Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
July 5, 2020
 
 
    
 
Print this page
 

ഹൃദയത്തിന്റെ ഒരു തീരാരോഗം

എത്ര മഴ പെയ്താലും ഭൂമിയുടെ ദാഹം തീരുമോ? എത്ര എണ്ണ ഒഴിച്ചാലും, ആളിക്കത്തുന്ന തീയുടെ ആര്‍ത്തി ശമിക്കുമോ? എത്ര സമ്പത്തു കൂടിയാലും ദ്രവ്യാഗ്രഹികളുടെ പണക്കൊതിക്ക് അന്ത്യമുണ്ടാകുമോ?

മെക്‌സിക്കോ കീഴടക്കിയ സ്പാനിഷ് ജനറലായിരുന്നു ഹെര്‍നാന്‍ഡോ കോര്‍ട്ടെസ് (1485-1547). തെക്കേ അമേരിക്കയില്‍ സ്വര്‍ണം തേടിപ്പോയ ഈ 'കൊണ്‍ക്വിസ്റ്റാഡോര്‍' മെക്‌സിക്കോയിലെത്തിയപ്പോള്‍, അദ്ദേഹത്തിന്റെ സൈന്യസന്നാഹം കണ്ട് തദ്ദേശവാസികള്‍ ഭയപ്പെട്ടു. അവരുടെ നേതാക്കള്‍ സംഘം ചേര്‍ന്ന് കോര്‍ട്ടെസിനെ കണ്ട് അദ്ദേഹത്തിന്റെ ആഗമനലക്ഷ്യം അന്വേഷിച്ചു. തങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി അദ്ദേഹത്തിന് എന്തുവേണമെങ്കിലും കൊടുക്കാമെന്നും അവര്‍ അറിയിച്ചു.

അപ്പോള്‍ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു: ''സ്പാനിഷ്‌കാരായ ഞങ്ങളുടെ ഹൃദയത്തില്‍ ഒരു രോഗമുണ്ട്. ആ രോഗം സുഖപ്പെടുത്താന്‍ സ്വര്‍ണത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ല. നിങ്ങള്‍ക്കാണെങ്കില്‍ ഇഷ്ടംപോലെ സ്വര്‍ണമുണ്ടല്ലോ. അതില്‍ കുറെ ഞങ്ങള്‍ക്കു വേണം.'' കോര്‍ട്ടെസ് ആവശ്യപ്പെട്ടതുപോലെ മെക്‌സിക്കോയിലെ ഭരണാധികാരികള്‍ അദ്ദേഹത്തിന് ധാരാളം സ്വര്‍ണം കൊടുത്തു. പക്ഷെ, അതുകൊണ്ടും മതിവരാതെ മെക്‌സിക്കോയിലെ മൊണ്‍ടിസുമയെ (1466-1520) കോര്‍ട്ടെസ് തടങ്കലിലാക്കി കൂടുതല്‍ സ്വര്‍ണം ചോദിച്ചു. ചക്രവര്‍ത്തി വീണ്ടും കോര്‍ട്ടെസിനു സ്വര്‍ണം നല്‍കി.

എന്നാല്‍, അതുകൊണ്ടും തൃപ്തിവരാതെ ചക്രവര്‍ത്തിയുടെ കൊട്ടാരം കോര്‍ട്ടെസ് കൊള്ള ചെയ്തു. എതിര്‍ത്തുനിന്നവരെയെല്ലാം നിഷ്‌കരുണം തോക്കിനിരയാക്കി. സ്പാനിഷുകാരുടെ ഹൃദയത്തിലെ രോഗമായിരുന്ന ദ്രവ്യാഗ്രഹം ശമിപ്പിക്കുവാന്‍വേണ്ടി ലക്ഷക്കണക്കിന് ആളുകളെയാണ് അന്നു കൊലചെയ്തത്.

