Jeevithavijayam
4/6/2020
    
സഹനത്തിലൂടെ രക്ഷ
കൊറിയന്‍ യുദ്ധകാലം. ഹായ്‌ഫോംഗിലെ മിഷന്‍ സ്റ്റേഷനില്‍നിന്ന് ഡോ. തോമസ് ഡൂളിക്ക് ഒരു അടിയന്തര സന്ദേശം ലഭിച്ചു: ''വേഗം എത്തുക. ഒരു വൈദികന്‍ അത്യാസന്നനിലയില്‍ കഴിയുന്നു.''

അധികം അകലെയല്ലായിരുന്നു ഡോ. ഡൂളിയുടെ ക്യാമ്പ്. അതുകൊണ്ട് അല്പംപോലും താമസിയാതെ അദ്ദേഹത്തിന് വൈദികന്റെ സമീപമെത്തിച്ചേരാന്‍ സാധിച്ചു.

പക്ഷേ വൈദികനെ കണ്ടപ്പോള്‍ ഡോക്ടര്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അബോധാവസ്ഥയില്‍ ഞരങ്ങുകയും മൂളുകയും ചെയ്തിരുന്ന ആ വൈദികന്റെ തല പല മുറിവുകളില്‍നിന്നുള്ള പഴുപ്പുകൊണ്ടു നിറഞ്ഞിരിക്കുകയായിരുന്നു.

ഡോ. ഡൂളി ശ്രദ്ധാപൂര്‍വം വൈദികന്റെ തലയിലെ മുറിവുകള്‍ കഴുകി. അപ്പോള്‍ ആണികള്‍ തറച്ചതുമൂലമുണ്ടായ എട്ടുമുറിവുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

സംഭവിച്ചതെന്താണെന്നറിയാന്‍ അദ്ദേഹം കാര്യം തിരക്കി. അപ്പോള്‍ അദ്ദേഹം കേട്ട കഥ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. കൊറിയയിലെ കമ്യൂണിസ്റ്റ് അനുഭാവികളും എതിരാളികളും തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ആ വൈദികന്‍ കമ്യൂണിസ്റ്റ് അധീനതയിലുള്ള ഒരു ഗ്രാമത്തില്‍ ജോലി ചെയ്യുകയായിരുന്നു. മാനസാന്തരവേലയ്ക്കുവേണ്ടി എത്തിയിരുന്ന ആ വൈദികനെ കമ്യൂണിസത്തിലേക്കു മാനസാന്തരപ്പെടുത്തുവാന്‍ സാധിക്കുമോ എന്നു കമ്യൂണിസ്റ്റ് പട്ടാളക്കാര്‍ ശ്രമിച്ചുനോക്കി. പക്ഷേ തന്റെ വിശ്വാസം ത്യജിക്കുവാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.

അപ്പോള്‍ അവര്‍ക്കു കലികയറി. അവരിലൊരാള്‍ കുറെ ആണികളെടുത്ത് അദ്ദേഹത്തിന്റെ തലയില്‍ അടിച്ചുകയറ്റി. അയാള്‍ അങ്ങനെ ചെയ്തത് എന്തിനായിരുന്നെന്നോ? ദൈവപുത്രനായ യേശുവിനെ കുരിശിലേറ്റുന്നതിനുമുമ്പ് പട്ടാളക്കാര്‍ അവിടുത്തെ തലയില്‍ മുളളുകള്‍കൊണ്ടുള്ള കിരീടം വച്ചിരുന്നല്ലോ. അതിനെ അനുകരിക്കുന്ന നടപടിയായിരുന്നു അയാളുടേത്.

പക്ഷേ ആ വൈദികനെ കുരിശിലേറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനുമുമ്പ് അദ്ദേഹം രക്ഷപ്പെട്ടു ഹായ്‌ഫോംഗിലെത്തുകയാണുണ്ടായത്.

ഡോ. ഡൂളിയുടെ സംരക്ഷണയില്‍ ആ വൈദികന്‍ സാവധാനം സുഖം പ്രാപിച്ചുവന്നു. പക്ഷേ ഒരു പ്രഭാതത്തില്‍ അദ്ദേഹം അവിടുന്ന് അപ്രത്യക്ഷനായി. ഒരു കത്ത് എഴുതിവച്ചതിനുശേഷമായിരുന്നു അദ്ദേഹം സ്ഥലംവിട്ടത്.

അദ്ദേഹം എഴുതിയ കത്തില്‍ താന്‍ വീണ്ടും തന്റെ പഴയ ജോലിസ്ഥലത്തേക്കു മടങ്ങുകയാണെന്ന് എഴുതിയിരുന്നു.

കമ്യൂണിസ്റ്റ് നിയന്ത്രണത്തിലായിരുന്ന ആ സ്ഥലത്തേക്കു മടങ്ങാന്‍ ആരാണ് അദ്ദേഹത്തിന് പ്രചോദനം നല്‍കിയത്? നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഗാഗുല്‍ത്തായിലെ കുരിശില്‍ മനുഷ്യരക്ഷയ്ക്കായി സ്വന്തം രക്തം ചിന്തിയ ദൈവപുത്രനായ യേശുവായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനശക്തി.



