Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
September 27, 2020
 
 
    
 
Print this page
 

നമ്മുടെ കഴിവുകള്‍ അളന്നാല്‍

ഒരു മുന്‍ യുദ്ധത്തടവുകാരനാണു കേണല്‍ എഡ്വേര്‍ഡ് ഹബാര്‍ഡ് എന്ന അമേരിക്കക്കാരന്‍. പതിനേഴാം വയസില്‍ വ്യോമസേനയില്‍ ചേര്‍ന്ന അദ്ദേഹം അധികം താമസിയാതെ പരിശീലനം പൂര്‍ത്തിയാക്കി വിയറ്റ്‌നാമിലെ യുദ്ധമുന്നണിയിലേക്കയയ്ക്കപ്പെട്ടു.

വിയറ്റ്‌നാമിലെത്തിയ അദ്ദേഹം പറപ്പിച്ചുകൊണ്ടിരുന്ന വിമാനത്തിനു വെടിയേറ്റു. പാരഷൂട്ട് ഉപയോഗിച്ച് അദ്ദേഹം സുരക്ഷിതനായി നിലത്തിറങ്ങിയെങ്കിലും ചെന്നു പെട്ടത് ശത്രുക്കളുടെ കരങ്ങളിലായിരുന്നു. അവര്‍ അദ്ദേഹത്തെ തടവുകാരനാക്കി. ആറു വര്‍ഷവും ഏഴുമാസവും പന്ത്രണ്ടു ദിവസവും കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം തടവില്‍ നിന്നു മോചിതനായത്. പക്ഷേ അപ്പോഴേക്കും ആ ചെറുപ്പക്കാരനില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.

കമ്യൂണിസ്റ്റ് വിയറ്റ്‌കോംഗുകളുടെ ശാരീരികവും മാനസികവുമായ പീഡനമേറ്റ് സാധാരണഗതിയില്‍ അദ്ദേഹം തകര്‍ന്നുപോകേണ്ടതായിരുന്നു. പക്ഷേ, ഹബാര്‍ഡിന്റെ കാര്യത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. വിയറ്റ്‌കോംഗുകള്‍ അദ്ദേഹത്തെ പീഡിപ്പിച്ചപ്പോള്‍ മനസു തളരാതെ അദ്ദേഹം പിടിച്ചുനിന്നു. ആര്‍ക്കെങ്കിലും തന്നെ തളര്‍ത്താനാകുമെങ്കില്‍ അതു തന്റെ ശ്രദ്ധക്കുറവുകൊണ്ട് തനിക്കു മാത്രമാണെന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ഹബാര്‍ഡ് യുദ്ധത്തടവുകാരനായപ്പോള്‍ വിയറ്റ്‌കോംഗുകളുടെ പീഡനങ്ങളെ ചെറുത്തു നില്ക്കുക മാത്രമല്ല ചെയ്തത്. അതോടൊപ്പം തന്റെ മാനസികശക്തി വര്‍ധിപ്പിക്കുന്നതിനും ദൈവം നല്‍കിയിട്ടുള്ള വിവിധങ്ങളായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നതിന് അദ്ദേഹം ശ്രമിച്ചു. അതോടൊപ്പം മനസിന്റെ പിരിമുറുക്കം ഒഴിവാക്കുന്നതിനായി സഹതടവുകാരുമായി ചില രഹസ്യമത്സരങ്ങളിലും ഏര്‍പ്പെട്ടു. ഒഴിവുസമയം കിട്ടിയപ്പോഴൊക്കെ സ്പാനിഷ് ഭാഷ പഠിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

1973-ല്‍ സ്വതന്ത്രനായ ഹബാര്‍ഡ് കോളജ് പഠനം ആരംഭിച്ചു. അടുത്ത ഏഴു വര്‍ഷം കൊണ്ട് അഞ്ചു ഡിഗ്രികള്‍ അദ്ദേഹം സമ്പാദിച്ചു എന്നു പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ച് ഏറക്കുറെ ബോധ്യമാകുമല്ലോ.

ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും ശരിയായ മാനസികാവസ്ഥകൊണ്ടു കൈകാര്യം ചെയ്യാമെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. അതുപോലെ ജീവിതലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനു നമ്മെ ഏറെ സഹായിക്കുന്നതും നമ്മുടെ മാനസികാവസ്ഥയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