കോര്‍ട്ടെസ് പറഞ്ഞത് വളരെ ശരിയായിരുന്നു. സ്പാനിഷുകാരുടെ ഹൃദയത്തെ അന്നു ശരിക്കും ബാധിച്ചിരുന്ന രോഗമായിരുന്നു സ്വര്‍ണത്തോടുള്ള ആസക്തി. അവരുടെ ആസക്തി മിന്നുന്ന പൊന്നിനോടുള്ള ആസക്തിയായിരുന്നില്ല; അതു സമ്പത്തിനോടുള്ള ആസക്തിയായിരുന്നു. ആ ആസക്തിമൂലമാണ് അവര്‍ തെക്കേഅേമരിക്കയില്‍ ലക്ഷണക്കിന് ആളുകളെ കൊലചെയ്തത്. ദ്രവ്യാഗ്രഹത്തിന്റെ കാര്യത്തില്‍ സ്പാനിഷുകാരെ മാത്രം നാം കുറ്റംപറയേണ്ട. ലോകത്ത് എല്ലായിടത്തുംതന്നെ ഈ രോഗം വളരെ സാധാരണമാണ് എന്നതാണ് വസ്തുത. നമ്മുടെ ഇടയിലും ഈ രോഗം അത്ര വ്യാപകമല്ലെന്നു പറയാമോ?

പണം സമ്പാദനം മാത്രം ലക്ഷ്യംവച്ചു ജീവിക്കുന്നവര്‍ എത്രയോ അധികമാണ് നമ്മുടെയിടയില്‍. മറ്റുള്ളവരെ കൊള്ളയടിച്ചും കൊലചെയ്തും സമ്പത്ത് സമാഹരിക്കുവാന്‍ ശ്രമിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയല്ലേ? കൈക്കൂലി വാങ്ങിയും അഴിമതി നടത്തിയും പണം സ്വരൂക്കൂട്ടുന്നവര്‍ എത്രയോ അധികമാണ് നമ്മുടെ നാട്ടില്‍! പണത്തിന്റെ കാര്യം വരുമ്പോള്‍ കുടുംബ ബന്ധങ്ങളും സ്‌നേഹബന്ധങ്ങളും ഒക്കെ എത്രയോ കുറച്ചുപേര്‍ മാത്രം കണക്കിലെടുക്കുന്നു! നമ്മുടെ നാട്ടില്‍ സഹോദരങ്ങള്‍ തമ്മിലും സ്‌നേഹിതര്‍ തമ്മിലുമൊക്കെ വാക്കേറ്റവും കൈയേറ്റവും ഒക്കെ നടക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം പണമല്ലേ?

നമ്മുടെ കൈവശം ധാരാളം പണമുണ്ടെന്നിരിക്കട്ടെ. എന്നാല്‍, ആ പണം നമ്മുടെ ബന്ധുക്കളെയും സ്‌നേഹിതരെയുമൊക്കെ സഹായിക്കുവാന്‍ നമ്മില്‍ എത്ര പേര്‍ വിനിയോഗിക്കും? സാധിക്കുമെങ്കില്‍ അവര്‍ക്ക് കൊള്ളപ്പലിശയ്ക്ക് പണം കടംകൊടുത്ത് അവര്‍ക്ക് അവശേഷിച്ചിരിക്കുന്ന തുച്ഛമായ സമ്പത്തുകൂടി പിടിച്ചെടുക്കാനല്ലേ നാം ശ്രമിക്കുക?

പണത്തിന്റെ കാര്യം വരുമ്പോള്‍ കുടുംബബന്ധങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും ഒന്നും നാം പ്രാധാന്യം നല്‍കില്ല. അപ്പോള്‍ എല്ലാം നാം ബിസിനസ് ആംഗിളില്‍ മാത്രം നോക്കിക്കാണും. അങ്ങനെ ചെയ്യുന്നതില്‍ നമുക്ക് അല്പംപോലും മ:നസാക്ഷിക്കടി തോന്നുകയുമില്ല. കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍ നമ്മുടെ ഹൃദയത്തെയും ദ്രവ്യാഗ്രഹം എന്ന രോഗം കീഴ്‌പ്പെടുത്തിയിരിക്കുകയാണ് എന്നതില്‍ സംശയംവേണ്ട.

വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗ്രീക്ക് ഭിഷഗ്വരനായിരുന്നു ഹിപ്പോക്രേറ്റസ് (460-337 ബി.സി). അദ്ദേഹത്തിന്റെ സമകാലികനായിരുന്നു പച്ചമരുന്നു ചികിത്സയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ക്രാറ്റീവ എന്ന വൈദ്യന്‍.

