര അവര്‍ മനസില്‍ കണ്ടു. ആ കരയിലെത്താന്‍ ദൃഢനിശ്ചയത്തോടെ അവര്‍ നീന്തി. അതിന്റെ ഫലമോ? പുരുഷന്മാരുടെ റിക്കാര്‍ഡിനെക്കാള്‍ രണ്ടു മണിക്കൂര്‍ കുറഞ്ഞ സമയംകൊണ്ട് ഫ്‌ളോറന്‍സ് അന്നു കാലിഫോര്‍ണിയ തീരത്തു നീന്തിയെത്തി ചരിത്രം സൃഷ്ടിച്ചു.

ജീവിതത്തില്‍ എന്തെങ്കിലും നല്ല ലക്ഷ്യമില്ലാത്തവരായി അധികമാരും കാണില്ല. എങ്കിലും, ലക്ഷ്യപ്രാപ്തിയെക്കുറിച്ചു ഗൗരവപൂര്‍വം ചിന്തിക്കുകയും അതിനായി ആത്മാര്‍ഥമായി ശ്രമിക്കുകയും ചെയ്യുന്നവര്‍ ഏറെയുണ്ടാവില്ല.നമ്മുടെ ലക്ഷ്യം കൃത്യമായി മുന്നില്‍ കാണാന്‍ സാധിച്ചാല്‍ അതു നേടുന്നകാര്യം താരതമ്യേന എളുപ്പമാകാനാണു സാധ്യത. ലക്ഷ്യം വ്യക്തമായി കണ്‍മുന്നില്‍ കാണുക അത്ര എളുപ്പമല്ല. എന്നാല്‍, നമ്മുടെ മനസില്‍ ലക്ഷ്യവും അതിന്റെ പൂര്‍ത്തീകരണവും കാണാന്‍ സാധിക്കുമെന്നതില്‍ സംശയംവേണ്ട. എങ്കില്‍ എത്ര പ്രതിബന്ധങ്ങളുണ്ടായാല്‍പ്പോലും അവയെ മറികടന്നു വിജയത്തിലെത്താന്‍ നമുക്കു സാധിക്കും.

ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യബോധം ഉണ്ടായാല്‍ ലക്ഷ്യപ്രാപ്തിക്കായി നാം സ്വാഭാവികമായും കഠിനാധ്വാനംചെയ്യും. ലക്ഷ്യപ്രാപ്തിയെ തുരങ്കംവയ്ക്കുന്ന പ്രതിബന്ധങ്ങളുണ്ടാകുമ്പോഴും നാം പതറിപ്പോവുകയില്ല. ഇംഗ്ലീഷ്ചാനലും കാറ്റലീന ദ്വീപില്‍നിന്നു കാലിഫോര്‍ണിയ തീരംവരെയുള്ള കടലും നീന്തിയ ഫ്‌ളോറന്‍സിന്റെ വിജയകഥ ഈ യാഥാര്‍ഥ്യമാണു നമ്മെ അനുസ്മരിപ്പിക്കുന്നത്.

ജീവിതസമുദ്രത്തില്‍ നീന്തി മറുകരയെത്താന്‍ നാം വെമ്പുമ്പോള്‍ സ്രാവുകള്‍ നമ്മെ വട്ടമിട്ടേക്കാം, മൂടല്‍മഞ്ഞു നമുക്കു തടസം നിന്നേക്കാം. എന്നാല്‍, ദൃഢനിശ്ചയത്തോടെ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് നാം നീന്തി മുന്നോട്ടുപോകുന്നതെങ്കില്‍ വിജയം നമ്മുടേതുതന്നെയായിരിക്കും. കാരണം, അപ്പോള്‍ ദൈവത്തിന്റെ അനുഗ്രഹവും നമ്മുടെ കൂട്ടിനുണ്ടായിരിക്കും.
    
To send your comments, please clickhere