എയര്‍ഫോഴ്‌സില്‍ ജോലിചെയ്തിരുന്ന അവസരത്തില്‍ നിരവധി തവണ അദ്ദേഹം തന്റെ ഈ ആശയങ്ങള്‍ പ്രായോഗികമാക്കിയിട്ടുണ്ട്. അമേരിക്കന്‍ എയര്‍ഫോഴ്‌സിലെ ഏറ്റവും വലിയ സുരക്ഷാവിഭാഗത്തിന്റെ തലവനായി പത്തു വര്‍ഷം അദ്ദേഹം സേവനം ചെയ്തു. ആ പത്തുവര്‍ഷവും തുടര്‍ച്ചയായി എയര്‍ഫോഴ്‌സിലെ ഏറ്റവും നല്ല യൂണിറ്റായി അദ്ദേഹത്തിന്റെ വിഭാഗം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ജീവിതത്തിലെ വിഭിന്നമായ ഓരോ അവസരത്തിലും അതിനുയോജിച്ച മാനസികാവസ്ഥ രൂപപ്പെടുത്തിയാല്‍ നമുക്ക് ജീവിതവിജയം സുനിശ്ചിതമാണെന്ന് വിശ്വസിക്കുന്ന ഹബാര്‍ഡ് തന്റെ ഈ ആശയങ്ങളൊക്കെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'എസ്‌കേപ് ഫ്രം ദ ബോക്‌സ് - 'ദ വണ്ടര്‍ ഓഫ് ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍' എന്ന പേരില്‍ 1994-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ധാരാളം ആളുകളുടെ ജീവിതത്തെ ക്രിയാത്മകമായി ഏറെ സ്വാധീനിച്ചിട്ടുണ്ട്.

നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെക്കുറിച്ചും അവ ശരിയായ രീതിയില്‍ വികസിപ്പിച്ചെടുത്താല്‍ അതുവഴിയായി നമുക്കുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും നാം അവബോധമുള്ളവരായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! മറ്റു പലരെയും അപേക്ഷിച്ച് ദൈവം നമുക്കു കുറച്ചു കഴിവുകള്‍ മാത്രമേ തന്നിട്ടുള്ളൂ എന്നായിരിക്കും പലപ്പോഴും നമ്മുടെ ചിന്താഗതി. എന്നാല്‍ വാസ്തവം അതാണോ?

ദൈവം നല്കിയിരിക്കുന്ന കഴിവുകളെക്കുറിച്ചു നമുക്ക് അവബോധമില്ലാതെ പോകുന്നതല്ലേ നമ്മുടെ പ്രധാന പ്രശ്‌നം? അതുപോലെ നമുക്കു ദൈവം തന്നിരിക്കുന്ന വിവിധങ്ങളായ കഴിവുകള്‍ നാം വികസിപ്പിച്ചെടുക്കാതെ പോകുന്നുവെന്നതും.

ഹബാര്‍ഡ് തടവുകാരനാക്കപ്പെട്ടപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് ദൈവം തന്നില്‍ നിക്ഷേപിച്ചിരിക്കുന്ന ശക്തി കണെ്ടത്തുകയായിരുന്നു. താന്‍ തടവിലാക്കപ്പെട്ടല്ലോ എന്നോര്‍ത്തു വിലപിച്ചിരിക്കാതെ ആ പ്രതിസന്ധിയെ ക്രിയാത്മകമായി എങ്ങനെ നേരിടാമെന്നാണ് അദ്ദേഹം ചിന്തിച്ചത്. പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടുമുള്ള മാനസികാവസ്ഥ ക്രിയാത്മകമായാല്‍ പ്രശ്‌നം പകുതി പരിഹരിക്കപ്പെട്ടു കഴിഞ്ഞു.

എന്നാല്‍, പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടുമുള്ള നമ്മുടെ സമീപനം പലപ്പോഴും അത്ര ക്രിയാത്മകമല്ല. എന്നുമാത്രല്ല, പ്രതിസന്ധികളില്‍ നാം പതറിപ്പോവുകയല്ലേ ചെയ്യുന്നത്? ഏതു പ്രശ്‌നത്തിലും പ്രതിസന്ധിയിലും നമ്മുടെ മാനസികാവസ്ഥ ശരിയായ രീതിയിലാക്കാനായാല്‍ അതുതന്നെ പ്രശ്‌നപരിഹാരത്തിന് ഏറെ സഹായിക്കും. അതോടൊപ്പം നമുക്കു ദൈവത്തിന്റെ അനന്തപരിപാലനയില്‍ വിശ്വാസവും ഉണെ്ടങ്കില്‍ ഏതു പ്രശ്‌നവും പ്രതിസന്ധിയും നമ്മെ തകര്‍ക്കുകയില്ലെന്നതില്‍ സംശയം വേണ്ട.

നാം അറിയുന്നതിലും പ്രതീക്ഷിക്കുന്നതിലുമധികം കഴിവുകള്‍ നമ്മിലുണെ്ടന്നതു നമുക്കു മറക്കാതിരിക്കാം. അതുപോലെ തന്നെ നമ്മുടെ മാനസിക കഴിവുകള്‍ വികസിപ്പിക്കുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള സാധ്യതകള്‍ ഏറെയാണെന്നതും നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ.

 


 
    
 
To send your comments, please click here
 
 


Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.