ഒരിക്കല്‍ ഹിപ്പോക്രേറ്റസ് ക്രാറ്റീവയ്ക്ക് ഇങ്ങനെയെഴുതി: ''നിങ്ങള്‍ പച്ചമരുന്നുകള്‍ പറിക്കുമ്പോള്‍ ദ്രവ്യാഗ്രഹമാകുന്ന കളയും പറിച്ചു ദൂരെയെറിയണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ ചികിത്സിക്കുന്നവരുടെ ശരീരത്തിന് മാത്രമല്ല മനസിനും നല്ല സുഖം കിട്ടും.'' ദ്രവ്യാഗ്രഹം മനുഷ്യമനസിനെ എങ്ങനെ നശിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ഹിപ്പോക്രേറ്റസ് ശരിക്കും ബോധവാനായിരുന്നു. തന്മൂലമാണ് ദ്രവ്യാഗ്രഹത്തെ മനസില്‍നിന്നും ഉന്മൂലനംചെയ്യുവാന്‍ ശ്രമിക്കണമെന്ന് ക്രാറ്റീവയെ അദ്ദേഹം അനുസ്മരിപ്പിച്ചത്.

അനുദിനാവശ്യങ്ങള്‍ക്ക് തീര്‍ച്ചയായും നമുക്ക് പണം വേണം. പണംകൂടാതെ ജീവിതത്തിലെ പല അത്യാവശ്യകാര്യങ്ങള്‍ പോലും നടക്കില്ല. എന്നുവച്ച്, പണമുണ്ടെങ്കില്‍ എല്ലാം സുഭദ്രം എന്നുകരുതുന്നത് എത്രവലിയ മൗഢ്യമാണ്.

ഒട്ടേറെ പണമുണ്ടാക്കിയ അമേരിക്കന്‍ ധനാഢ്യനായിരുന്ന ഡബ്ല്യു.എച്ച്. വാന്‍ഡര്‍ബില്‍റ്റ് ഒരിക്കല്‍ എഴുതി: ''ഇരുന്നൂറ് ദശലക്ഷം ഡോളറാണ് എന്റെ പേരില്‍ ഉള്ളത്. ഇത്രയും പണംകൊണ്ട് എനിക്ക് പ്രത്യേകിച്ച് എന്തുനേട്ടമാണ് ഉള്ളത്? സന്തോഷമല്ല, അസമാധാനം മാത്രം!''

സ്വന്തംകാര്യത്തിനുവേണ്ടി പണം സമ്പാദിക്കുന്നവര്‍ക്ക് സന്തോഷമുണ്ടോ, സമാധാനമുണ്ടോ! തങ്ങള്‍ സമ്പാദിച്ച പണം എങ്ങനെ നഷ്ടപ്പെടുത്താതെ സൂക്ഷിച്ചുവയ്ക്കാനാകും എന്നായിരിക്കുകയില്ലേ അവരുടെചിന്ത എപ്പോഴും? അവര്‍ ഒരു രാത്രിയിലെങ്കിലും സമാധാനത്തോടെ ഉറങ്ങിയാല്‍ അതൊരു അദ്ഭുതമായിരിക്കും.

സമ്പത്തുവഴി സമാധാനവും സന്തോഷവും ഉണ്ടാകില്ല എന്നു നമുക്കറിയാം. എങ്കിലും പണത്തിന്റെ മാസ്മരികശക്തിയെ എതിര്‍ത്തുനില്ക്കുക അത്ര എളുപ്പമല്ലാത്തതിനാല്‍ ഒട്ടേറെപ്പേര്‍ പണത്തിന്റെ അടിമകളായി മാറുന്നു.

നാം ദ്രവ്യാഗ്രഹത്തിന് അടിമകളാണെങ്കില്‍ അതില്‍നിന്ന് അതിവേഗം മോചിതരാകാന്‍ ശ്രമിക്കാം. നാം പണം സമ്പാദിക്കുന്നത് അതിന്റെ അടിമയായി മാറാനല്ല, പ്രത്യുത അതുവഴിയായി നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം മെച്ചപ്പെടുത്താനായിരിക്കണം. ഇക്കാര്യം എന്നും നമ്മുടെ ഓര്‍മയിലിരിക്കട്ടെ.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.