ദൈവപുത്രനായ യേശുവിന്റെ പീഡാസഹനവും കുരിശുമരണവുമാണ് ഡോ. ഡൂളി പറഞ്ഞ ഈ കഥയിലെ വൈദികനു വീണ്ടും സഹനത്തിന്റെ പാതയിലേക്കു ധൈര്യപൂര്‍വം കടന്നുചെല്ലാന്‍ ശക്തിനല്‍കിയത്.

യേശുവിന്റെ പീഡാസഹനവും മരണവും ഈ വൈദികനെപ്പോലെ എത്രയോ ആയിരങ്ങള്‍ക്കു സഹിക്കാനും മരിക്കാനും ശക്തി നല്‍കിയിരിക്കുന്നു! അവിടുത്തെ വിശിഷ്ടമാതൃക സഹനത്തെ ധീരമായി അഭിമുഖീകരിക്കാന്‍ എത്രയോപേര്‍ക്കു പ്രചോദനം നല്‍കിയിരിക്കുന്നു!

'വലിയയാഴ്ചയില്‍' പ്രധാനമായും യേശുവിന്റെ പീഡാസഹനവും മരണവുമാണ് ക്രൈസ്തവലോകം അനുസ്മരിക്കുക. യേശുവിന്റെ മഹത്ത്വപൂര്‍ണമായ ജറുസലം പ്രവേശനം ഓശാന ഞായറാഴ്ച അനുസ്മരിക്കപ്പെടുമ്പോഴും അവിടുത്തെ പീഡാസഹനവും മരണവും നമ്മുടെ ചിന്തയില്‍നിന്നു നമുക്കു മാറ്റിനിര്‍ത്താനാവില്ല. കാരണം തന്റെ സഹനത്തിന്റെയും മരണത്തിന്റെയും ഒരുക്കമായിട്ടുള്ള ജറുസലം പ്രവേശനമായിരുന്നു അത്.

യേശു സഹിച്ചതും മരിച്ചതും മാനവവംശത്തിന്റെ മുഴുവന്‍ രക്ഷയ്ക്കായിരുന്നു എന്ന് നമുക്കറിയാം. നമ്മുടെ പാപങ്ങളാണ് അവിടുത്തെ കുരിശിലേറ്റിയതെന്നും നമുക്കറിയാം. എന്നാല്‍ അവിടുത്തെ മാതൃകയനുസരിച്ച്, മറ്റുള്ളവരുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കും രക്ഷയ്ക്കുമായി നാമും സഹിക്കാന്‍ കടപ്പെട്ടവരാണ് എന്നു നാം ഓര്‍മിക്കാറുണേ്ടാ?

മറ്റുള്ള എത്രയോ ആളുകള്‍ ഏതെല്ലാം രീതിയില്‍ എത്രമാത്രം നമുക്കുവേണ്ടി ബുദ്ധിമുട്ടുകയും സഹിക്കുകയും ചെയ്തതുകൊണ്ടാണു നാമിന്നു കേമന്മാരായിരിക്കുന്നത്. എന്നാല്‍ നാം മറ്റുള്ളവരുടെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കുമായി എന്തുചെയ്യുന്നു എന്ന് ആത്മപരിശോധന ചെയ്യുന്നതു നന്നായിരിക്കും.

നാം മുകളില്‍ കണ്ട വൈദികനെപ്പോലെ യേശുവിന്റെ മാതൃക സ്വീകരിച്ചു മറ്റുള്ളവര്‍ക്കുവേണ്ടി സഹിക്കുകയും ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒട്ടേറെ നല്ലയാളുകള്‍ നമ്മുടെ ലോകത്തിലുണ്ട്. അവരുടെയൊക്കെ നന്മയില്‍ നാമും ഓരോ രീതിയില്‍ പങ്കാളികളാണ്. എന്നാല്‍ അങ്ങനെയുള്ളവരുടെ ഗണത്തില്‍ എണ്ണപ്പെടുവാനുള്ള യോഗ്യത നമുക്കുണേ്ടാ എന്നാണ് നാം അന്വേഷിക്കേണ്ടത്.

സ്വന്തം നന്മയ്ക്കുവേണ്ടി കഷ്ടപ്പെടുകയും സഹിക്കുകയും ചെയ്യുക എന്നതുതന്നെ നമ്മെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോള്‍പ്പിന്നെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സഹിക്കുക എന്നു പറയുന്നത് ആര്‍ക്കും അത്ര സ്വീകാര്യമല്ലായിരിക്കും.

എന്നാല്‍, യേശു കാണിച്ചുതരുന്ന മാതൃക പിന്തുടരുന്നതുവഴി മാത്രമേ നമുക്കും മറ്റുള്ളവര്‍ക്കും രക്ഷകൈവരൂ.
    
To send your comments, please clickhere